World

സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ ആദ്യ മുസ്ലീം തലവനായി ഹംസ യൂസഫ്

സ്കോട്ട്ലൻഡിലെ ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ നേതൃ തെരഞ്ഞെടുപ്പിൽ ഹംസ യൂസഫിന് ജയം. ഇതോടെ 37 കാരനായ ഹംസ യുകെയിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ ആദ്യത്തെ മുസ്ലീം നേതാവായി മാറി. ജയത്തിന് പിന്നാലെ സ്കോട്ട്ലൻഡിന് സ്വാതന്ത്ര്യം നൽകുമെന്ന് വിജയ പ്രസംഗത്തിൽ ഹംസ യൂസഫ് പറഞ്ഞു.

എട്ട് വർഷത്തോളം പാർട്ടിയെ നയിച്ച നിക്കോള സ്റ്റർജൻ്റെ രാജിയെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. രണ്ട് സ്‌കോട്ടിഷ് എംപിമാരെ പരാജയപ്പെടുത്തി, 52 ശതമാനം വോട്ട് നേടിയാണ് യൂസഫിന്റെ ജയം. ഹംസ ആദ്യത്തെ ദക്ഷിണേഷ്യൻ കുടിയേറ്റ (പാകിസ്താൻ വംശജർ) കുടുംബത്തിൽ പെട്ടയാളാണ്. നിലവിൽ സ്‌കോട്ട്‌ലൻഡിന്റെ ആരോഗ്യമന്ത്രിയാണ് അദ്ദേഹം.

“സ്‌കോട്ട്‌ലൻഡിലെ ജനങ്ങൾക്ക് മുമ്പെന്നത്തേക്കാളും ഇപ്പോൾ സ്വാതന്ത്ര്യം ആവശ്യമാണ്, ഞങ്ങൾ സ്വാതന്ത്ര്യം നൽകുന്ന തലമുറയായിരിക്കും” അദ്ദേഹം തന്റെ വിജയ പ്രസംഗത്തിൽ പറഞ്ഞു. ഒരാളുടെ ചർമ്മത്തിന്റെ നിറമോ, വിശ്വാസമോ രാജ്യത്തെ നയിക്കുന്നതിന് തടസ്സമല്ല എന്ന വ്യക്തമായ സന്ദേശമാണ് നമ്മൾ ഇന്ന് പങ്കുവച്ചിട്ടുള്ളത്. ഇത് അഭിമാനകരമാണെന്നും യൂസഫ് പറഞ്ഞു. 1960 കളിൽ പാകിസ്താനിൽ നിന്ന് സ്കോട്ട്ലൻഡിൽ എത്തിയ തന്റെ മുത്തശ്ശിമാരെ കുറിച്ചും അദ്ദേഹം സംസാരിച്ചു.