World

‘എല്ലാവർക്കും ഒരേ ജനനത്തീയതി’; അപൂർവ റെക്കോർഡ് സ്വന്തമാക്കി ഒരു പാക് കുടുംബം

ഒരു കുടുംബത്തിലെ എല്ലാവർക്കും ഒരേ ജനനത്തീയതി, ഇങ്ങനെയൊന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? ഇത് അസാധ്യമെന്ന് കരുതാൻ വരട്ടെ, കാരണം പാകിസ്താനിൽ നിന്നുള്ള ഈ കുടുംബത്തിലെ എല്ലാവരും ജന്മദിനം ആഘോഷിക്കുന്നത് ഒരേ ദിവസമാണ്. ലാർക്കാന സ്വദേശി ആമിർ അലിയുടെ കുടുംബത്തിലെ 9 പേരാണ് ഓഗസ്റ്റ് 1 ന് ജന്മദിനം ആഘോഷിക്കുന്നത്. ഈ അപൂർവ നേട്ടത്തിന്റെ ഗിന്നസ് വേൾഡ് റെക്കോർഡും ഇനി ഈ കുടുംബത്തിന് സ്വന്തം.

ഗിന്നസ് വേൾഡ് റെക്കോർഡ് ബുക്ക്സ് തന്നെയാണ് ഈ അത്ഭുതകരമായ കഥ പങ്കുവെച്ചിരിക്കുന്നത്. ആമിർ അലി പാകിസ്താനിലെ ലാർക്കാന സ്വദേശിയാണ്. ഭാര്യ ഖുദേജയും ഏഴ് മക്കളും അടങ്ങുന്നതാണ് അലിയുടെ കുടുംബം. 7 കുട്ടികളിൽ നാല്‌ പേർ ഇരട്ടകൾ. എല്ലാവരുടെയും പ്രായം 19 നും 30 നും ഇടയിലാണ്. യാദൃശ്ചികമെന്ന് പറയട്ടെ, എല്ലാവരുടെയും ജന്മദിനം ഓഗസ്റ്റ് 1 നും. തീർന്നില്ല, അമീറിന്റെയും ഖുദേജയുടെയും വിവാഹവാർഷികവും ഓഗസ്റ്റ് 1 നാണ് എന്നത് മറ്റൊരു അത്ഭുതം. 1991 ഓഗസ്റ്റ് ഒന്നിനാണ് അലിയും ഖുദേജയും വിവാഹിതരാകുന്നത്.

രണ്ട് അപൂർവ നേട്ടങ്ങളാണ് ഈ കുടുംബത്തെ തേടിയെത്തിയിട്ടുള്ളത്. ഒമ്പത് കുടുംബാംഗങ്ങൾ ഒരേ തീയതിയിൽ ജനിച്ചു എന്ന ലോക റെക്കോർഡും, ഒപ്പം ഒരേ തീയതിയിൽ ജനിക്കുന്ന ഏറ്റവും കൂടുതൽ സഹോദരങ്ങൾ എന്ന റെക്കോർഡും. നേരത്തെ യുഎസ്എയിൽ നിന്നുള്ള കമ്മിൻസ് കുടുംബത്തിൻറെ പേരിലായിരുന്നു ‘ഏറ്റവും കൂടുതൽ സഹോദരങ്ങൾ ഒരേ തീയതിയിൽ ജനിച്ചു’ എന്ന റെക്കോർഡ് ഉണ്ടായിരുന്നത്. 1952 നും 1966 നും ഇടയിൽ അഞ്ച് കുട്ടികളാണ് കമ്മിൻസ് കുടുംബത്തിൽ ഫെബ്രുവരി 20 ന് ജനിച്ചത്. ലോകത്ത് സ്ഥിരീകരിക്കപ്പെട്ട ഒരേയൊരു ഉദാഹരണമായിരുന്നു ഇത്.