National World

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി തീർഥാടകർ; ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് പുറപ്പെടും

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി തീർഥാടകർ പ്രാർഥനകളോടെ പുണ്യഭൂമിയിലേക്ക്. ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഇന്ന് രാവിലെ 8.30ന് കൊച്ചിയിൽ നിന്നു പുറപ്പെടും. ജൂൺ നാലു മുതൽ 16 വരെയാണ് കൊച്ചിയിൽനിന്നുള്ള ഹജ്ജ് സർവീസുകൾ.

ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ ആദ്യ പട്ടിക അനുസരിച്ച് കൊച്ചിയിൽനിന്ന് 7142 പേരാണ് പുണ്യഭൂമിയിലേക്ക് പോകുന്നത്. ഇതിൽ 5393 പേർ കേരളത്തിൽനിന്നാണ്. തമിഴ്‌നാട്ടിൽനിന്നുള്ള 1434 പേരും ലക്ഷദ്വീപ് ആൻഡമാൻ, പോണ്ടിച്ചേരി എന്നിവടങ്ങളിൽ നിന്നുള്ളവരും നെടുമ്പാശ്ശേരിയിൽനിന്നാണ് യാത്രയാകുന്നത്.

നെടുമ്പാശ്ശേരിയിൽനിന്നു ഷെഡ്യൂൾ ചെയ്തിരിക്കുന്നത് 20 വിമാനങ്ങളാണ്. സൗദി എയർലൈൻസിനാണ് ഇവിടെനിന്നുള്ള ഹജ്ജ് സർവീസിന് അനുമതി ലഭിച്ചത്. 377 പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന വിമാനങ്ങളാണ് സൗദി എയർലൈൻസ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കൂടുതൽ തീർഥാടകർ ഉള്ളത് മലപ്പുറത്ത് നിന്നാണ്. ഈ വർഷത്തെ ആദ്യ വിമാനം പുറപ്പെടുമ്പോൾ പലർക്കും വർഷങ്ങളായി താലോലിച്ച ആഗ്രഹത്തിന്റെ സാഫല്യം കൂടിയാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോകം മുഴുവൻ പ്രതിസന്ധിയിലായ 2020ലും 2021ലും നിയന്ത്രണങ്ങളോടെയാണ് ഹജ്ജ് നടന്നത്.

കൊച്ചിയിൽനിന്ന് മദീന വിമാനത്താവളത്തിൽ എത്തുന്ന തീർഥാടകർ പ്രവാചക നഗരിയിലെ സന്ദർശനത്തിനു ശേഷം മക്കയിലേക്ക് തിരിക്കും. ഹജ്ജ് കർമത്തിനുശേഷം ജിദ്ദ വിമാനത്താവളത്തിൽ നിന്നായിരിക്കും നെടുമ്പാശ്ശേരിയിലേക്കുള്ള മടക്കയാത്ര.