Entertainment Movies

‘വാമോസ്…’ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവിന്റെ ട്രെയ്ലറെത്തി

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവി’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന മിഥുൻ മാനുവൽ ചിത്രത്തിന്റെ രണ്ടു മിനിറ്റ് ദെെര്‍ഘ്യമുള്ള ട്രെയ്ലറാണ് എത്തിയിരിക്കുന്നത്.‌ ഫുട്ബോള്‍ ഫേവറിറ്റുകളായ അര്‍ജന്റീന ആരാധകരുടെ പശ്ചാതലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ വെെറലായിരുന്നു.

ഫുട്ബോളും, സൌഹൃദവും, ക്യാമ്പസ് പ്രണയവും, രാഷ്ട്രീയവുമെല്ലാം തൊട്ടു കടന്നു പോകുന്ന അർജന്റീന ഫാൻസ് ട്രെയ്ലർ, ചിത്രം ഒരു കോമഡി എന്റർടെയ്നർ ആയിരിക്കുമെന്ന സൂചനയാണ് നൽകിയിരിക്കുന്നത്. വിദ്യാര്‍ഥി നേതാവായാണ് ഐശ്വര്യയ ചിത്രത്തിലെത്തുന്നത്. ഓണ്‍ലെെന്‍ സീരീസായ കരിക്കിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ജോർജ്ജ് എന്ന അനു കെ അനിയനും ഫ്രാൻസിസ് എന്ന ജീവനും കാളിദാസിനൊപ്പം വേഷമിടുന്നു എന്നുള്ളതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

അശോകൻ ചരുവിലിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ തിരക്കഥ ജോൺ മന്ത്രിക്കലും, മിഥുൻ മാനുവലും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ആട് 2ന് ശേഷം മിഥുന്‍ മാനുവല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് അര്‍ജന്റീന ഫാന്‍സ്. ഗോപി സുന്ദർ സംഗീതവും രെണദീവ് ക്യാമറയും കെെകാര്യം ചെയ്ത അർജന്റീന ഫാൻസ് നിർമ്മിച്ചിരിക്കുന്നത് ആഷിഖ് ഉസ്മാനാണ്. ചിത്രം മാര്‍ച്ച് ഒന്നിന് റിലീസിനെത്തും.