Cricket Sports

സെവാഗിന്റെ ബേബിസിറ്റിംങ് പരസ്യം അധിക്ഷേപമായോ?

ഇന്ത്യ – ആസ്‌ത്രേലിയ ടി20, ഏകദിന പരമ്പരകള്‍ക്ക് മുന്നോടിയായി സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇറക്കിയ പരസ്യത്തിനെതിരെ വിമര്‍ശനവും മുന്നറിയിപ്പുമായി മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡന്‍. ആസ്‌ട്രേലിയന്‍ ടീമിനെ കളിയാക്കുന്ന പരസ്യത്തെ തുടര്‍ന്നാണ് വീരന്ദ്ര സേവാഗിനും സ്റ്റാര്‍സ്‌പോര്‍ട്‌സ് ഇന്ത്യക്കും ഹെയ്ഡന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സെവാഗിനേയും ആസ്‌ട്രേലിയന്‍ ജേഴ്‌സിയിലുള്ള കുറച്ച് കുട്ടികളേയുമാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ആസ്‌ട്രേലിയയില്‍ നടന്ന പരമ്പരക്കിടെ പന്തും പെയ്‌നും തമ്മില്‍ നടന്ന വാക്ക് പോരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പരസ്യം പുരോഗമിക്കുന്നത്. ‘അവര്‍ ഞങ്ങളോട് കുട്ടികളെ നോക്കുമോ എന്ന് ചോദിച്ചു? പിന്നെന്താ എല്ലാവരും വന്നോളൂ എന്ന് ഞങ്ങള്‍ മറുപടിയും നല്‍കി’ എന്ന് പറയുന്ന സേവാഗ് കുട്ടികളെ ഇതാ ഓസീസ് പടയെത്തിക്കഴിഞ്ഞെന്ന് വിശേഷിപ്പിക്കുന്നുമുണ്ട്.

ആസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ കുട്ടികളോട് ഉപമിച്ച് കളിയാക്കിയതാണ് മാത്യു ഹെയ്ഡനെ ചൊടിപ്പിച്ചത്. ഒരിക്കലും ഓസീസിനെ വിലകുറച്ചുകാണരുത് വീരുബോയ് എന്ന് പറഞ്ഞാണ് ഹെയ്ഡന്റെ മുന്നറിയിപ്പ്. ആരാണ് ലോകകപ്പിനെ ‘ബേബി സിറ്റ്’ ചെയ്യുന്നതെന്ന് മറക്കരുതെന്നും ഹെയ്ഡന്‍ ട്വീറ്റിലൂടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

ആസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തും തമ്മില്‍ ടെസ്റ്റിനിടെ നടന്ന സംഭാഷണമാണ് ഇതിനെല്ലാം തുടക്കമായത്. മൂന്നാം ടെസ്റ്റില്‍ ബാറ്റ് ചെയ്യാന്‍ വന്ന പെയ്‌നെ താത്ക്കാലിക ക്യാപ്റ്റനെന്നായിരുന്നു പന്ത് വിശേഷിപ്പിച്ചത്. പിന്നീട് പന്ത് ബാറ്റ് ചെയ്യാനെത്തിയപ്പോള്‍ തനിക്കും ഭാര്യക്കും ഒരു സിനിമക്ക് പോകാനായി കുട്ടികളെ ബേബി സിറ്റ് ചെയ്യുമോ എന്നായി പെയ്‌നിന്റെ ചോദ്യം. ഇരുവരും തമാശയായി തന്നെ ഇതെടുക്കുകയും പിന്നീട് ഇരുടീമുകളും പങ്കെടുത്ത ചടങ്ങിനിടെ പെയ്‌നിന്റെ കുട്ടികള്‍ക്കും ഭാര്യക്കുമൊപ്പം പന്ത് ചിരിച്ചുകൊണ്ട് ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു.

ചൂടിലായ ഹെയ്ഡനെ തണുപ്പിക്കാന്‍ ഇതിനിടെ ചില ഇന്ത്യന്‍ ആരാധകര്‍ ട്വിറ്ററിലൂടെ ശ്രമിക്കുകയും ചെയ്തു.

ആസ്‌ട്രേലിയയുടെ ഇന്ത്യന്‍ പരമ്പര ഫെബ്രുവരി 24നാണ് ആരംഭിക്കുക. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ ടി20. രണ്ടാം ടി20 27ന് വിശാഖപട്ടണത്താണ് നടക്കുക. അഞ്ച് മത്സര ഏകദിന പരമ്പര മാര്‍ച്ച് രണ്ടിന് ആരംഭിക്കും.