Association Europe India Pravasi Switzerland World

ജോർജ് ഫ്ളോയിഡിന് ഹലോ ഫ്രണ്ട്സ് സ്വിട്സർലാൻഡിന്റെ ആദരാഞ്ജലിയും, അടിച്ചമർത്തപ്പെടുന്നവന്റെ നീതിക്കായുള്ള സമരത്തിന് ഐക്യദാർഢ്യവും ..

സ്വിട്സർലാണ്ടിലെ സോഷ്യൽ മീഡിയ ഗ്രൂപ്പായ ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലാന്റ്, ഇന്ന് വെകുന്നേരം  ഗവേണിങ്‌ബോഡി അംഗങ്ങൾ നടത്തിയ  വീഡിയോ കോൺഫറൻസിലൂടെ  വംശീയതയുടെ കാൽമുട്ടുകൾക്കിടയിൽ ഞെരിഞ്ഞമർന്ന  കറുത്തവനു ആദരാഞ്ജലി അർപ്പിക്കുകയും, നീതിതേടിയുള്ള അടിച്ചമർത്തപ്പെട്ടവന്റെ സമരത്തിന്   ഐക്യദാർഢ്യ പ്രഖ്യാപനവും നടത്തി.

വീഡിയോ കോൺഫ്രൻസിൽ  ഗവേണിങ് ബോഡി അംഗം ടോം കുളങ്ങര ആദരാജ്ഞലികൾ അർപ്പിച്ചു വിശദമായി സംസാരിച്ചു .ഇന്ന് വർണ്ണവറിക്കെതിരായ പ്രതിഷേധത്തില്‍ അമേരിക്കനിന്നു കത്തുകയാണന്നും .’I CAN’T BREATH’ (എനിക്ക് ശ്വാസിക്കാൻ പറ്റുന്നില്ല), ആഫ്രോ – അമേരിക്കൻ വംശജനായ ജോർജ്ജ് ഫ്ലോയിഡ്ന്റെ അവസാന വാക്കുകളാണിതെന്നും . അതു അമേരിക്കൻ തെരുവകളിൽ ഉച്ചത്തിൽ മുഴങ്ങുകയാണന്നും . കറുത്ത വർഗ്ഗക്കാരോട് അമേരിക്കൻ പോലീസ് കാട്ടുന്ന വർഗ്ഗവിവേചനത്തിന്റെ ഏറ്റവും ഒടുവിലത്തെ രക്തസാക്ഷിയാണ് 46 കാരനായ ജോർജ്ജ് ഫ്ലോയിഡെന്നും . കറുത്തവർഗ്ഗക്കാരെ വെറും രണ്ടാംകിട പൗരന്മാരായി മാത്രം കണക്കാക്കുന്ന അമേരിക്കയുടെ വംശീയ അധികാരികൾക്ക് ഈ കൊലപാതകം വെറും നേരമ്പോക്ക് മാത്രമാണന്നും ആദരാഞ്ജലി  അർപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു .

അടിച്ചമർത്തപ്പെട്ടവന്റെ നീതി തേടിയുള്ള സമരത്തിന് ഐക്യദാര്ഢ്യമേകി ഗവേണിങ് ബോഡി അംഗം ജെയിംസ് തെക്കേമുറി വിഡിയോ കോൺഫറൻസിലൂടെ  പ്രമേയം അവതരിപ്പിച്ചു …..മിനിസോട്ടയിൽ  സുരക്ഷാ ജീവനക്കാരനായ ജോർജ്ജ് ഫ്ലോയിഡ് ഇരുപത്തിരണ്ടും ആറും വയസ്സുള്ള രണ്ടു പെണ്മക്കളുടെ പിതാവാണ്. ട്രക്ക് ഡ്രൈവർ ആയും ജോലി നോക്കിയിരുന്നു അദ്ദേഹം.അമേരിക്കയിലെ വെള്ളക്കാരായ പോ ലീസിന് കറുത്ത വംശജനായ നിരപരാധിയായ ജോർജ്ജിനെ കള്ളപ്പണത്തിന്റെ പേരിൽ പിടിക്കുകയും പിന്നീട് കയ്യിൽ വിലങ്ങണിയിപ്പിച്ചു തെരുവുകളിലൂടെ നടത്തിപ്പിക്കുകയും ചെയ്തു. ഒടുവിൽ പോലീസ് കുപ്പായത്തിൽ ഒളിഞ്ഞിരുന്ന വെറിപൂണ്ട ജാതിക്കോമരങ്ങൾ ആ പാവം മനുഷ്യനെ കഴുത്തിൽ മുട്ടുകാൽ കൊണ്ട് ചവുട്ടി പിടിച്ചു സന്തോഷം കണ്ടെത്തി.  ജോർജ്ജ് അവസാനമായി പറഞ്ഞു, ‘സർ എനിക്ക് ശ്വസിക്കാൻ പറ്റുന്നില്ല’.  തൊട്ടടുത്തു നിന്നവർ പോലീസിനോട് അദ്ദേഹത്തിന് ശ്വസിക്കാൻ പറ്റുന്നില്ല എന്നു വിളിച്ചു പറയുന്നുണ്ട്. പോലീസ് അതു കേൾക്കുന്നില്ല, കാരണം അടിയിൽ കിടന്നു പുളയുന്നത് ഒരു കറുത്ത വർഗ്ഗക്കാരനാണല്ലോ.

