Business Economy Europe Gulf India Pravasi Switzerland Technology World

ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ്‌കോയ്ൻ , NFT എന്നിവയുടെ മായാലോകത്തിലേക്കു പ്രവേശിക്കുവാൻ ലളിതമായുള്ള ഓഡിയോ വിവരണവും ലേഖനവുമായി സ്വിറ്റസർലണ്ടിൽനിന്നും ഫൈസൽ കാച്ചപ്പള്ളി.

എന്താണ് ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, ബിറ്റ്കോയിൻ, NFT ?

ഈ അടുത്ത കാലം വരെ ബിറ്റ്കോയിൻ എന്ന് മാത്രമാണ് നമ്മളൊക്കെ കേട്ടിരുന്നത് എന്നാൽ ഇപ്പോൾ ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി, NFT തുടെങ്ങി ഒരുപാട് പേരുകൾ കേൾക്കുന്നുണ്ട്. എന്താണ് ഇവയെല്ലാം, എങ്ങിനെയാണ് ഇവയൊക്കെ പ്രവർത്തിക്കുന്നത് എന്നൊക്കെ നമുക്കൊന്ന് പരിശോധിക്കാം.

എന്റെ പേര് ഫൈസൽ കാച്ചപ്പിള്ളി. ഞാൻ ഒരു അപ്ലിക്കേഷൻ ഡെവലപ്പർ ആണ്, അതിലുപരി പുതിയ ടെക്നോളജികളും അതിന്റെ പ്രവർത്തനങ്ങളും അറിയാനും പഠിക്കാനും ശ്രെമിച്ചുകൊണ്ടിരിക്കുന്നു. ഞാൻ വായിച്ചും പരീക്ഷിച്ചും മനസ്സിലാക്കിയ കാര്യങ്ങൾ ആണ് ഇവിടെ പറയാൻ ആഗ്രഹിക്കുന്നത്. ഞാൻ ഒരു ഫിനാൻഷ്യൽ അഡ്വൈസർ അല്ല, എനിക്കറിയാവുന്നത് ടെക്‌നിക്കൽ ആയ കാര്യങ്ങൾ മാത്രമാണ്, അതുകൊണ്ട് നിങ്ങൾ ഇതിലെവിടെയെങ്കിലും പൈസ ഇൻവെസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നല്ലൊരു ഫിനാൻഷ്യൽ അഡ്വൈസറുടെ ഉപദേശം സ്വീകരിച്ചതിന് മാത്രം ചെയ്യുക.

ബിറ്റ്കോയിൻ എന്താണ്? എവിടെ നിന്ന് എങ്ങിനെ മേടിക്കാം എന്ന് മാത്രമാണ് എല്ലാവരും അന്വേഷിക്കാറുള്ളത് കാരണം നമ്മളൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് 2012 ൽ 1 ലക്ഷം രൂപക്ക് ബിറ്റ്കോയിൻ മേടിച്ച് വെച്ചിരുന്നെങ്കിൽ, 2021 ലെ കൂടിയ എക്സ്ചേഞ്ച് റേറ്റ് നോക്കിയാൽ അതിന്റെ ഇന്നത്തെ വില ഏകദേശം 200 കോടിയോളം രൂപ ആണ്. ഇതെല്ലാം കേൾക്കാൻ തുടെങ്ങിയപ്പോഴാണ് ഒരുപാട് പേർ ബിറ്റ്കോയിനെക്കുറിച്ച് അന്വേഷിക്കാനും പഠിക്കാനും തുടെങ്ങിയത്. ഈ പറഞ്ഞത് സത്യവുമാണ്, നിങ്ങൾ ഗൂഗിളിൽ ചെക്ക് ചെയ്താൽ അറിയാൻ സാധിക്കും. 2010 ൽ ഒരു ബിറ്റ്കോയിന്റെ വില 5.22 രൂപ ($0.09) ആയിരുന്നു, ആ കാലഘട്ടങ്ങളിലാണ് 1 ലക്ഷം രൂപക്ക് ബിറ്റ്കോയിൻ മേടിച്ചു വെച്ചിരുന്നെങ്കിൽ ഇന്ന് അത് ആയിരക്കണക്കിന് കോടികളാണ്. ഇന്ന് 2021 ൽ ഒരു ബിറ്റ്കോയിന്റെ വില ഏകദേശം 50000 ഡോളർ ആണ്. ഇപ്പോൾ നിങ്ങളുടെ മനസ്സിലെ ചോദ്യം, ഒരു ലക്ഷം രൂപക്ക് ബിറ്റ്കോയിൻ മേടിച്ചാൽ, എത്ര കോടികൾ സമ്പാദിക്കാം എന്നായിരിക്കും, അതിനുള്ള ഉത്തരം ഇനി പറയാൻ പോകുന്ന കാര്യങ്ങൾ കേട്ടാൽ നിങ്ങൾക്ക് മനസ്സിലാകും. ഈ തുകകൾ കേട്ട് ചാടി പുറപ്പെടുന്നതിന് മുൻപ് നിങ്ങൾ ബിറ്റ്കോയിന്റെ പുറകിലെ ഒരുപാട് കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഏറ്റവും ആദ്യം അറിയേണ്ടത് ബ്ലോക്ക്ചെയിൻ എന്താണ് എന്നുള്ളതാണ്.

