India Kerala

വി.എസ് ശിവകുമാറിനെതിരായ വിജിലന്‍സ് കേസില്‍ മൊഴിയെടുക്കുന്നത് അടുത്തയാഴ്ച

മുന്‍ മുന്ത്രി വി.എസ് ശിവകുമാറിനെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസില്‍ മൊഴിയെടുപ്പ് അടുത്ത ആഴ്ച നടക്കും. മൊഴിയെടുക്കുന്നതിനായി ഈ ആഴ്ച തന്നെ വി.എസ് ശിവകുമാറിന് നോട്ടീസ് നല്‍കാനാണ് വിജിലന്‍സ് സ്പെഷ്യല്‍ സെല്ലിന്‍റെ തീരുമാനം. ഇന്നലെയാണ് വി.എസ് ശിവകുമാറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

അഴിമതി നിരോധന നിയമ പ്രകാരമാണ് വി.എസ് ശിവകുമാറിനെതിരെ വിജിലന്‍സ് കേസെടുത്തിരിക്കുന്നത്. വി.എസ് ശിവകുമാര്‍, ശാന്തിവിള രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍.എസ് ഹരികുമാര്‍ എന്നിവരാണ് കേസിലെ പ്രതികള്‍. എഫ്ഐആര്‍ ദ്രുതഗതിയില്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ മൊഴിയെടുപ്പ് ഉള്‍പ്പെടെയുള്ള മറ്റ് നടപടികളും വിജിലന്‍സ് സംഘം വേഗത്തിലാക്കും. മൊഴിയെടുക്കാന്‍ വേണ്ടി ഈ ആഴ്ച തന്നെ പ്രതികള്‍ക്ക് നോട്ടീസ് നല്‍കാനാണ് വിജിലന്‍സ് സ്പെഷ്യല്‍ സെല്ലിന്‍റെ തീരുമാനം.

ഈ ആഴ്ച നോട്ടീസ് നല്‍കുകയും അടുത്ത ആഴ്ച മൊഴിയെടുക്കുകയും ചെയ്യും. വി.എസ് ശിവകുമാര്‍ ബിനാമി പേരില്‍ സ്വത്തുക്കള്‍ സമ്പാദിച്ചുവെന്നതാണ് വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടത്തല്‍. മന്ത്രിയായിരിക്കെ സ്വത്തു സമ്പാദനത്തിനായി പദവി ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് വിജിലന്‍സ് അന്വേഷിക്കും. ആരോഗ്യ മേഖലയില്‍ വിവിധ കാര്യങ്ങള്‍ക്കായി പുറത്തുനിന്നും സാധനങ്ങള്‍ ഇറക്കിയിട്ടുണ്ടെന്നാണ് നേരത്തെ പരാതിക്കാരന്‍ ചൂണ്ടിക്കാണിച്ചിരുന്നത്.

അത്തരത്തിലുള്ള കണ്ടെത്തല്‍ ഉണ്ടെങ്കില്‍ മറ്റ് വകുപ്പുകള്‍ കൂടി ചുമത്തും. തിരുവനന്തപുരം സ്പെഷ്യല്‍ സെല്ലാണ് ഈ കേസ് അന്വേഷിക്കുന്നത്. നേരത്തെ പാലാരിവട്ടം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ മൊഴിയും സ്പെഷ്യല്‍ സെല്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ പിന്നാലെയാണ് വി എസ് ശിവകുമാറിനെതിരെ കൂടി അഴിമതി കേസ് ഉണ്ടായിരിക്കുന്നത്.