ഒന്നു പിടയാൻ പോലും സാധിക്കാതെ നിശ്ചലമായപ്പോൾ ആ നരഭോജി തന്റെ കാലുകൾ എടുത്തു.  ജോർജ്ജ് കായികമായി പോലീസിനെ നേരിട്ടെന്നു  പറഞ്ഞെങ്കിലും അതു കള്ളമാണെന്നു പിന്നീട്  പുറത്തുവന്ന വീഡിയോയിൽ നിന്നും വ്യക്തമായി. വർണ്ണവെറിയുടെ ഫലമായി എത്രയോ പേർ അമേരിക്കയിൽ ഇതിനോടകം  കൊല്ലപ്പെട്ടുകഴിഞ്ഞു. വാഷിംഗ്‌ടൺ പോസ്റ്റിന്റെ കണക്കു പ്രകാരം 2019 ൽ മാത്രം 1004 പേരാണ് പോലീസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ കൂടുതലും ആഫ്രോ-അമേരിക്കൻ വംശജരാണ്. ഗാർഡിയൻ 2015 ലെ സർവേ  പ്രകാരം വെളുത്ത വർഗ്ഗക്കാരെക്കാൾ കരുത്തവർഗ്ഗക്കാർ ഒൻപത് ഇരട്ടി കൊല്ലപ്പെട്ടിരിക്കുന്നു എന്നാണ് കണക്കുകൾ കാട്ടുന്നത്. ജോർജ്ജ് കൊല്ലപ്പെട്ടതിന് ശേഷം മിനിപോളിസ് മേയർ ജേക്കബ് ഫെറി പോലീസിനെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു. ‘അമേരിക്കയിൽ കറുത്ത വർഗ്ഗക്കാരനാവുക എന്നത് കൊല്ലപ്പെടാനുള്ള കാരണമല്ല, അതൊരു സത്യമാണ്’ എന്ന്.  

ഏറെ നാൾ മുന്നേ കേരളക്കരയിലും വംശീയതയുടെ പേരിൽ കുറച്ചു മനുഷ്യർ കൊല്ലപ്പെട്ടിരുന്നു. പേര് പോലും പലരും മറന്നിട്ടുണ്ടാകാം. തൃശൂരിൽ പോലീസ് മർദനത്തിന് ഇടയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ദളിത് യുവാവ് വിനായകൻ.   ഭക്ഷണം മോഷ്ടിച്ചു എന്ന കുറ്റം ചുമത്തി  മർദ്ദത്തിനിരയായി മരണപ്പെട്ട ആദിവാസി യുവാവ് മധു .   ദുരഭിമാനത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട കെവിൻ. ഇതിലേക്കെല്ലാം ആഴത്തിൽ നോക്കുമ്പോൾ ഒളിഞ്ഞും തെളിഞ്ഞും വരുന്നത് കറുപ്പും ജാതിയും മതവുമൊക്കെതന്നെയാണ്.

ഒന്നും കാണാത്ത പുതു വികാരമാണ് ഇന്ന് അമേരിക്കയിൽ  ജോർജ്ജ് ഫ്ലോയിഡ് മരിച്ചപ്പോൾ കണ്ടത്. നമ്മുടെ ഭാരതത്തിലാകുമ്പോൾ അതു താഴ്ന്ന ജാതിക്കാരനെന്നും അതു പുറംരാജ്യത്തേക്ക് കടക്കുമ്പോൾ കറുത്തവർഗ്ഗക്കാരൻ എന്ന പേരിലേക്കും ചേക്കേറുന്നു.

പക്ഷെ കൊലയാളിയുടെ  ഉള്ളിലെ വികാരം എന്നും ഒന്ന് തന്നെ!   ആ വെള്ളക്കാരൻ പോലീസുകാരൻ അമർത്തി ചവിട്ടുമ്പോൾ ജോർജ്ജ് ഫ്ലോയിഡ്ന്റെ ശരീരവും ഞരമ്പുകളും വലിഞ്ഞു മുറുകീട്ടുണ്ടാവും ഒരു ഇറ്റു ശ്വാസത്തിനു വേണ്ടി . മറുപുറത്ത് വെറിപൂണ്ട പോലീസുകാരന്റെ ഞരമ്പുകളും വലിഞ്ഞുമുറുകീട്ടുണ്ടാവും അയാളുടെ മരണത്തിനു വേണ്ടി. ഒരു നിമിഷമെങ്കിലും ആ പോലീസുകാരന് ചിന്തിക്കാമായിരുന്നു.അദ്ദേഹത്തിന് ഒരു കുടുംബം ഉണ്ടെന്ന്..   അദ്ദേഹം ഒരു മനുഷ്യനാണെന്ന്…അദ്ദേഹം തന്നെപ്പോലെ വെളുത്തതാണെന്ന്..   ആ.. അവിടെയാണ് തെറ്റിയത്. ജോർജ്ജ് ഫ്ലോയിഡ് കറുപ്പായിരുന്നു എന്നും ശ്രീ തെക്കേമുറി അവതരിപ്പിച്ച പ്രമേയത്തിലൂടെ പരാമർശിച്ചു. 

ഒരു മണിക്കൂർ നീണ്ടു  നിന്ന വീഡിയോ കോൺഫ്രൻസിൽ എല്ലാ ഗവേണിങ് ബോഡി അംഗങ്ങളും പങ്കെടുത്തു …ഉടനെ തുടുങ്ങുവാനിരിക്കുന്ന ഓൺ ലൈൻ ഡാൻസ് ഫെസ്റ്റിവലിനെ പറ്റി വിശദമായ ചർച്ച നടത്തുകയും എല്ലാ കലാ  സ്നേഹികളെയും  ഫെസ്റ്റിവലിൽ പങ്കാളികളാകുവാൻ പ്രോഗ്രാം കമ്മിറ്റി അംഗം ശ്രീ ജെയ്‌സൺ കരേടൻ ഹാർദ്ദവമായി ക്ഷണിക്കുകയും ചെയ്തു …