World

കശ്മീർ മുതൽ ഹിജാബ് വിവാദം വരെ; അമേരിക്ക വധിച്ച അൽ ഖ്വയിദ തലവന്റെ ഇന്ത്യൻ താൽപര്യങ്ങൾ

ഇന്ത്യയിൽ ചൂടേറിയ ചർച്ചയായ നിരവധി വഷിയങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയിരുന്ന വ്യക്തിയായിരുന്നു അമേരിക്ക വധിച്ച അൽ ഖ്വയിദ തലവൻ അയ്മൻ അല് സവാഹിരി. കശ്മീർ മുതൽ ഹിജാബ് വിവാദത്തിൽ വരെ അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു.

2011 ൽ ഒസാമ ബിൻലാദൻ കൊല്ലപ്പെട്ടതിന് ശേഷം അൽ ഖ്വയിദയുടെ തലവനായി സ്ഥാനമേറ്റ സവാഹിരി അഫ്ഗാൻ എമിറേറ്റ് വ്യാപിപ്പിക്കുന്നതിനുള്ള വഴിയായാണ് ജിഹാദിനെ കണ്ടിരുന്നത്. അതുകൊണഅട് തന്നെ അഫ്ഗാനിസ്താൻ, കശ്മീർ, ബോസ്‌നിയ, ചെച്‌നിയ എന്നിവിടങ്ങളിലെ ഇസ്ലാം മത വിശ്വാസികളോട് പോരാടുക എന്നത് മതപരമായ കർത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

2014 ലും 2022 ലും ഇന്ത്യയെ അഭിസംബോധന ചെയ്ത് സവാഹിരി സംസാരിച്ചിട്ടുണ്ട്.

2014 ൽ പുറത്തിറക്കിയ വിഡിയോയിൽ ഇന്ത്യയിൽ ജമാഅത്ത് ഖൈദാത് അൽ ജിഹാദ് ഫിഷിബി അൽ ഖറാത് അൽ ഹിന്ദിയ എന്ന സംഘടന ആരംഭിക്കണമെന്ന് സവാഹിരി ആഹ്വാനം ചെയ്തു. ഇന്ത്യയിലെ ഇസ്ലാം മതവിശ്വാസികളായ സഹോദരന്മാരെ അൽ ഖ്വയിദ മറന്നിട്ടില്ലെന്നായിരുന്നു വിഡിയോയുടെ രത്‌നചുരുക്കം. ബർമ, കശ്മീർ, ഇസ്ലാമാബാദ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം സഹോദരങ്ങളെ അനീതിയിൽ നിന്നും അടിച്ചമർത്തലിൽ നിന്നും മോചിപ്പിക്കുമെന്ന് സവാഹിരി പറഞ്ഞു.

2022 ലെ ഹിജാബ് വിവാദത്തിലാണ് സവാഹിരി അവസാനമായി പ്രതികരിച്ചത്. ഇസ്ലാം മതത്തിനെതിരായ ഇത്തരം അധിക്ഷേപത്തെ ബുദ്ധിപൂർവം മാധ്യമങ്ങളെ ഉപയോഗിച്ചും, പോർമുഖത്ത് ആയുധങ്ങളെടുത്തും പ്രതിരോധിക്കണമെന്നാണ് സവാഹിരി പറഞ്ഞത്.

ആരായിരുന്നു അയ്മൻ അൽ സവാഹിരി ?

കൈറോയിലെ സമ്പന്ന കുടുംബത്തിൽ പിറന്ന സവാഹിരി ബുദ്ധിമാനായ വ്യക്തിയായിരുന്നു. ചെറുപ്പം മുതൽ തന്നെ പഠനത്തിൽ മുന്നിലായിരുന്നു സവാഹിരി കവിതകളുടെ ആരാധകനായിരുന്നു.

കൗമാരകാലത്ത് തന്നെ സയ്യിദ് ഖുതുബ് എന്ന ഇസ്ലാമിക പണ്ഡിതന്റെ പഠനങ്ങളിൽ ആകൃഷ്ടനായ സവാഹിരി 14 വയസിൽ മുസ്ലിം ബ്രദർഹുഡിൽ ചേർന്നു.

പിന്നീട് കയ്‌റോയിൽ ഡോക്ടറായ സവാഹിരി 1978 ൽ ഫിലോസഫി വിദ്യാർത്ഥിനിയായ അസ നൊവാരിയെ വിവാഹം കഴിച്ചു. പുരോഗമന ചിന്താഗതിയുള്ള കൈറോയിൽ ഇന്ന് സവാഹിരിയുടെ വിവാഹം ഏറെ ചർച്ചയായി. കാരണം പുരുഷന്മാരേയും സ്ത്രീകളേയും വേർ തിരിച്ച് ഫോട്ടോഗ്രാഫർമാരേയും, സംഗീതജ്ഞരേയും മാറ്റിനിർത്തിയിരുന്നു.

1981 ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്തിന്റെ കൊലപാതകത്തെ തുടർന്ന് സവാഹിരി ഉൾപ്പെടെയുള്ള നിരവധി പേരെ മൂന്ന് വർഷത്തോളം ക്രൂരമായി പീഡിപ്പിച്ചു. ജയിൽ മോചിതനായ സവാഹിരി സൗദി അറേബ്യയിലേക്ക് പോയി ഡോക്ടർ ജോലി തുടർന്നു. ഇവിടെ വച്ചാണ് ഒസാമ ബിൻലാദനുമായി പരിചയത്തിലാകുന്നത്. പിന്നീട് നിരവധി ഭീകരപ്രവർത്തനങ്ങൾ ഇരുവരും ചേർന്ന് നടത്തി ലോകത്തെ വിറപ്പിച്ചു. വർഷങ്ങൾക്ക് ശേഷം ബിൻലാദനും ഇപ്പോൾ സവാഹിരിയും ഒടുവിൽ അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു.