Gulf World

ആദ്യ വിദേശ ഉംറ സംഘം തിരിച്ച് പോയി; ആർക്കും ആരോഗ്യ പ്രശ്‌നങ്ങളില്ല

സൗദിയിലെത്തിയ ആദ്യ വിദേശ ഉംറ തീർഥാടക സംഘം കർമ്മങ്ങൾ പൂർത്തിയാക്കി തിരിച്ച് പോയി. തീർഥാടകരിൽ ആർക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മക്കയിൽ തീർഥാടകരുടെ എണ്ണം വർധിച്ചതോടെ ത്വവാഫിനായുള്ള ക്രമീകരണങ്ങൾ പരിഷ്കരിച്ചു.

നവംബർ ഒന്നിന് സൗദിയിലെത്തിയ ഇന്തോനേഷ്യൻ തീർത്ഥാടക സംഘമാണ് ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച സൗദിയിൽ നിന്നും സ്വദേശത്തേക്ക് യാത്ര തിരിച്ചത്. സൗദിയിലെത്തിയ ശേഷം ആദ്യ മൂന്ന് ദിവസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കിയ ശേഷമാണ് വിദേശ തീർഥാടകർ കർമ്മങ്ങൾ ആരംഭിച്ചത്. വിവിധ ഏജൻസികളുടെ പൂർണമായ മേൽനോട്ടത്തിലായിരുന്നു കർമ്മങ്ങൾ. പൂർണമായും ആരോഗ്യകരമായ സാഹചര്യത്തിൽ തീർഥാടകർക്ക് കർമ്മങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. 10 ദിവസമായിരുന്നു രാജ്യത്ത് തങ്ങാൻ തീർത്ഥാടകർക്ക് അനുമതി.

തിങ്കളാഴ്ച മദീന സന്ദർശനവും പൂർത്തിയാക്കിയ ശേഷം സ്വദേശത്തേക്ക് മടങ്ങിയ സംഘത്തിൽ ആർക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തിരക്ക് വർധിച്ചതോടെ മക്കയിൽ കഅബയുടെ മുറ്റത്ത് ത്വവാഫിനായുള്ള ക്രമീകരണങ്ങൾ പരിഷ്കരിക്കുവാൻ ഇരുഹറം കാര്യാലയം മേധാവി നിർദ്ദേശിച്ചു. തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും വർധിപ്പിക്കുന്നതിനായി ഇരുഹറമുകളിലും അണുനശീകരണ പ്രവർത്തനങ്ങളും നിരീക്ഷണങ്ങളും കർശനമാക്കണമെന്നും അദ്ദേഹം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.