Economy

കര്‍ഷകര്‍ കാളയും കലപ്പയുമായി വരണമായിരുന്നോ?’ കേന്ദ്രമന്ത്രിയോട് എഎപി

കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാർഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ കണ്ടിട്ട് കര്‍ഷകരാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി കെ സിങിന് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി. കര്‍ഷകര്‍ കാളയും കലപ്പയുമായി സമരത്തിന് വരണമായിരുന്നോ എന്നാണ് എഎപിയുടെ ചോദ്യം.

“കർഷകരുടെ താൽപര്യ പ്രകാരമാണ് പുതിയ കാര്‍ഷിക നിയമം കൊണ്ടുവന്നത്. നിയമം കൊണ്ടുവന്നതില്‍ മറ്റുള്ളവര്‍ക്കാണ് പ്രശ്നം. പ്രതിപക്ഷത്തിന് പുറമെ ഇടനിലക്കാരും സമരത്തിലുണ്ട്. സമരം ചെയ്യുന്നവരുടെ ചിത്രം കണ്ടിട്ട് കര്‍ഷകരാണെന്ന് തോന്നുന്നില്ല” എന്നാണ് മന്ത്രി വി കെ സിങ് പറഞ്ഞത്. മന്ത്രിയുടെ ഈ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നു.

സമരം ചെയ്യുന്ന കര്‍ഷകരെ തീവ്രവാദികളെന്നും മാവോയിസ്റ്റുകളെന്നും ഖാലിസ്ഥാന്‍ വാദികളെന്നുമൊക്കെയാണ് ബിജെപി നേതാക്കള്‍ ആക്ഷേപിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അവകാശപ്പെട്ടത് സമരം ചെയ്യുന്നവരില്‍ ഹരിയാനക്കാര്‍ ഇല്ലെന്നാണ്. പഞ്ചാബില്‍ നിന്നുള്ളവരാണ് സമരം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. പഞ്ചാബില്‍ നിന്ന് മാത്രമല്ല ബിജെപി ഭരിക്കുന്ന ഹരിയാന, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും സമരത്തിലുണ്ട്. ഡല്‍ഹി കത്തിക്കാനാണ് സമരക്കാര്‍‌ ശ്രമിക്കുന്നതെന്നാണ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ ആരോപണം.

കടുത്ത തണുപ്പില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും ഉപയോഗിച്ചാണ് പൊലീസ് നേരിടുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. നാളെ വീണ്ടും ചര്‍ച്ച നടത്തും.