International World

അമേരിക്കയില്‍ കോവിഡ് മരണം ഒരു ലക്ഷത്തിലേക്ക്; റഷ്യയിലും ബ്രസീലിലും സ്ഥിതി ഗുരുതരം

ലോകത്താകെ മരണസംഖ്യ മൂന്ന് ലക്ഷത്തി നാല്‍പത്തി എഴായിരത്തി അഞ്ഞൂറ് കടന്നു

കോവിഡ് മരണനിരക്കില്‍ ഒരു ലക്ഷത്തിനടുത്തെത്തി അമേരിക്ക. മരണം 99,805 ആയി. പത്തൊന്‍പതിനായിരത്തിലേറെ പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. അതേസമയം കോവിഡ‍് രോഗികള്‍ക്ക് നല്‍കുന്ന ഹൈ‍ഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് ഉപയോഗം ലോകാരോഗ്യ സംഘടന താത്കാലികമായി വിലക്കി.

അമേരിക്കക്ക് പുറമെ റഷ്യ, ബ്രസീല്‍‌ എന്നീ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. . ലോകത്താകെ മരണസംഖ്യ മൂന്ന് ലക്ഷത്തി നാല്‍പത്തി എഴായിരത്തി അഞ്ഞൂറ് കടന്നു. 55 ലക്ഷത്തി 78ആയിരത്തി അഞ്ഞൂറിലേറെയാണ് ആകെ കോവിഡ് ബാധിച്ചവര്‍. ഇതില്‍‌ രണ്ട് ലക്ഷത്തി മുപ്പത്തി ആറായിരത്തിലേറെ പേര്‍ രോഗമുക്തരായി. കോവിഡ് മരണങ്ങള്‍ കുതിച്ചുയരുന്നതിനിടെ നല്‍കിയ ഇളവുകള്‍ക്ക് പിന്നാലെ അമേരിക്കയില്‍ കൂട്ടത്തോടെ ആളുകള്‍ പുറത്തിറങ്ങി.

അമേരിക്കയുടെ ഫെഡറല്‍ ഹോളിഡേ ആയ മെമ്മോറിയല്‍ ഡേ ആഘോഷിക്കാന്‍ ഫ്ലോറിഡ, ജ്യോര്‍ജിയ, മിസ്സൌരി എന്നിവിടങ്ങളിലെ ബീച്ചുകളിലും റസ്റ്റോറന്റുകളിലും നിരവധി പേര്‍ തടിച്ചുകൂടി. സാമൂഹിക അകലമോ സുരക്ഷാ മുന്‍കരുതലുകളോ ആരും പാലിച്ചില്ല. അതിനിടെ കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ വിലക്കിക്കൊണ്ട് ലോകാരോഗ്യ സംഘടന രംഗത്തെത്തി. മലേറിയക്ക് നല്‍കുന്ന മരുന്നു കൂടിയായ ഇത് താത്ക്കാലികമായാണ് വിലക്കിയത്. രോഗികളുടെ ആരോഗ്യത്തെ ബാധിക്കാനിടയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

അതേസമയം, കൊറോണ വൈറസിനെ കണ്ടെത്തിയ ചൈനയെ ഡബ്ള്യൂ.എച്ച്.ഒ അഭിനന്ദിക്കുകയും ചെയ്തു. കോവിഡ് ഭീതിക്കിടയിലും വിവിധ രാജ്യങ്ങള്‍ ഇളവുകള്‍ നല്‍കുന്നത് തുടരുകയാണ്. മറ്റു രാജ്യങ്ങളില്‍ നിന്ന് സ്പെയിനില്‍ എത്തുന്നവര്‍‌ക്ക് ഇനി 14 ദിവസത്തെ ക്വാറന്റൈന്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ജപ്പാനില്‍ ദേശീയ അടിയന്തരാവസ്ഥ സര്‍ക്കാര്‍ പിന്‍വലിച്ചു. ലക്സംബര്‍ഗില്‍ കഫേകളും റസ്റ്റോറന്റുകളും തുറക്കാനൊരുങ്ങുകയാണ്. കാലിഫോര്‍ണിയയില്‍ ആരാധാനാലയങ്ങളും ഉടന്‍ തുറക്കും. ബ്രിട്ടണില്‍ അവശ്യ സര്‍വീസുകള്‍ അല്ലാത്തവക്കും ജൂണ്‍ 15 മുതല്‍ പ്രവര്‍ത്തിക്കാം. അതിനിടെ ബ്രസീലില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.