Kerala

കാവലിന്റെ 18 വർഷങ്ങൾ; ശബരിമലയിൽ സുരക്ഷയൊരുക്കുന്ന കമാൻഡോ സംഘത്തിൽ ഇക്കുറിയും അജിത് കുമാറുണ്ട്

മണ്ഡലമകരവിളക്ക് തീർഥാടന കാലത്ത് ശബരിമലയിലും പരിസര പ്രദേശങ്ങളിലും സുരക്ഷയൊരുക്കാൻ കേരള പൊലീസിന്റെ പ്രത്യേ സായുധസംഘമായ കമാൻഡോകളെ നിയോഗിക്കാൻ തുടങ്ങിയിട്ട് പതിനെട്ട് വർഷം തികയുന്നു.2004 മുതൽ സന്നിധാനത്തെത്തുന്ന കമാൻഡോ സംഘത്തിനൊപ്പം 18 വർഷവും തുടർച്ചയായി മല കയറിയ ഉദ്യോഗസ്ഥൻ അജിത് കുമാർ ഇക്കുറിയും ഡ്യൂട്ടിയിലുണ്ട്.

ഇന്ന് ഡിസംബർ 6, സന്നിധാനത്ത് പ്രത്യേക സുരക്ഷയും ജാഗ്രതയും ക്രമീകരിക്കുന്ന ദിവസം. കേരള പൊലീസിന്റെ സിവിൽ പൊലീസ് ഓഫീസർമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ സുരക്ഷയ്ക്കായി സജ്ജരായിരിക്കുന്ന സന്നിധാനത്ത് കമാൻഡോകളുടെ സാന്നിധ്യം ശ്രദ്ധേയമാണ്.

2004 ൽ ഋഷിരാജ് സിങിന്റെ നിർദ്ദേശപ്രകാരമാണ് സായുധരായ കമാൻഡോകളെ പൊലീസിനൊപ്പം സന്നിധാനത്ത് നിയോഗിക്കുന്നത്. അന്ന് മുതൽ കമാൻഡോ സംഘത്തിനൊപ്പമെത്തുന്ന വി.ജി അജിത് കുമാർ ശബരീശ സന്നിധിയിലെ സേവനം നിയോഗമായി കാണുന്നു.

ഒരു സീസണിൽ തന്നെ അഞ്ചും ആറും തവണ സന്നിധാനത്ത് ഡ്യൂട്ടിക്കെത്തുന്ന കമാൻഡോകൾ ഉണ്ട്, പൊലീസിനും അർധസൈനിക വിഭാഗങ്ങൾക്കും പുറമെയാണ് പ്രത്യേക സുരക്ഷക്കായി കമാൻഡോകളെ നിയോഗിക്കുന്നത്. സുരക്ഷാ നിരീക്ഷണത്തിന്റെ ഭാഗമായി സന്നിധാനത്ത് 76 സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. സിസിടിവി നിരീക്ഷണത്തിനായി നാലുപേരും, ടെലി കമ്യൂണിക്കേഷനിൽ 20 പേരും പ്രവർത്തിക്കുന്നുണ്ട്. രണ്ട് ഷിഫ്റ്റുകളായി 24 മണിക്കൂറും പൊലീസ് അതീവ ജാഗ്രതയോടെയാണ് പ്രവർത്തിക്കുന്നത്.