India Kerala

തദ്ദേശ വാർഡ് പുനർ വിഭജനം: നിയമ നിർമ്മാണത്തിന് സർക്കാർ ഒരുങ്ങുന്നു

തദ്ദേശ വാർഡ് വിഭജനത്തിനായി നിയമ സഭയിൽ ബില്ല് കൊണ്ട് വരാൻ സർക്കാർ തീരുമാനിച്ചെങ്കിലും കടമ്പകൾ നിരവധി കടക്കണം. വാർഡ് വിഭജന ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പുവെക്കാത്ത സാഹചര്യത്തിലാണ് നിയമ നിർമാണത്തിന് സർക്കാർ നീക്കം. എന്നാൽ ഗവർണറുടെ നിലപാട് സർക്കാരുമായുള്ള തുറന്ന പോരിന് വഴിയൊരുക്കാനും സാധ്യതയുണ്ട്.

ഗവർണർ ഓര്‍ഡിനൻസ് തിരിച്ചയക്കാത്ത സാഹചര്യത്തിൽ സഭയിൽ ബില്ല് അവതരിപ്പിക്കുന്നതിൽ നിയമപ്രശ്നമുണ്ടോയെന്ന കാര്യം സർക്കാർ പരിശോധിച്ചിരുന്നു. ബില്ല് കൊണ്ടുവരുന്നതിൽ നിയമപരമായ തടസ്സമില്ലെന്നാണ് ഏജിയും നിയമസെക്രട്ടറിയും നൽകിയ നിയമോപദേശം. ഇതോടെ സർക്കാർ, വരുന്ന നിയമസഭാ സമ്മേളത്തിൽ തന്നെ ബില്ല് കൊണ്ടുവരും. എന്നാൽ ഗവർണർ നിലപാടു തുടര്‍ന്നാൽ പ്രശ്നം പിന്നെയും രൂക്ഷമാകും.

രണ്ടാമതും മുന്നിലെത്തുന്ന ബില്ലിൽ ഒപ്പിടണം എന്ന ചട്ടം ഇല്ലെന്ന് ഗവർണർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഭരണ സ്തംഭനം ഒഴിവാക്കാൻ ഗവർണർ സർക്കാരുകളെ സഹായിക്കണമെന്ന സുപ്രീംകോടതി ഉത്തരവുണ്ടെന്നാണ് സർക്കാറിന് ലഭിച്ച നിയമോപദേശം. ഇതേ തുടർന്ന് ഗവർണറെ രാഷ്ട്രീയമായി നേരിടാനാകും സർക്കാർ ശ്രമിക്കുക അതിന്റെ സൂചനയാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ വാക്കുകൾ.

കടമ്പകൾ കടന്ന് ബില്ലായാലും കാലതാമസം വരുന്നത് തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് വാർഡ് വിഭജനം പൂർത്തിയാക്കാനുളള സർക്കാർ ശ്രമങ്ങൾക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.