Entertainment Uncategorized

49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്കാര പ്രഖ്യാപനം നടത്തുക. മോഹന്‍ലാല്‍, ജയസൂര്യ, ഫഹദ് ഫാസില്‍ എന്നിവരാണ് മികച്ച നടനുള്ള സാധ്യത പട്ടികയില്‍ മുന്നില്‍. അനു സിതാരയും ഐശ്വര്യ ലക്ഷ്മിയുമാണ് മികച്ച നടിക്കായുള്ള പുരസ്കാരത്തിന് പരിഗണിക്കപ്പെടുന്നത്.

ഞാന്‍ പ്രകാശന്‍,വരത്തന്‍.കാര്‍ബണ്‍ എന്നീ സിനിമകളിലെ പ്രകടനത്തിലൂടെ ഫഹദ് ഫാസില്‍,ഞാന്‍ മേരിക്കുട്ടി,ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളിലൂടെ ജയസൂര്യ,ജോസഫ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ജോജു ജോര്‍ജ്ജ് എന്നിവരാണ് മികച്ച നടന് വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുള്ളത്. മികച്ച നടിയാകാനുള്ള മത്സരത്തിൽ സീനിയർ,ജൂനിയർ യുദ്ധമാണ്.മഞ്ജു വാര്യർ,ഉർവശി, അനു സിത്താര,ഐശ്വര്യ ലക്ഷ്മി, എന്നിവരാണ് പ്രഥമ പരിഗണനയിലുള്ളത്. ഷാജി എൻ.കരുണിന്റെ ഓള്,ടി.വി.ചന്ദ്രന്റെ പെങ്ങളില,ജയരാജിന്റെ രൗദ്രം,ശ്യാമപ്രസാദിന്റെ എ സൺഡേ,അഞ്ജലി മേനോന്റെ കൂടെ,സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ,എം.മോഹനന്റെ അരവിന്ദന്റെ അതിഥികൾ,വി.കെ.പ്രകാശിന്റെ പ്രാണ,എം.പത്മകുമാറിന്റെ ജോസഫ്,എന്നിവയാണ് മീകച്ച ചിത്രത്തിന് വേണ്ടിയുള്ള മത്സരത്തില്‍ മുന്‍ നിരയിലുള്ളത്.

മികച്ച സംഗീത സംവിധായകനുള്ള മത്സരത്തിൽ പതിവു പോലെ എം.ജയചന്ദ്രൻ സജീവമായി ഉണ്ട്. ഒടിയൻ,കൂടെ,ആമി,എന്റെ മെഴുതിരി അത്താഴങ്ങൾ എന്നീ ചിത്രങ്ങളിലാണ് ജയചന്ദ്രന്റെ ശ്രദ്ധേയ ഗാനങ്ങൾ.തീവണ്ടിയില ഗാനമൊരുക്കിയ കൈലാസ് മേനോൻ,പൂമരത്തിലൂടെ ഫൈസൽ റാസി,ജോസഫിലൂടെ രഞ്ജിൻ രാജ് എന്നിവരും മത്സരരംഗത്തുണ്ട്.ആകെ 104 സിനിമകളാണ് ഇത്തവണയുള്ളത്.100 ഫീച്ചർ ചിത്രങ്ങളും കുട്ടികളുടെ നാലു ചിത്രങ്ങളും. .പ്രശസ്ത സംവിധായകൻ കുമാർ സാഹ്നിയാണു ജൂറി അധ്യക്ഷൻ.