India International Uncategorized

ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്സ്

അനുമതി ലഭിച്ചാല്‍ അടുത്തമാസാവസാനത്തോടെ സര്‍വീസ് തുടങ്ങും

നാടണയാനുള്ള പ്രവാസികളുടെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് ഖത്തര്‍ എയര്‍വേയ്സിന്‍റെ പുതിയ പ്രഖ്യാപനം. അടുത്ത മാസാവസാനത്തോടെ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ 81 ഭാഗങ്ങളിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ സജ്ജമാണെന്ന് ഖത്തര്‍ എയര്‍വേയ്സ് സിഇഒ അക്ബര്‍ അല്‍ ബേകിര്‍ പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ സ്വന്തം നാടുകളിലെത്താന്‍ ആഗ്രഹിക്കുന്ന പത്ത് ലക്ഷം പ്രവാസികളെ നാട്ടിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ഖത്തര്‍ എയര്‍വേയ്സ് സിഇഒ വ്യക്തമാക്കി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ടിക്കറ്റ് ബുക്കിങ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ തുടങ്ങാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ 12 ഇടങ്ങളിലേക്കാണ് സര്‍വീസുണ്ടാവുക. കേരളത്തില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവയ്ക്ക് പുറമെ ഡല്‍ഹി അഹമ്മദാബാദ് അമൃത്സര്‍, ബംഗ്ലൂര്‍, മുംബൈ, ഗോവ, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുക.

നിലവില്‍ കേരളമുള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ഖത്തര്‍ എയര്‍വേയ്സ് നിലവില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്നുണ്ട്.