India Kerala

‘പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ല, വിദ്യാർത്ഥികൾ ഭയന്നു’; സിദ്ധാർത്ഥൻ നേരിട്ടത് ക്രൂരമായ വിചാരണ

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥനെ ക്രൂരമായി മർദിച്ചകാര്യം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർത്ഥികൾ. വിവരം പുറത്തുപറഞ്ഞാൽ തലയമുണ്ടാകില്ലെന്ന് ഒളിവിലുള്ള പ്രതി സിൻജോ ജോൺസൻ മുന്നറിയിപ്പ് നൽകിയെന്നും പൊലീസ് പറയുന്നു. ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ചാണ് സിദ്ധാർത്ഥനെ ആൾക്കൂട്ട വിചാരണ ചെയ്തത്. 130 ഓളം വിദ്യാർത്ഥികളുള്ള ഹോസ്റ്റലിലെ എല്ലാവരും നോക്കി നിന്നു. ഒരാൾ പോലും അക്രമം തടയാൻ ചെന്നില്ല, ഇത് സിദ്ധാർത്ഥനെ തളർത്തി.അടുത്ത സുഹൃത്തുക്കൾ പോലും സിദ്ധാർത്ഥനെ രക്ഷിക്കാൻ നോക്കിയില്ല. ക്രൂരമർദനത്തിന് ശേഷം മനോവിഷമത്തിലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

മൂന്ന് മണിക്കൂർ നീണ്ട പീഡനം. അതുകഴിഞ്ഞ് സിൻജോ ജോൺസൻ വിദ്യർത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരം പുറത്തുപറഞ്ഞാൽ തലയുണ്ടാകില്ലെന്നായിരുന്നു പറഞ്ഞു. ഇതാണ് ആരും സഹായത്തിന് എത്താതിരുന്നതും ആശുപത്രിയിലേക്ക് കൊണ്ടുപോവാനും ഒരുങ്ങാത്തതിനും പിന്നിൽ. അതോടെ ശാരീരികമായും മാനസികമായും അവശനായ സിദ്ധാർത്ഥൻ ജീവനൊടുക്കുകയായിരുന്നു.

അതേസമയം സിദ്ധാർത്ഥന്റെ ആത്മഹത്യയിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടാവും. പ്രതിപട്ടികയിലുൾപ്പെട്ട പതിനെട്ടു പേർക്ക് പുറമെ അഞ്ചുപേരെ കൂടി പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതിൽ രണ്ട് പേർ ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്തതായാണ് പോലീസിന്റെ സംശയം.സിദ്ധാർത്ഥിനെ മർദിക്കുന്നതിന് മുൻപ് കൃത്യമായ ഗൂഡാലോചന നടന്നെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ഫെബ്രുവരി 15 ന് വീട്ടിലേക്ക് പോയ സിദ്ധാർത്ഥിനെ വിളിച്ചു വരുത്തിയ സഹപാഠി രഹൻ ബിനോയ്‌ ഉൾപ്പെടെ ഇന്നലെ അറസ്റ്റിലായിരുന്നു. രഹനെ വിശ്വസിച്ച് ക്യാമ്പസിലേക്ക് തിരിച്ചെത്തിയ വിദ്യാർത്ഥിയെ എസ് എഫ് ഐ നേതാക്കൾ ഉൾപ്പെടെ സംഘം ചേർന്ന് മർദ്ധിക്കുകയായിരുന്നു. ക്യാമ്പസ് യൂണിയൻ നേതാക്കൾ ഉൾപ്പെടെ അറസ്റ്റിലായ കേസിൽ കൂടുതൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എബിവിപി യും, കെ എസ് യു വും ഇന്ന് സർവകലാശാലയ്ക്ക് മുന്നിൽ ഉപവാസ സമരം നടത്തും.