India Kerala

സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങളില്‍ സഭയില്‍ മറുപടി പറഞ്ഞാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനം

സി.എ.ജി റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് നിയമസഭയിൽ മറുപടി പറഞ്ഞാൽ മതിയെന്നാണ് സർക്കാർ തീരുമാനം. നടപടിക്രമങ്ങൾ പാലിച്ച് സഭയിൽ എത്തുമ്പോൾ മുഖ്യമന്ത്രി തന്നെ നിലപാട് വിശദീകരിക്കാനാണ് ആലോചന. പൊലീസിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് അവർ തന്നെ മറുപടി നൽകട്ടെയെന്നാണ് സർക്കാർ നിലപാട്.

സിഎജി റിപ്പോർട്ടിൻ്റെ പേരിൽ പൊലീസും സർക്കാരും കേൾക്കുന്ന പഴി ചെറുതല്ല. എന്നാൽ നിയമസഭയിൽ വയ്ക്കും മുൻപ് വിശദാംശങ്ങൾ പുറത്ത് വന്നതടക്കം പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന കണക്ക് കൂട്ടലാണ് സർക്കാരിനുള്ളത്. മാത്രമല്ല 2013 -മുതൽ 18 വരെയുള്ള റിപ്പോർട്ട് ആയത് കൊണ്ട് യു.ഡി എഫ് കാലത്തെ ക്രമക്കേടുകളും സി.എ.ജി റിപ്പോർട്ടിലുണ്ട്. ഇത് മറച്ച് വെയ്ക്കാൻ വേണ്ടിയാണ് സർക്കാരിനെതിരെ ഓരോ ദിവസവും പുതിയ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് സർക്കാർ കണക്ക് കൂട്ടൽ.

പ്രതിഷേധം ശക്തമാകുന്നുണ്ടെങ്കിലും അടുത്ത മാസം ആദ്യം നിയമസഭ സമ്മേളനം ചേരുമ്പോൾ മറുപടി നൽകിയാൽ മതിയെന്ന ധാരണയാണ് സർക്കാർ തലത്തിലുള്ളത്. അടുത്ത മാസം ആദ്യം സമ്മേളനം തുടങ്ങുമ്പോൾ തന്നെ സർക്കാർ വിശദീകരണം സഭയെ അറിയിക്കാനാണ് നീക്കം. ട്രാഫിക് നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊലീസിതെനിരെ പ്രതിപക്ഷം ഇന്നലെയും ചില ആരോപണങ്ങൾ ഉന്നയിച്ചിരിന്നു. ഇതടക്കം സേനക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്ക് അവർ തന്നെ വിശദീകരണം നൽകട്ടെയെന്നാണ് സർക്കാർ നിലപാട്.