എന്താണ് ബ്ലോക്ക്ചെയിൻ ടെക്നോളജി ?

ഒരു കമ്പ്യൂട്ടർ ശൃംഖല പരിപാലിക്കുന്ന, ഹാക്ക് ചെയ്യാനോ വഞ്ചിക്കാനോ ബുദ്ധിമുട്ടുള്ളതോ അല്ലങ്കിൽ അസാധ്യമായതോ ആയ ഇടപാടുകളുടെ ഒരു പൊതു ഡിജിറ്റൽ ലെഡ്ജർ (ലിസ്റ്റ് ഓഫ് ടാറ്റ) ആണ് ബ്ലോക്ക്ചെയിൻ. Finance ന്റെ കാര്യത്തിലാണെങ്കിൽ ഒരു ഗവണ്മെന്റിന്റെയോ, ബാങ്കിന്റെയോ, മറ്റേതെകിലും ഇടനിലസ്ഥാപനത്തിന്റെയോ സഹായമില്ലാതെ, ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുമായി നേരിട്ട് സുരക്ഷിതമായി വളരെ വേഗത്തിൽ പണ ഇടപാടുകൾ നടത്തുവാൻ സാധിക്കുന്നതാണ് ഈ ടെക്നോളജി, ഇതിനെയാണ് Decentralized finance (DeFi) എന്ന് വിളിക്കുന്നത്. ബ്ലോക്ക്ചെയിൻ എന്നത് ക്രിപ്റ്റോ കറൻസിക്ക് വേണ്ടി മാത്രം ഉള്ളതല്ല, സർക്കാർ സേവനങ്ങൾ, സാമ്പത്തിക സേവനങ്ങൾ, ആരോഗ്യമേഖല, ഇൻഷുറൻസ്, മാധ്യമമേഖല, വിനോദസഞ്ചാരമേഖല, റിയൽഎസ്റ്റേറ്റ്, ടെലികമ്മ്യൂണിക്കേഷൻസ് തുടെങ്ങിയ ഒരുമാതിരിപ്പെട്ട എല്ലാ മേഖലകളിലും ബ്ലോക്ക്ചെയിൻ ടെക്നോളജി ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. പല രാജ്യങ്ങളിലും പല മേഖലകളിലും ഇതിനോടകം തന്നെ ബ്ലോക്ക്ചെയിൻ ഉപയോഗിക്കാൻ തുടെങ്ങികഴിഞ്ഞു. ആന്ധ്രാപ്രദേശിൽ സർക്കാർ, റിയൽ എസ്റ്റേറ്റ് മേഖലയിൽ 2019 മുതൽ ബ്ലോക്ക്ചെയിൻ ടെക്നോളജിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത് നമ്മളെല്ലാവരും വാർത്തകളിൽ കണ്ടതാണ്, ഇത്തരം മേഖലകളിൽ ബ്ലോക്ക്ചെയിന്റെ ഉപയോഗം കൊണ്ട് ഭൂമി രേഖയിൽ ഉണ്ടാക്കുന്ന കൃത്രിമങ്ങൾ എല്ലാം തന്നെ പൂർണ്ണമായും തുടച്ചു നീക്കാനാകും.

