Gulf

പുതുവര്‍ഷം; യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങളറിഞ്ഞോ?

ഈ പുതുവര്‍ഷത്തെ ചരിത്രത്തില്‍ അടയാളപ്പെടുത്തിക്കൊണ്ടാണ് അറബ് നാടുകള്‍ ആഘോഷിച്ചത്. യുഎഇയില്‍ പുതുവര്‍ഷം പിറന്നതിനൊപ്പം സ്വദേശികളെയും വിദേശികളെയും ഒരുപോലെ ബാധിക്കുന്ന ചില നിയമങ്ങള്‍ കൂടി നടപ്പിലാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതിനോടകം പ്രാബല്യത്തില്‍ വന്ന ചില നിയമങ്ങള്‍ നോക്കാം.

തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി

സ്വകാര്യമേഖലയിലും സര്‍ക്കാര്‍ മേഖലയിലും ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാല്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ സാമൂഹിക സുരക്ഷ ലഭിക്കും. ഒരു ജീവനക്കാരനെ കമ്പനി പിരിച്ചുവിട്ടാല്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം മൂന്ന് മാസം വരെ സാമ്പത്തിക സഹായം നല്‍കുന്നതാണിത്.

തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കുള്ള സബ്സ്‌ക്രിപ്ഷന്‍ 2023 ജനുവരി 1ന് ആരംഭിച്ചുകഴിഞ്ഞു. കൂടാതെ യുഎഇ പൗരന്മാരോടും സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്നവരോടും പദ്ധതി വരിക്കാരാകാന്‍ മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

സബ്‌സ്‌ക്രിപ്ഷന്‍ ഫീസ് ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തെ ആശ്രയിച്ചിരിക്കുന്നു. 16,000 ദിര്‍ഹമോ അതില്‍ കുറവോ അടിസ്ഥാന ശമ്പളമുള്ളവര്‍ പ്രതിമാസം 5 ദിര്‍ഹം സബ്സ്‌ക്രിപ്ഷന്‍ ഫീസ് നല്‍കണം (വാര്‍ഷികം 60 ദിര്‍ഹം) കൂടാതെ 10,000 ദിര്‍ഹം വരെ പ്രതിമാസ പണ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ള ആളുകള്‍ പ്രതിമാസം 10 ദിര്‍ഹം (വാര്‍ഷികം 120 ദിര്‍ഹം) നല്‍കണം, കൂടാതെ പരമാവധി പ്രതിമാസ നഷ്ടപരിഹാരമായ 20,000 ദിര്‍ഹത്തിന് അര്‍ഹതയുണ്ട്.

ഇന്‍ഷുറന്‍സ് ഫീസ് പ്രതിമാസമോ, ത്രൈമാസത്തിലൊരിക്കലോ, ആറുമാസത്തിലൊരിക്കലോ, അല്ലെങ്കില്‍ വര്‍ഷം തോറും അടയ്ക്കാം. തൊഴില്‍ നഷ്ട
പ്പെടുന്നതിന് മുമ്പുള്ള അവസാന ആറ് മാസത്തെ ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനമാണ് ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം കണക്കാക്കുന്നത്.

എമിറേറ്റൈസേഷന്‍ നിയമം

50ലധികം ജീവനക്കാരുള്ള കമ്പനികള്‍ പിഴകള്‍ ഒഴിവാക്കുന്നതിന് വിദഗ്ധ ജോലികള്‍ക്ക് (നൈപുണ്യ ജോലികള്‍) 2 ശതമാനം എമിറേറ്റൈസേഷന്‍ നിരക്ക് പാലിക്കണം. ഇത് പാലിക്കാത്ത കമ്പനികള്‍ക്ക് പിഴ അടയ്‌ക്കേണ്ടിവരും. പ്രതിമാസം 6,000 ദിര്‍ഹമാണ് പിഴ ചുമത്തുക. പിഴ ഒറ്റ ഗഡുവായി തന്നെ അടയ്ക്കണം.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധനം

അജ്മാനിലും ഉമ്മുല്‍ ഖുവൈനിലും 2023 ജനുവരി 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിച്ചു.
അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം 2022ല്‍ നിലവില്‍ വന്നിരുന്നു. രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകളുടെയും പ്ലാസ്റ്റിക്കിന്റെയും ഉപയോഗം കുറയ്ക്കുന്നതിന് ചില്ലറ വ്യാപാരികള്‍ ഒരു ബാഗിന് 25 ഫില്‍സ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നു.

കോര്‍പറേറ്റ് നികുതി

ഈ വര്‍ഷം മുതല്‍, പ്രതിവര്‍ഷം 375,000 ദിര്‍ഹം ലാഭം നേടുന്ന സ്ഥാപനങ്ങള്‍ 9% നികുതി അടയ്ക്കണം. കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ നിന്നല്ല, പകരം, ലാഭത്തിലായിരിക്കും നികുതി ചുമത്തുക. സ്വയം സ്‌പോണ്‍സര്‍ഷിപ്പിന് കീഴില്‍ ഫ്രീലാന്‍സ് പെര്‍മിറ്റ് കൈവശമുള്ള വ്യക്തികളും പരിധിയില്‍ കൂടുതല്‍ വരുമാനം നേടുന്നവരും കോര്‍പ്പറേറ്റ് നികുതിക്ക് വിധേയമായിരിക്കും. ബാങ്ക് നിക്ഷേപങ്ങള്‍, സേവിംഗ്‌സ് പ്രോഗ്രാമുകള്‍, മറ്റ് നിക്ഷേപങ്ങള്‍, വിദേശ നാണയ നേട്ടങ്ങള്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന വ്യക്തിഗത വരുമാനത്തിന് ഇത് ബാധകമല്ല.