Gulf Pravasi

കോവിഡ്: ഗൾഫില്‍ മരിച്ച മലയാളികളുടെ എണ്ണം 168 ആയി

യുഎഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ മലയാളികൾ മരിച്ചത്.

ഗൾഫ് നാടുകളിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 168 ആയി ഉയർന്നു. ഇന്നലെ മാത്രം എട്ട് പേരാണ് ഗള്‍ഫില്‍ മരിച്ചത്. യുഎഇ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലാണ് കൂടുതൽ മലയാളികൾ മരിച്ചത്. ജിസിസി രാജ്യങ്ങളിൽ ബഹ്റൈനിൽ നിന്ന് മാത്രമാണ് കോവിഡ് മൂലമുള്ള മലയാളികളുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെടാത്തത്.

ഗൾഫിൽ മലയാളികൾക്കിടയിൽ കോവിഡ് മരണ നിരക്ക് കൂടുന്നത് പ്രവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടിൽ പവിത്രൻ ദാമോദരൻ (52), കണ്ണൂർ കതിരൂർ സോഡാമുക്ക് ബൈത്തുൽ ഖൈറിൽ മമ്മൂട്ടി മൂപ്പൻ( 69), മലപ്പുറം തിരൂർ ബിപി അങ്ങാടി സ്വദേശി മൂർക്കോത്തിൽ സുന്ദരം(63) എന്നിവരാണ് കുവൈത്തിൽ മരിച്ചത്. പാലക്കാട് പുലാമന്തോൾ സ്വദേശി പി ടി എസ് അഷ്‌റഫ് (56), മലപ്പുറം ചങ്ങരംകുളം പോക്കൂർ അറയ്ക്കൽ ബാവ മകൻ മൊയ്തീൻകുട്ടി (52) എന്നിവരാണ് യുഎഇയിൽ മരിച്ചത്. സൗദിയിൽ 10 ദിവസം മുൻപ് മരിച്ച ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാറിന്റെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് 52 വയസായിരുന്നു. ഒമാനിൽ സന്ദർശന വിസയിൽ എത്തിയ കൊല്ലം അഞ്ചൽ സ്വദേശി വിജയനാഥ്‌ (68)ആണ‍്‌ മരിച്ചത്‌.\

യുഎഇയിൽ 93ഉം സൗദിയിൽ 37ഉം കുവൈത്തിൽ 32ഉം ഒമാനിൽ 3ഉം ഖത്തറിൽ 2ഉം മലയാളികളാണ് ഇത് വരെ മരിച്ചത്. ബഹ്റൈനിൽ ഇത് വരെ മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചതായി സ്ഥിരീകരണം ഇല്ല.