India Kerala Uncategorized

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് പൊലീസ്

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് പൊലീസ്. സാക്ഷിയെ ഭീഷണിപ്പെടുത്താൻ ഗണേഷ്‍ കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കുമാര്‍ ഉപയോഗിച്ച ഫോൺ നശിപ്പിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഇന്നലെ കൊല്ലത്ത് ഗണേഷിന്റെയും പ്രദീപിന്‍റെയും വീട്ടില്‍ നടന്ന റെയ്ഡിൽ ഫോൺ കണ്ടെത്താനായില്ല.

ബേക്കല്‍ പൊലീസിന്‍റെ ആവശ്യ പ്രകാരം പത്തനാപുരം പൊലീസാണ് എംഎല്‍എയുടെ വീട്ടില്‍ ഇന്നലെ തിരച്ചില്‍ നടത്തിയത്. സിവില്‍ വേഷത്തില്‍ സ്വകാര്യ വാഹനത്തില്‍ എത്തിയ സംഘം രണ്ട് മണിക്കൂറോളം തിരച്ചില്‍ നടത്തി. സൈബർ സെൽ ഉദ്യോഗസ്ഥർ അടക്കമുള്ളവർ പരിശോധനയിൽ പങ്കെടുത്തു. പ്രദീപ് കുമാറിന്‍റെ ഫോൺ കണ്ടെത്താനായിരുന്നു തിരച്ചിൽ. പ്രദീപിന്റെ കോട്ടാത്തലയിലെ വീട്ടില്‍ കൊട്ടാരക്കര പൊലീസും പരിശോധന നടത്തി. കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രദീപിന് കാസര്‍കോട് ഹൊസ്ദുർഗ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെയായിരുന്നു റെയ്ഡ്.

ജനുവരി 24ന് കാസർകോട് എത്തിയ പ്രദീപ്, ബേക്കൽ സ്വദേശി വിപിൻ ലാലിനെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കാസർകോട് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വസതിയിൽ നിന്ന് നവംബര്‍ 24ന് പുലർച്ചെയാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്.

സാക്ഷികളെ സ്വാധീനിക്കരുത്, കാസർകോട് ബേക്കൽ പൊലീസ് പരിധിയിൽ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യാപേക്ഷയെ എതിർത്തിരുന്നു. എന്നാൽ കോടതി ഇത് പരിഗണിച്ചില്ല. ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ നിക്ഷിപ്‌ത താല്പര്യക്കാരായ പോലീസ് ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച കേസാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.