World

26 അടി നീളവും 200 കിലോയിലധികം ഭാരവും; ആമസോൺ വനത്തിൽ പുതിയ അനക്കോണ്ടയെ കണ്ടെത്തി

ആമസോൺ മഴക്കാടുകളിൽ പുതിയ ഇനം ഗ്രീൻ അനക്കോണ്ടയെ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. പ്രൊഫ. ഡോ. ഫ്രീക് വോങ്ക് ആണ് 26 അടി നീളമുള്ള പച്ച അനക്കോണ്ടയുടെ വീഡിയോ റെക്കോർഡുചെയ്‌ത് പുറത്തുവിട്ടത്. എട്ട് മീറ്റർ നീളവും 200 കിലോയിൽ കൂടുതൽ ഭാരവും വരുന്ന അനക്കോണ്ടയാണ് കണ്ടെത്തിയതെന്ന് വോങ്ക് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

അനക്കോണ്ടയുടെ പുതിയ ഇനത്തെ ഡോ വോങ്കിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെയും കണ്ടെത്തിയിട്ടുണ്ട് ഓസ്‌ട്രേലിയയിൽ നിന്നുള്ള ഇനമായിരുന്നു അത്. പുതിയ പാമ്പ്, തന്റെ വലുപ്പത്തിന്റെ നാലിരട്ടി ഉൾക്കൊള്ളാൻ കഴിയുന്നതാണെന്ന് വോങ്ക് കുറിച്ചു. വടക്കൻ പച്ച അനക്കോണ്ട എന്നർത്ഥം വരുന്ന യൂനെക്ടസ് അക്കയിമ എന്നാണ് അനക്കോണ്ടയ്ക്ക് നൽകിയിരിക്കുന്ന പേര്. വലിയ പാമ്പ് എന്നാണ് അക്കയിമയുടെ അർത്ഥം.

വിൽസ്മിത്തിനൊപ്പം നാഷണൽ ജിയോഗ്രാഫിക്കിൻ്റെ ഡിസ്നി+ സീരീസായ പോൾ ടു പോൾ ചിത്രീകരണത്തിനിടെയാണ് പുതിയ ഇനത്തെ കണ്ടെത്തിയതെന്ന് ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്തു. ഡൈവേഴ്‌സിറ്റി എന്ന ജേണലിൽ ശാസ്ത്രജ്ഞരുടെ സംഘം പുതിയ കണ്ടെത്തലിനെകുറിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വിഡിയോയിൽ അനക്കോണ്ടയ്‌ക്കൊപ്പം വെള്ളത്തിനടിയിൽ നീന്തുന്ന ദൃശ്യം വോങ്ക് പങ്കുവച്ചു. ഒരു കാറിൻ്റെ ടയറിന് തുല്യമായ കട്ടിയുള്ളതും, എട്ട് മീറ്റർ നീളവും, 200 കിലോയിലധികം ഭാരവുമുള്ള പാമ്പിന് തൻ്റെ തലയോളം വലിപ്പമുള്ള തലയുണ്ടെന്ന് വോങ്ക് അവകാശപ്പെടുന്നു.