India National

കേന്ദ്രത്തിനെതിരായ ആക്രമണത്തിന് മൂർച്ചകൂട്ടും; പ്രതിപക്ഷ കക്ഷികൾ വീണ്ടും ഒന്നിക്കുന്നു

കോവിഡ് പ്രതിരോധത്തിലടക്കം പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെതിരായ ആക്രമണത്തിന് മൂർച്ചകൂട്ടാൻ പ്രതിപക്ഷ കക്ഷികൾ വീണ്ടും ഒന്നിക്കുന്നു. വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിൽ സംഘട്ടനം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്തയോഗത്തിന് നീക്കം നടക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മഹാമാരിയെ പ്രതിരോധിക്കുന്ന കാര്യത്തിൽ സർക്കാർ അമ്പേ പരാജയപ്പെട്ടിട്ടും പ്രതിപക്ഷം ഉണർന്നുപ്രവർത്തിക്കുകയോ ശക്തമായ ഇടപെടൽ നടത്തുകയോ ചെയ്യുന്നില്ലെന്ന് പരക്കെ പരാതി ഉയരുന്നതിനിടെയാണ് പുതിയ നീക്കം. കോവിഡ് വിഷത്തിലടക്കം കേന്ദ്ര സർക്കാരിനെതിരായ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയാകും യോഗത്തിലെ മുഖ്യ അജണ്ട. യോഗ തിയതിയോ സ്ഥലമോ ഇതുവരെ അന്തിമമായിട്ടില്ല. കഴിഞ്ഞ വർഷം മെയിലാണ് അവസാനമായി പ്രതിപക്ഷ കക്ഷികളുടെ യോഗം നടന്നത്. രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങുന്ന ഘട്ടത്തിൽ നടന്ന വിർച്വൽ യോഗത്തിൽ 22 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തിരുന്നു.

കേന്ദ്ര സർക്കാരിന്റെ കോവിഡ് നയങ്ങൾക്കെതിരെ വിവിധ സംസ്ഥാനങ്ങൾ പലപ്പോഴായി വിമർശനമുന്നയിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, ജാർഖണ്ഡിന്റെ ഹേമന്ത് സോറൻ, ഒഡിഷയുടെ നവീൻ പട്‌നായിക്ക് എന്നിവർ വാക്‌സിൻ നയം യുക്തിപൂർണമാക്കുകയും സൗജന്യ വാക്‌സിൻ നടപ്പാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പിറകെ ബംഗാളും കേന്ദ്രവും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ രൂക്ഷമായിരിക്കുകയാണ്.

തമിഴ്‌നാട്ടിൽ അധികാരത്തിൽ വന്ന എംകെ സ്റ്റാലിനും ഫെഡറൽ സംവിധാനം സംരക്ഷിക്കുന്നതിനെക്കുറിച്ച് തുടക്കം മുതൽ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, ചത്തീസ്ഗഡ് സർക്കാരുകളും ജിഎസ്ടി അടക്കമുള്ള വിഷയങ്ങളിൽ ഏറ്റവുമൊടുവിൽ കേന്ദ്രത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ കക്ഷികൾ ഒന്നിക്കേണ്ട നിർണായക ഘട്ടമാണിതെന്ന് കഴിഞ്ഞ ദിവസം സിപിഐ സെക്രട്ടറി ഡി രാജയും പ്രതികരിച്ചിട്ടുണ്ട്.

അതേസമയം, ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാൾ, വൈഎസ്ആർ നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഡി, ടിആർഎസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവു, ബിജു ജനതാദൾ നേതാവും ഒഡിഷ മുഖ്യമന്ത്രിയുമായ നവീൻ പട്‌നായിക്ക് എന്നിവർ പ്രതിപക്ഷ നീക്കത്തൊടൊപ്പം നിൽക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇവരെയെല്ലാം സംഘടിപ്പിക്കാനായി നീക്കം നടക്കുന്നുണ്ടെന്നാണ് വിവരം.