World

ജനുവരി 12, ഹെയ്തിയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തിന്‍റെ ഓര്‍മക്ക് 9 വയസ്

ജനുവരി 12 ഒരു കറുത്ത ദിനത്തിന്‍റെ ഓര്‍മ്മയാണ്. കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയില്‍ 2010 ജനുവരി 12 നുണ്ടായ ഭൂകമ്പത്തില്‍ ഇല്ലാതായത് ആ രാജ്യത്തെ ജനസംഖ്യയുടെ വലിയൊരു ഭാഗം തന്നെയാണ്. ഭൂകമ്പത്തിന്‍റെ കെടുതികള്‍ നേരിട്ടനുഭവിച്ചത് മുപ്പത് ലക്ഷത്തോളം ജനങ്ങളാണ്.

കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഹെയ്തിയെ തകര്‍ത്തെറിയുകയായിരുന്നു ആ ഭൂകമ്പം. ഓരോ ജനുവരി പന്ത്രണ്ടും ഹെയ്തി ജനതയുടെ മനസിലേക്ക് ആ കറുത്ത ദിനത്തിന്‍റെ ഓര്‍മ്മകള്‍ ഇരമ്പിയെത്തും.

2010 ജനവരി 12 ചൊവ്വാഴ്ച പ്രാദേശിക സമയം വൈകീട്ട് 4.53 . തലസ്ഥാന നഗരിയായ പോര്‍ട്ടോ പ്രിന്‍സില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായിരുന്നു ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രം. ഒരു പ്രദേശത്തെയാകെ കീഴ്മേല്‍ മറിച്ച ഭൂകമ്പത്തിന് തൊട്ട് പുറകെ നിരവധി തുടര്‍ ചലനങ്ങളുമുണ്ടായി. രണ്ട് ലക്ഷത്തിലധികം ജനങ്ങള്‍ മരിച്ചതായാണ് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നത്. 70,000 മൃതശരീരങ്ങള്‍ ഒരേ സമയം കൂട്ടശ്മശാനത്തില്‍ മറവു ചെയ്തു.

മുപ്പതിനായിരത്തിലധികം വ്യാപാരകെട്ടിടങ്ങളും രണ്ടരലക്ഷത്തോളം ഭവനങ്ങളും ഭൂകമ്പത്തില്‍ നശിച്ചു. രാഷ്ട്രപതിയുടെ കൊട്ടാരം, നാഷനല്‍ അസംബ്ലി കെട്ടിടം, പോര്‍ട്ടോ പ്രിന്‍സ് കത്തീഡ്രല്‍, മുഖ്യ ജയില്‍ എന്നിവയുള്‍പ്പടെ നിരവധി സുപ്രധാന കെട്ടിടങ്ങള്‍ തകര്‍ന്നു. ഈ പ്രദേശത്തുള്ള എല്ലാ ആശുപത്രികളും തകര്‍ന്നടിഞ്ഞത് മരണസംഖ്യ കൂട്ടാനിടയാക്കി.

ഹെയ്തിയിലെ യു.എന്‍ ദൗത്യസംഘം മേധാവി ഉള്‍പ്പെടെ പതിനഞ്ച് യു.എന്‍ ജീവനക്കാരും ദുരന്തത്തില്‍ മരിച്ചു. 56 പേര്‍ക്ക് പരുക്കേറ്റു. ക്രിസ്റ്റഫര്‍ ഹോട്ടലില്‍ പ്രവര്‍ത്തിച്ചിരുന്ന യു.എന്‍ സമാധാന സേനയുടെ അഞ്ചുനില കെട്ടിടവും തകര്‍ന്നിരുന്നു. ഭൂകമ്പത്തില്‍ ആരോഗ്യരക്ഷാകേന്ദ്രങ്ങളെല്ലാം നശിച്ചതോടെ രാജ്യത്ത് കോളറ പടര്‍ന്ന് പിടിച്ചു. നിരവധി മനുഷ്യര്‍ കോളറ ബാധിച്ചും മരിച്ചു.

ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ കാരുണ്യത്തിന്‍റെ സഹായവുമായെത്തിയത് ഹെയ്തിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതബാധിതരുടെ പുനരധിവാസത്തിനും സഹായകരമായി. വര്‍ഷങ്ങളെടുത്ത് ഹെയ്തിയുടെ പുനര്‍നിര്‍മ്മാണം സാധ്യമാക്കിയെങ്കിലും രാജ്യം കണ്ട വലിയ ഭൂകമ്പത്തിന്‍റെ ആഘാതത്തില്‍ നിന്നും ഹെയ്തി ഇനിയും മോചിതമായിട്ടില്ല. ഭൂകമ്പത്തെ തുടര്‍ന്ന് പലായനം ചെയ്തവരില്‍ പലരും അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ്.