India National

കര്‍ണാടകയില്‍ വീണ്ടും രാഷ്ട്രീയനാടകം: മൂന്ന് എം.എല്‍.എമാരെ ബി.ജെ.പി ഒളിവില്‍ താമസിപ്പിച്ചതായി കോണ്‍ഗ്രസ്

കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടത്തിനൊരുങ്ങി ബി.ജെ.പി. കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ ബി.ജെ.പി തട്ടിയെടുക്കുന്നു എന്നാരോപിച്ച് മന്ത്രി ഡി.കെ ശിവകുമാര്‍ രംഗത്ത് വന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ അടിയന്തിര യോഗം ചേര്‍ന്നു. കോൺഗ്രസ് – ദൾ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തുന്ന ‘ഓപ്പറേഷൻ ലോട്ടസ്’ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ നീക്കം എന്നാണ് പ്രധാന ആരോപണം. മൂന്നു കോൺഗ്രസ് എം.എൽ.എമാരെ ബി.ജെ.പി മുംബൈയിൽ പാർപ്പിച്ചിരിക്കുന്നുവെന്ന ആരോപണവുമായി മന്ത്രി ഡി.കെ. ശിവകുമാര്‍ തന്നെയാണ് രംഗത്ത് വന്നത്.

പുനഃസംഘടനയിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജാർക്കിഹോളി, ബെല്ലാരിയിലെ എം.എൽ.എമാരായ ആനന്ദ് സിങ്, ബി. നാഗേന്ദ്ര എന്നിവർ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയാണ്. ഈ സാഹചര്യ ത്തിലാണ് കോൺഗ്രസ് – ദൾ സര്‍ക്കാരിന് കാരണക്കാരന്‍ കൂടിയായ ഡി.കെ ശിവകുമാറിന്‍റെ ആരോപണം. ബി.ജെ.പി നേതാക്കള്‍ തങ്ങളെ നിരന്തരം സമീപിക്കുന്നുവെന്ന് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് ബി.ജെ.പിയോട് മൃദുസമീപനമാണന്നാണ് ശിവകുമാര്‍ ആരോപിക്കുന്നത്. രാഷ്ട്രീ കുതിരക്കച്ചവടത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും ശിവകുമാര്‍ വ്യക്തമാക്കുന്നു.

അതേസമയം ആരോപണങ്ങള്‍ നിഷേധിച്ച് ബി.ജെ.പി നേതൃത്വം രംഗത്തെത്തി. കോണ്‍ഗ്രസ് തങ്ങളുടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. പത്ത് ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പം ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഇതിനിടെ ബി.ജെ.പി എം.എല്‍.എമാരെ ഹരിയാനയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന.