India Kerala

‘മുറിച്ച മരം നീക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങി’; ആത്മഹത്യക്ക് ശ്രമിച്ച സണ്ണി പറയുന്നു..

മുറിച്ച മരം നീക്കാന്‍ അനുമതി തേടി ‍സര്‍ക്കാര്‍ ഓഫീസുകളില്‍ നിരവധി തവണ കയറിയിറങ്ങിയെന്ന് ചക്കിട്ടപ്പാറയിലെ കര്‍ഷകന്‍ സണ്ണി. അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഇന്നലെ ഡി.എഫ്.ഒ ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. റവന്യുവകുപ്പ് അനുമതി നല്‍കിയിട്ടും വനം വകുപ്പ് പിടിവാശി കാണിച്ചെന്നും സണ്ണി മീഡിയവണിനോട് പറഞ്ഞു. ഒരാഴ്ച്ചക്കകം മരം നീക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ വനം വകുപ്പ് ഓഫീസില്‍ ജീവനൊടുക്കുമെന്നും സണ്ണി പറയുന്നു.

ചക്കിട്ടപ്പാറ പഞ്ചായത്തിലെ സണ്ണി എന്ന ജോസഫാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെ ഉച്ചയോടെയാണ് ഡി.എഫ്.ഒ ഓഫീസില്‍ ജോസഫ് ആത്മഹത്യാ ശ്രമം നടത്തിയത്. മുറിച്ചു മാറ്റിയ മരം നീക്കുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഡി.എഫ്.ഒ ഓഫീസില്‍ ജോസഫ് എത്തിയത്. എന്നാല്‍ ചര്‍ച്ചയില്‍ ഡി.എഫ്.ഒ പങ്കെടുത്തില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ഭീഷണി.

ഡി.എഫ്.ഒ ഓഫീസിലെ ഫാനില്‍ കുരുക്കിട്ട് തൂങ്ങിമരിക്കാനായിരുന്നു ശ്രമം. ഒരാഴ്ചക്കകം പ്രശ്നം പരിഹരിക്കാമെന്ന കലക്ടറുടെ ഉറപ്പിനെ തുടര്‍ന്നാണ് ജോസഫ് ആത്മഹത്യാശ്രമത്തില്‍ നിന്ന് പിന്‍മാറിയത്. പെരുവണ്ണാമുഴി ഡാമിനായി ഭൂമി വിട്ടു നല്‍കിയ 250 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പകരം ഭൂമി നല്‍കിയിരുന്നു. എന്നാല്‍ ക്രയവിക്രയങ്ങള്‍ക്ക് അനുമതി വനം വകുപ്പ് നല്‍കിയിരുന്നില്ല. വനം വകുപ്പിന്റെ ഭൂമിയാണെന്ന് പറഞ്ഞാണ് ഡി.എഫ്.ഒ തടസ്സം നില്‍ക്കുന്നതെന്ന് സംയുക്ത കര്‍ഷക സമര സമിതി പറയുന്നു.