Education World

ബൈജൂസിന് വെല്ലുവിളിയുമായി ആമസോണ്‍; ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗം പിടിച്ചടക്കാന്‍ ‘ആമസോണ്‍ അക്കാദമി’

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കോളേജ് എന്‍ട്രന്‍സ് പരീക്ഷയായ ജെ.ഇ.ഇക്ക് വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതിനായി പുതിയ വെര്‍ച്വല്‍ ലേണിങ് ആപ്പുമായി ആമസോണ്‍. ആമസോണ്‍ അക്കാദമി എന്നായിരിക്കും ആപ്പ് രൂപത്തിലും വെബ്സൈറ്റ് രൂപത്തിലും പുറത്തിറങ്ങുന്ന ലേണിങ് സ്പേസിന്‍റെ പേര്.

ഇന്ത്യയിലുടനീളമുള്ള മികച്ച എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രവേശനം അനുവദിക്കുന്ന ജോയിന്‍റ് എൻട്രൻസ് എക്‌സാമിനേഷന് (ജെഇഇ) തയ്യാറെടുക്കാൻ വിദ്യാർഥികളെ സഹായിക്കുന്നതിന് പഠന സാമഗ്രികൾ, തത്സമയ പ്രഭാഷണങ്ങൾ, വിലയിരുത്തലുകൾ എന്നിവ ആമസോണ്‍ അക്കാദമി നല്‍കും. നിലവില്‍ ആമസോണ്‍ അക്കാദമിയിലെ കണ്ടന്‍റുകള്‍ സൌജന്യമാണെന്നും കുറച്ച് മാസത്തേക്ക് സൌജന്യമായിരിക്കുമെന്നും ആമസോണ്‍ അറിയിച്ചു.

ഓരോ വര്‍ഷവും 20 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ജെഇഇ പരീക്ഷ എഴുതുന്നത്. ഇതിനായി പലരും സ്വകാര്യ വ്യക്തികളുടെയും ഇന്‍സ്റ്റിട്യൂട്ടുകളുടെയും കീഴില്‍ പരിശീലിച്ചുവന്നിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തരത്തിലുള്ള ട്യൂഷന്‍ സെന്‍ററുകള്‍ ഓണ്‍ലൈനാവുകയോ അടച്ചുപോവുകയോ ചെയ്യുകയായിരുന്നു.

കോവിഡ് കാലത്ത് സ്കൂളുകളും കോളേജുകളും പൂട്ടിയതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് വലിയ വളര്‍ച്ചയാണ് ഉണ്ടായത്. ഓണ്‍ലൈന്‍ വെര്‍ച്വല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ വിപ്ലവം സൃഷ്ടിച്ച ബൈജൂസ് ആപ്പിന് വെല്ലുവിളിയായാണ് ആമസോണ്‍ മാര്‍ക്കറ്റില്‍ രംഗപ്രവേശനം നടത്തുന്നത്.