World

ടെക്സസ് സ്കൂളിലെ വെടിവെപ്പ്: പ്രതി മുത്തശ്ശിയെയും വെടിയുതിർത്ത് കൊലപ്പെടുത്തിയെന്ന് പൊലീസ്

ടെക്സസ് സ്കൂളിലെ വെടിവെപ്പ് കേസ് പ്രതി മുത്തശ്ശിയെയും വെടിയുതിർത്ത് കൊലപ്പെടുത്തിയെന്ന് പൊലീസ്. സ്കൂളിലേക്ക് പോകുന്നതിനു മുൻപാണ് 19കാരനായ പ്രതി സാല്‍വഡോര്‍ റാമോസ് തൻ്റെ മുത്തശ്ശിയെ വെടിയുതിർത്ത് കൊലപ്പെടുത്തിയത്. കൂട്ടക്കൊലയ്ക്ക് ദിവസങ്ങൾക്കു മുൻപ് പ്രതി തൻ്റെ ആയുധങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഉവാള്‍ഡെയിലെ റോബ് എലമെന്ററി സ്‌കൂളിൽ നടന്ന വെടിവെപ്പിൽ 19 വിദ്യാർത്ഥികളും രണ്ട് അധ്യാപകരുമാണ് കൊല്ലപ്പെട്ടത്. . 600ഓളം വിദ്യാര്‍ത്ഥികളാണ് സ്കൂളിൽ പഠിക്കുന്നത്. കൂട്ടക്കൊല നടത്തിയ ഉവാള്‍ഡെ സ്വദേശി സാല്‍വഡോര്‍ റാമോസിനെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി. വെടിവയ്പില്‍ പരുക്കേറ്റവരെ പ്രദേശത്തെ രണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളെ ചികിത്സയ്ക്കായി സാന്‍ അന്റോണിയോയിലേക്ക് മാറ്റി.അതേസമയം വെടിവയ്പുണ്ടായതിനെത്തുടര്‍ന്ന് പ്രദേശത്തെ എല്ലാ കാമ്പസുകളും പൂട്ടിയിരിക്കുകയാണ്.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് വെടിവയ്പ്പിനെ ശക്തമായി അപലപിച്ച് രംഗത്തെത്തി. സംഭവം ഹൃദയഭേദകമാണെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുമെന്നും കമല ഹാരിസ് പറഞ്ഞു. ഉവാള്‍ഡെയിലെ മനുഷ്യരുടെ വേദനയ്‌ക്കൊപ്പമാണ് വൈറ്റ് ഹൗസുമുള്ളതെന്നും അവര്‍ക്ക് നീതി ഉറപ്പാക്കുമെന്നും കമലാ ഹാരിസ് കൂട്ടിച്ചേര്‍ത്തു.