Kerala

ഇ ബുൾ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും : ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ

ഇ ബുൾ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യും. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെൻസ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാൻസ്‌പോർട് കമ്മീഷ്ണർ എഡിജിപി എംആർ അജിത് കുമാറാണ് നടപടിക്ക് നിർദേശം നൽകിയത്. (e bull jet registration cancelled)

ഇ ബുൾ ജെറ്റ് വാഹനത്തിൽ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പദ്മലാൽ ട്വന്റിഫോറിനോട് പറഞ്ഞു. തെറ്റുകൾ തിരുത്താൻ ഇ ചലാൻ വഴി സമയം കൊടുത്തിരുന്നുവെന്നും പദ്മലാൽ ട്വന്റിഫോറിനോട് പറഞ്ഞു. വാഹനത്തിന്റെ നിറം മാറ്റിയത് ഹൈക്കോടതി വിധിയുടെ ലംഘനമാണ്. ആഡംബര നികുതിയിൽ വന്ന വ്യത്യാസം ഇ ബുൾജെറ്റ് സഹോദരങ്ങളെ ബോധ്യപ്പെടുത്തിയിരുന്നു. വാഹനത്തിനു ബോഡിക്ക് പുറത്ത് തള്ളിനിൽക്കുന്ന പാർട്ട്സ് പാടില്ല എന്നാണ് നിയമം. എന്നാൽ ഈ നിയമവും ഇ-ബുൾജെറ്റ് ലംഘിച്ചിട്ടുണ്ട്. അംഗീകൃത വാഹനങ്ങളിൽ മാത്രമേ സെർച്ച് ലൈറ്റ് പാടുള്ളൂ. പക്ഷേ വാഹനത്തിൽ അതും കണ്ടെത്തിയിട്ടുണ്ടെന്ന് എംവിഐ പദ്മലാൽ ചൂണ്ടിക്കാട്ടി.

ഫോളോവേഴ്‌സ് ഉണ്ടായാലും നിയമലംഘനം അനുവദിക്കാൻ ആകില്ലെന്നും ഇ ബുൾ ജെറ്റിനെതിരെ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ആൾട്ടറേഷനുകൾ എല്ലാം മാറ്റി വന്നില്ലെങ്കിൽ ആർസി റദ്ദാക്കുന്നതടക്കം നടപടികളിലേക്ക് പോകേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.