HEAD LINES India Kerala

ഗവർണർക്ക് പുറത്തിറങ്ങാൻ പറ്റുമോ? പ്രതിഷേധക്കടലായി കാലിക്കറ്റ് സർവകലാശാല

കാലിക്കറ്റ് സർവകലാശാലയിൽ സെമിനാറിൽ പങ്കെടുക്കാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ശക്തമായ പ്രതിഷേധവുമായി എസ്എഫ്ഐ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം.എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടന്ന് അകത്ത് കയറി. ഗവർണർ ഗോ ബാക്ക് മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. പൊലീസിന്റെ കനത്ത സുരക്ഷ അവ​ഗണിച്ചാണ് നിരവധി പ്രവർത്തകർ പ്രതിഷേധ പ്രകടനവുമായി രം​ഗത്തെത്തിയത്. പ്രവർത്തകരെ പൊലീസ് തടയുന്തോറും കൂടുതൽ പ്രതിഷേധക്കാർ എത്തുന്നു.വിവിധ ഗ്രുപ്പുകളുമായി തിരിഞ്ഞാണ് പ്രതിഷേധം.

യൂണിവേഴ്സിറ്റി ​ഗസ്റ്റ് ഹൗസിലാണ് ​ഗവർണർ ഉള്ളത്. ​ഗസ്റ്റ് ഹൗസിന് തൊട്ടടുത്താണ് സെമിനാർ ഹാൾ.കറുത്ത ഷർട്ടും ടീ ഷർട്ടുമണിഞ്ഞും കറുത്ത ബലൂണുകൾ അടക്കം ഉയർത്തിയുമാണ് പ്രതിഷേധം.

‘വീ നീഡ് ചാൻസലർ, നോട്ട് സവർക്കർ’ എന്ന ബാനർ പിടിച്ചായിരുന്നു നൂറുകണക്കിന് വരുന്ന എസ്എഫ്ഐ പ്രവർത്തകർ പ്രകടനവുമായി രം​ഗത്തെത്തിയത്. പ്രകടനത്തിനിടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി അഫ്‌സലടക്കമുള്ളവർ മതിൽ ചാടിക്കടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി.

പൊലീസിന്റെ കനത്ത സുരക്ഷ മറികടന്നായിരുന്നു ഇവർ ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലെത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമിച്ചതോടെ സംഘർഷം ഉടലെടുത്തു. പൊലീസും പ്രവർത്തകരും തമ്മിൽ പിടിവലിയും ഉന്തും തള്ളുമുണ്ടായി. കരിങ്കൊടിയുമായി നേതാക്കളും പ്രവർത്തകരുമടക്കം 15ഓളം പേരാണ് ഇവിടേക്ക് ചാടിയത്.