India National

ശാസ്ത്രജ്ഞന് കോവിഡ്: ഡല്‍ഹിയിലെ ഐസിഎംആർ ആസ്ഥാനം അടച്ചു

മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് കോവിഡ് കണ്ടെത്തിയത്.

ഡല്‍ഹിയിലെ ഐസിഎംആർ ആസ്ഥാനം അടച്ചു. ഐസിഎംആറിലെ ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്ഥാപനം അടച്ചത്. അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമാണ് ഐസിഎംആർ അടച്ചിടുക.

മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച ഐസിഎംആർ ഡയറക്ടർ ഉൾപ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിൽ ഇദ്ദേഹമുണ്ടായിരുന്നു.

അതിനിടെ രാജ്യത്ത് 24 മണിക്കൂറിനിടെ 230 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 5394 ആയി. 8392 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

ഉത്തരാഖണ്ഡിൽ സംസ്ഥാന മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ കുടുംബത്തിലുള്ളവർക്കും സ്റ്റാഫുമടക്കം 22 പേർക്ക് കോവിഡ് കണ്ടെത്തി. മഹാരാഷ്ട്രയിൽ 2487 പുതിയ കോവിഡ് കേസും 89 മരണവും കൂടി റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 67655ഉം മരണം 2286ഉം ആയി. സംസ്ഥാനത്ത് 91 പൊലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ആകെ രോഗം ബാധിച്ച പോലീസുകാരുടെ എണ്ണം 2416 ആയി. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 19844ഉം മരണസംഖ്യ 473ഉം ആണ്.

എയിംസിന് പുറമെ സഫ്ദർജംഗ്, ആർ.എം.എൽ, ലോക് നായക് തുടങ്ങിയ ആശുപത്രികള്‍ക്ക് കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ വൈകുന്നു എന്ന പരാതിയിൽ ഡൽഹി സർക്കാർ നോട്ടീസ് അയച്ചു. സംസ്ഥാനത്ത് രണ്ട് പോലീസുകാർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഗുജറാത്തിൽ കോവിഡ് സംഖ്യ 16794 ആയി. രാജസ്ഥാനിൽ രോഗ ബാധിതരുടെ എണ്ണം 8831 കടന്നു. ഉത്തർ പ്രദേശിൽ 262ഉം ഒഡീഷയിൽ 129ഉം അസമിൽ 56ഉം ഹിമാചൽ പ്രദേശിലും മണിപ്പൂരിലും നാല് വീതവും കോവിഡ് കേസുകൾ പുതിയതായി സ്ഥിരീകരിച്ചു.

ജൂൺ എട്ട് മുതൽ കൂടുതൽ ഇളവുകൾ നൽകുന്ന അഞ്ചാം ഘട്ട ലോക്ക് ഡൗൺ ഇന്ന് മുതൽ പ്രാബല്യത്തിലാകും. വിവിധ സംസ്ഥാനങ്ങൾ ലോക്ക് ഡൗണിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിച്ചു. കണ്ടെയ്ൻമെൻറ് സോണുകളിൽ നിയന്ത്രണം തുടർന്നു കൊണ്ട്‌ മറ്റിടങ്ങളിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള അനുവാദമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിട്ടുള്ളത്.

രാജ്യത്ത് ഇന്ന് തുടങ്ങുന്ന 200 ട്രെയിൻ സർവീസിന് 2582671 യാത്രക്കാർ ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്തതെന്നും ഇന്ന് മാത്രം 1.45 ലക്ഷം പേർ വിവിധ ട്രെയിനുകളിൽ യാത്ര ചെയ്യുമെന്നും റെയിൽവെ അറിയിച്ചു.