Kerala

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ മഴ ലഭിക്കും. ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള വടക്കന്‍ ജില്ലകളിലും കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലുമാണ് മഴമുന്നറിയിപ്പുള്ളത്.

ഈ ജില്ലകളില്‍ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കേരളത്തിന് സമീപവും തെക്കന്‍ ബംഗാള്‍ ഉള്‍കടലിലും നിലനില്‍ക്കുന്ന ചക്രവാതചുഴികളും ബംഗാള്‍ ഉള്‍കടല്‍ മുതല്‍ തമിഴ്‌നാട് വരെയുള്ള ന്യൂനമര്‍ദ്ദ പാത്തിയുമാണ് മഴ ശക്തമാകാന്‍ കാരണം. ഇതിന്റെ സ്വാധീനത്താല്‍ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ ശക്തമാകും.

നാളെയും മറ്റന്നാളും കേരളത്തില്‍ 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്ക് മസ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി.