Gulf

യുഎഇയില്‍ അതിശക്തമായ മഴ തുടരുന്നു; മുന്നറിയിപ്പുമായി അധികൃതര്‍

യുഎഇയില്‍ അതിശക്തമായ മഴ തുടരുന്നു. ചൊവ്വാഴ്ചയും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്. യാത്രക്കാര്‍ ജോലി സ്ഥലത്തേക്ക് ഉള്‍പ്പെടെ വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ ബുദ്ധിമുട്ടുകയാണ്. കനത്ത മഴയുടെയും വെള്ളക്കെട്ടിന്റെയും ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഷാര്‍ജയിലെ റോഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പലയിടങ്ങളിലും കനത്ത മൂടല്‍ മഞ്ഞും രൂപപ്പെട്ടിട്ടുണ്ട്. ഇന്നും എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ യുഎഇയിലെ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ മുന്‍കരുതല്‍ എടുക്കണമെന്നും വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്ന് മിക്കയിടത്തും അസ്ഥിരമായ കാലാവസ്ഥ തുടരും. ബുധനാഴ്ച വരെ ഇടിയും മിന്നലുമുണ്ടാകും. താപനിലയും കുറയും. അതേസമയം മഴ ശക്തമായതിനാല്‍ സമയത്തിന്റെ കാര്യത്തില്‍ തടസം നേരിടുമെന്നും ഓര്‍ഡറുകള്‍ വൈകുമെന്നും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികള്‍ അറിയിച്ചു.