Gulf

യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ തൊഴില്‍ സമയം മാറ്റുന്നു? പ്രചാരണം തള്ളി അധികൃതര്‍

യുഎഇയില്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും തൊഴില്‍ സമയം മാറ്റുമെന്ന തരത്തിലുള്ള പ്രചരണം നിഷേധിച്ച് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സസ്. ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദിവസം പത്ത് മണിക്കൂര്‍ ജോലിയെടുത്ത് ആഴ്ചയില്‍ മൂന്ന് ദിവസം അവധിയെടുക്കാം എന്നായിരുന്നു പ്രചാരണം.

ജൂലൈ ഒന്നു മുതല്‍ രാജ്യത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും പ്രവര്‍ത്തി സമയം മാറുന്നു എന്നായിരുന്നു വാര്‍ത്ത പ്രചരിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെയാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പലദിവസങ്ങളിലെ തൊഴില്‍സമയം കൂട്ടിച്ചേര്‍ത്ത് കംപ്രസഡ് വര്‍ക്കിങ് അവേഴ്‌സ് എന്ന രീതി എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ബാധകമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.പാര്‍ടൈം ജോലി,രാജ്യത്തിനകത്തും പുറത്തും ചെയ്യാവുന്ന റിമോര്‍ട് വര്‍ക്ക് സംവിധാനം.

ഹൈബ്രിഡ് തൊഴില്‍ സമ്പ്രദായം തുടങ്ങിയ പുതിയ തൊഴില്‍ രീതികള്‍ പോലെ മറ്റൊരു തൊഴില്‍ രീതിയായി കമ്പ്രെസ്ഡ് വര്‍ക്കിങ് അവര്‍സിനെ കാണാമെന്നു മാത്രമാണ് അര്‍ത്ഥമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, ഇത്തരം തൊഴില്‍ രീതി ചില വകുപ്പുകളില്‍ മാത്രമാണ് ബാധകമെന്നും ജോലിയുടെ പ്രത്യേകതക്ക് അനുസരിച്ച് മേലധികാരികളുടെ അനുമതി ഇതിന് ആവശ്യമാണെന്നും അതോറിറ്റി വിശദീകരിച്ചു.ഫെഡറല്‍ അതോറിറ്റി ഫോര്‍ ഹ്യൂമന്‍ റിസോഴ്‌സ് ഔദ്യോഗിക വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.