Gulf

യുഎഇയിലെ ഖോര്‍ഫക്കാനില്‍ ഇന്ത്യക്കാരുള്‍പ്പെടെ സഞ്ചരിച്ച ഉല്ലാസ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു

യുഎഇയിലെ ഖോര്‍ഫക്കാനില്‍ ഇന്ത്യക്കാരുള്‍പ്പെടെയുളള സംഘം സഞ്ചരിച്ച ബോട്ടുകള്‍ അപകടത്തില്‍ പെട്ടു. ഖോര്‍ഫക്കാനിലെ ഷാര്‍ക്ക് ഐലന്റിലാണ് ബോട്ടപകടം ഉണ്ടായത്. ഉല്ലാസബോട്ടുകളാണ് അപകടത്തില്‍ പെട്ടത്.

അപകടത്തില്‍ ഒരു സ്ത്രീക്കും കുട്ടിക്കും പരിക്കേററിട്ടുണ്ട്. ഇവരെ ഉടന്‍ സമീപത്തുളള ആശുപത്രിയിലേക്ക് മാററിയതായി അധികൃതര്‍ വ്യക്തമാക്കി. ബോട്ട് മറിഞ്ഞതായി വിവരം ലഭിച്ചയുടന്‍ കോസ്റ്റ്ഗാര്‍ഡ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഏഴ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ലഭിക്കുന്ന വിവരം.

അപകടകാരണത്തെപറ്റിയുളള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം ഖോര്‍ഫക്കാനിലുണ്ടായ ബോട്ടപടകത്തില്‍ രണ്ട് മലയാളികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.പെരുന്നാള്‍ അവധി ആഘോഷിക്കാനായി ഖോര്‍ഫക്കാനിലെത്തിയ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞായിരുന്നു അപകടംസംഭവിച്ചത്.പന്തളം കൂരമ്പാല സ്വദേശി പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകന്‍ ഏഴുവയസുകാരനായ പ്രണവ്,നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പില്‍ എന്നിവര്‍ക്കാണ് അന്ന് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

അതേസമയം അന്നത്തെ അപകടത്തില്‍ കുറ്റക്കാരായവര്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓപറേറ്റര്‍ നിബന്ധനകള്‍ പാലിച്ചിരുന്നില്ലെന്നും നിയമലംഘനം നടന്നതായും ഷാര്‍ജ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.