International World

ഖത്തറില്‍ കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ ശക്തമാക്കി

ഖത്തറില്‍ കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ ശക്തമാക്കി. ഞായറാഴ്ച്ച മുതല്‍ അനിശ്ചിത കാലത്തേക്ക് ഡ്രൈവിങ് സ്കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്ന നിര്‍ദേശവമുണ്ട്.

ഖത്തറില്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍, മത്സ്യം തുടങ്ങിയവയ്ക്ക് മന്ത്രാലയം പുതിയ വില നിലവാരം പ്രഖ്യാപിച്ചു. ഇന്നലെ എട്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഖത്തറിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 460 ലേക്കെത്തിയിരുന്നു. രോഗവ്യാപനം തടയുന്നതിനായും സാമൂഹ്യപ്പകര്‍ച്ചയുടെ ശൃംഖല ഭേദിക്കുന്നതിനുമായി ഊര്‍ജ്ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് മന്ത്രാലയം നടത്തിവരുന്നത്.

തൊഴിലാളികളില്‍ രോഗം സ്ഥിരീകരിച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള എല്ലാ ഗതാഗത മാര്‍ഗങ്ങളും അടച്ച അധികൃതര്‍ തൊഴിലാളികള്‍ക്കാവശ്യമായ മുഴുവന്‍ സൌകര്യങ്ങളും താമസകേന്ദ്രങ്ങളില്‍ തന്നെ ഒരുക്കിക്കൊടുത്തിട്ടുണ്ട്.

ഡ്രൈവിങ് സ്കൂളുകള്‍ക്ക് കീഴിലുള്ള പരിശീലനവും ഡ്രൈവിങ് ടെസ്റ്റുകളും നിര്‍ത്തിവെക്കാന്‍ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടുണ്ട്. വരുന്ന ഞായറാഴ്ച്ച മുതല്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെയാണ് ഉത്തരവ്. നിലവില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നവരും അപേക്ഷ നല്‍കി ടെസ്റ്റിനായി കാത്തിരിക്കുന്നവരും ഓണ്‍ലൈന്‍ ആപ്പിലൂടെ പഠനം തുടരാനും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. സ്മാര്‍ട്ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഡ്രൈവര്‍ ഗൈഡ് ആപ്പില്‍ ഡ്രൈവിങ് ടെസ്റ്റിനുള്ള തിയറി ഭാഗങ്ങളും ഒപ്പം പരിശീലനത്തിനായുള്ള വീഡിയോകളുമുണ്ട്. അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി തിയറി പരീക്ഷ നടത്തുന്നതിനുള്ള സംവിധാനവും ഓണ്‍ലൈന്‍ ആപ്പില്‍ ലഭ്യമാക്കിയിട്ടുണ്ട്.

അതോടൊപ്പം രാജ്യത്തെ സര്‍ക്കാര്‍ സ്കൂള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓണ്‍ലൈന്‍ പഠന സംവിധാനങ്ങള്‍ വരും ദിവസങ്ങളില്‍ കാര്യക്ഷമമാക്കി നടത്താന്‍ വിദ്യാഭ്യാസ മന്ത്രാലയവും തീരുമാനിച്ചിട്ടുണ്ട്.