World

ഖഷോഗി വധത്തില്‍ അയഞ്ഞ് തുര്‍ക്കി; സൗദിയിലെത്തി സല്‍മാന്‍ രാജകുമാരനെ പുണര്‍ന്ന് എര്‍ദൊഗന്‍

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉലഞ്ഞ തുര്‍ക്കി- സൗദി അറേബ്യ ബന്ധം വീണ്ടും ഉറപ്പിക്കുന്നതിന്റെ ഭാഗമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് എന്‍ദൊഗന്‍ സൗദി അറേബ്യയിലെത്തി. രാജ്യത്തെത്തിയ എര്‍ദൊഗനെ സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ സ്വീകരിച്ചു. എല്ലാ മേഖലകളിലും സൗദിയും തുര്‍ക്കിയും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് രണ്ട് നേതാക്കളും തമ്മില്‍ ധാരണയായി.

രാഷ്ട്രീയം, സൈനികം, സമ്പദ്‌വ്യവസ്ഥ, സംസ്‌കാരം എന്നിവയുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും പരസ്പരം സഹകരിച്ചുള്ള ഒരു പുതുയുഗം പിറക്കാനിരിക്കുകയാണെന്ന് എര്‍ദൊഗന്‍ പറഞ്ഞു. രാഷ്ട്രീയമായും സാമ്പത്തികമായും തുര്‍ക്കി തിരിച്ചടികള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് ബന്ധം ഊട്ടിയുറപ്പിക്കാന്‍ എര്‍ദൊഗന്‍ സൗദി അറേബ്യയിലേക്ക് പുറപ്പെട്ടത്. തുര്‍ക്കിഷ് ഉല്‍പ്പന്നങ്ങളുടെ പ്രധാന വിപണിയാണ് സൗദി അറേബ്യ. സൗദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക വഴി തുര്‍ക്കിഷ് സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതല്‍ സ്ഥിരത കൈവരിക്കാനാകുമെന്നാണ് എര്‍ദൊഗന്‍ പ്രതീക്ഷിക്കുന്നത്.

2018 ഒക്ടോബര്‍ മാസത്തിലാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ച് മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെടുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയാന്‍ കാരണമായിരുന്നു. സൗദി ആവശ്യപ്പെട്ടത് പ്രകാരം ഖഷോഗി കൊലപാതകത്തിലെ 26 പ്രതികള്‍ ഉള്‍പ്പെട്ട കേസിലെ വിചാരണ സൗദിക്ക് കൈമാറാമെന്ന് തുര്‍ക്കി സമ്മതിച്ചിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള മഞ്ഞുരുക്കത്തിന് കാരണമായിരുന്നു.