World

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കും; ശ്രീലങ്കൻ പ്രസിഡന്‍റ്

രാജ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോടബയ രാജപക്സ. വിവിധ പാർട്ടികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ പാർട്ടികളുടെ യോഗം വിളിച്ചത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന ആരോപണങ്ങൾ അദ്ദേഹം തള്ളി. ഭരണപക്ഷത്തെപ്പോലെ പ്രതിപക്ഷത്തിനും സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും ഗോടബയ ഓർമപ്പെടുത്തി.

രാജ്യത്ത് പാചകവാതകം, പാൽപ്പൊടി, മരുന്ന് എന്നിവയുടെ ദൗർലഭ്യത്തിനൊപ്പം ഇന്ധനക്ഷാമവും രൂക്ഷമാണ്. കൊവിഡ്, 2019ലെ ഈസ്റ്റർ ഭീകരാക്രമണം, 2019 അവസാനം നികുതി വെട്ടിക്കുറച്ചതുൾപ്പെടെയുള്ള പ്രധാന നയ മാറ്റങ്ങളാണ് ശ്രീലങ്കയിൽ സ്ഥിതി വഷളാക്കിയത്.
കൂടാതെ വിദേശനാണയശേഖരത്തിലെ പ്രതിസന്ധിയും ടൂറിസം മേഖലയിലെ തകര്‍ച്ചയുമാണ് ശ്രീലങ്കയുടെ സാമ്പത്തിക രംഗത്തെ ഏറെക്കുറെ തകർത്തു.

2013 ന് ശേഷം ഇതാദ്യമായാണ് ലങ്കയില്‍ ഭക്ഷ്യോത്പനങ്ങളുടെ വിലയില്‍ ഇത്രയധികം കുതിപ്പുണ്ടാകുന്നത്. മരുന്നുകള്‍ക്ക് ഉള്‍പ്പെടെ വലിയ ക്ഷാമം നേരിടുന്നു. രാജ്യത്ത് അഞ്ച് മണിക്കൂര്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. ജനറേറ്ററുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം ഇന്ധനക്ഷാമത്തിന് വഴിതെളിച്ചു. എല്ലാ ഉത്പനങ്ങളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യണം. കരുതല്‍ വിദേശ നാണ്യം ഇടിഞ്ഞതോടെ ഇറക്കുമതിയും നിലച്ചു. കൊവിഡ് പ്രതിസന്ധിയില്‍ ടൂറിസം മേഖല തകര്‍ന്നത് ലങ്കന്‍ പ്രതിസന്ധിയുടെ ആക്കം കൂട്ടി. തുടങ്ങിവച്ച മെഗാപ്രൊജക്ടുകളിലായിരുന്നു പ്രതീക്ഷകള്‍ അത്രയും. എന്നാല്‍ പ്രൊജക്ടുകള്‍ പലതും നഷ്ടത്തിലായതോടെ എല്ലാം താളംതെറ്റുകയായിരുന്നു.