World

നാളെ പാകിസ്താനിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ബലൂചിസ്താനിൽ സ്ഫോടനം; 25 പേർ കൊല്ലപ്പെട്ടു, 40ൽ അധികം പേർക്ക് പരുക്ക്

ബലൂചിസ്താനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. നാളെ പാകിസ്താനിൽ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് സ്ഫോടനം ഉണ്ടായത്. ആരും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ ലക്ഷ്യമിട്ടാണ് സ്ഫോടനം ആസൂത്രണം ചെയ്തത്.

സംഭവത്തിൽ 40 ലധികം പേർക്കാണ് പരിക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ബലൂചിസ്ഥാനിലെ പിഷിനിലെ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയായ അസ്ഫന്ദ്യാര്‍ ഖാന്‍ കകാറിന്റെ തെരഞ്ഞെടുപ്പ് ഓഫീസിന് പുറത്താണ് രണ്ട് സ്ഫോടനങ്ങളിൽ ഒന്ന് നടന്നത്. ഇതില്‍ 17 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഒരു മണിക്കൂറിനുള്ളില്‍ ജാമിയത് ഉലമ ഇസ്ലാം – പാകിസ്ഥാന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഓഫിസിന് മുന്നിലും സ്ഫോടനമുണ്ടായി. ഇതിൽ എട്ടുപേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരുക്ക് സംഭവിക്കുകയും ചെയ്തു. പാകിസ്താനിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടാണ് സ്ഫോടനങ്ങളെന്നും സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതികരിച്ചു. സ്ഫോടന സ്ഥലങ്ങളിൽ കർശന പരിശോധന തുടരുകയാണ്.