World

കുടിയേറ്റ കലാപം; പലസ്തീന്‍ ജനതയ്ക്ക് മൂന്ന് ലക്ഷം ഡോളറിന്റെ സഹായവുമായി ഇസ്രായേല്‍

അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു പലസ്തീനി കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കുടിയേറ്റക്കാരുടെ കലാപത്തിന് പിന്നാലെ പലസ്തീനികള്‍ക്ക് സഹായഹസ്തവുമായി ഇസ്രായേല്‍. 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷം ഡോളറാണ് പലസ്തീന് ഇസ്രായേല്‍ ജനത സമാഹരിച്ചുനല്‍കിയത്. ആക്രമണത്തില്‍ ഒരു പലസ്തീന്‍കാരന്‍ കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിക്കുകയും ചെയ്തു.(Israelis donate over 3lakh dollar for Palestinian)

ആക്രമണത്തിന് തൊട്ടുപിന്നാലെ പലസ്തീനിലെ ആക്ടിവിസ്റ്റും ഇസ്രായേലി ലേബര്‍ പാര്‍ട്ടി അംഗവുമായ യായ ഫിങ്ക് ആണ് ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്ന്‍ ആരംഭിച്ചത്. 27,275 ഡോളര്‍ സമാഹരണം ലക്ഷ്യമിട്ടുള്ള ക്രൗഡ് ഫണ്ടിങില്‍ ചൊവ്വാഴ്ച രാവിലെയോടെ മാത്രം 7,283 ഇസ്രായേലി പൗരന്മാര്‍ 291,015 ഡോളറാണ് സംഭാവന നല്‍കിയത്. ഇതൊരു ചെറിയ കാര്യം മാത്രമാണെന്നും പക്ഷേ ചെറിയ വെളിച്ചത്തിന് പോലും ഇരുട്ടിനെ അകറ്റാന്‍ കഴിയുമെന്നും ഫിങ്ക് ടൈംസ് ഓഫ് ഇസ്രായേലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കലാപത്തില്‍ പിടിയിലായ ആറ് പ്രതികളെ വിട്ടയച്ചു. രണ്ട് പേരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചതായും ഇസ്രായേല്‍ പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ കടുത്ത വിമര്‍ശനമാണ് ഇസ്രായേല്‍ നേരിട്ടത്. ലോഹദണ്ഡുകളും പാറകളും ഉപയോഗിച്ച് കലാപകാരികള്‍ പലസ്തീനികളെ ആക്രമിച്ചതായാണ് പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കണ്ണീര്‍ വാതക പ്രയോഗവും പുക ശ്വസിച്ചതും നിരവധി പേരെ ബാധിച്ചു. മുപ്പതോളം വീടുകളും നൂറിലേറെ വാഹനങ്ങളും കത്തിനശിച്ചു.

നൂറിലേറെ പേര്‍ ആക്രമണത്തില്‍ പങ്കെടുത്തെന്നും എട്ട് പേരെ മാത്രമാണ് പിടികൂടിയതെന്നും പലസ്തീന്‍ രാഷ്ട്രീയ വിശകലന വിദഗ്ധന്‍ ഇസ്മത്ത് മന്‍സൂര്‍ അല്‍ ജസീറയോട് പ്രതികരിച്ചു. അധിനിവേശ വെസ്റ്റ്ബാങ്കിലെ പലസ്തീനികള്‍ക്കെതിരെ അനധികൃത കുടിയേറ്റക്കാരായിട്ടുള്ള നൂറുകണക്കിന് ആക്രമണങ്ങളാണ് വര്‍ഷം തോറും നടത്തുന്നത്. ഈ വര്‍ഷം ഇതുവരെ അധിനിവേശ വെസ്റ്റ്ബാങ്കില്‍ മാത്രം നാല് പലസ്തീനികളാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച ഉച്ചയോടെ നാബ്ലസിനടുത്തുള്ള ഹുവാരയില്‍ പലസ്തീന്‍ പൗരന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് ഇസ്രായേലി ജൂത കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കുടിയേറ്റക്കാരുടെ ആക്രമണമുണ്ടായത്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിലവില്‍ നൂറുകണക്കിന് സൈനികരെ വിന്യസിച്ചിട്ടുണ്ട്.