Kerala

വൈകിട്ട് ബഡായി ബംഗ്ലാവ് നടത്തുന്ന മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുന്നു: ചെന്നിത്തല

സർക്കാർ പ്രവാസികളോട് കാണിക്കുന്നത് ക്രൂരതയാണെന്ന് രമേശ് ചെന്നിത്തല

പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ ഫീസ് ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ യുഡിഎഫിന്‍റെ സംസ്ഥാന വ്യാപക പ്രതിഷേധം. യുഡിഎഫ് എംപിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നിലും കളക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് ധര്‍ണ. പ്രവാസികളെ അപമാനിക്കുന്ന മുഖ്യമന്ത്രി പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സർക്കാർ പ്രവാസികളോട് കാണിക്കുന്നത് ക്രൂരതയാണ്. സർക്കാർ ധിക്കാരത്തോടെയാണ് പ്രവർത്തിക്കുന്നത്. വൈകിട്ട് ബഡായി ബംഗ്ലാവ് നടത്തുന്ന മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുകയാണ്. വിദേശത്ത് മരിച്ചവർക്ക് സർക്കാർ ഒരു സഹായവും ചെയ്തില്ല. കോവിഡിന്‍റെ മറവിൽ സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.

ബെവ് ക്യൂ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ ഉത്തരവാദിയാണ്. ഐടി സെക്രട്ടറി ശിവശങ്കരനാണ് കമ്പനിയെ തെരഞ്ഞെടുത്തത്. ഐടി സെക്രട്ടറി മുഖ്യമന്ത്രിയുടെ സെക്രട്ടറി കൂടിയാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രവാസികൾക്കായി ഒന്നും ചെയ്യാത്തവർ ഇപ്പോൾ ഫൈൻ ഏർപ്പെടുത്തിയെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. സമയത്ത് നാട്ടിലെത്തിച്ചിരുന്നെങ്കിൽ കുറച്ചു പേരെയെങ്കിലും രക്ഷിക്കാമായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പ്രവാസികളിൽ നിന്ന് ക്വാറന്റീന് പണം ഈടാക്കുന്നത് നിർത്തണമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹ്നാൻ ആവശ്യപ്പെട്ടു. തീരുമാനം പിൻവലിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.