...

To listen the audio of this article, play the audio file below.

ഈ ആർട്ടിക്കിൾ ഓഡിയോ ആയി കേൾക്കുവാൻ താഴെ കാണുന്ന ഓഡിയോ ഫയൽ പ്ലേ ചെയ്യുക.

Part 1

Part 2

Part 3

Part 4

എങ്ങിനെ ആണ് ഒരു ബ്ലോക്ക്ചെയിൻ പ്രവർത്തിക്കുന്നത് എന്ന് നോക്കാം, ഉദാഹരണത്തിന് നമുക്കെല്ലാം സുപരിചിതമായ “ചിട്ടി” തന്നെ എടുക്കാം. നിക്ഷേപത്തിന്റെയും വായ്പയുടേയും സ്വഭാവസവിശേഷതകളുള്ളതും, വ്യക്തിപരമായ ആവശ്യങ്ങൾക്ക് കൂട്ടായ്മയുടെ പങ്കാളിത്തത്തോടെയുള്ള ഒരു സാമ്പത്തിക വിനിമയ സംവിധാനമാണ് ചിട്ടി അഥവാ കുറി. മുൻ നിശ്ചിതമായ അടവുതുകയും തവണകളും ആവശ്യമനുസരിച്ച് വിളിച്ചെടുക്കാനുള്ള സൗകര്യവും ഇതിന്റെ പ്രത്യേകതകളാണ്.

100 പേര് ഉള്ള ഒരു ചിട്ടി നടത്തുന്നത് x എന്ന സ്ഥാപനം ആണെന്ന് കരുതുക. എല്ലാ ആഴ്ചയിലും 50 രൂപ അടക്കണം എന്ന് വെക്കുക. സാധാരണ ഗതിയിൽ ഇതിലെ ഓരോരുത്തർക്കും അവരവരുടെ പാസ്ബുക്ക് ഉണ്ടാകും, ഒരാൾ ഓരോ തവണ പൈസ അടക്കുമ്പോഴും അത് അവരവരുടെ പാസ്സ്‌ബുക്കിലും, x എന്ന സ്ഥാപനത്തിന്റെ ലെഡ്ജറിലും രേഖപ്പെടുത്തും. ഈ ചിട്ടിയിലുള്ള ഒരാൾ സ്വന്തം പാസ്സ്‌ബുക്കിൽ കൃത്രിമമായി ഒരു തുക എഴുതിച്ചേർത്താൽ, x എന്ന സ്ഥാപനം ഒരിക്കലും സമ്മതിക്കില്ല, കാരണം x എന്ന സ്ഥാപനത്തിന്റെ ലെഡ്ജറാണ് എല്ലാവർക്കും വിശ്വസിനീയമായ രേഖ, ഇതിനെയാണ് സെൻട്രലൈസ്ഡ് സിസ്റ്റം എന്ന് പറയുന്നത്, അതായത് x എന്ന സ്ഥാപനത്തിന്റെ ലെഡ്ജറിൽ ഉള്ള കണക്കുകൾ, ചിട്ടിയിലുള്ള 100 പേരുടെയും ഒരു വിശ്വാസം മാത്രമാണ്. ഇവിടെയുള്ള കുഴപ്പം എന്താണെന്ന് വെച്ചാൽ, x എന്ന സ്ഥാപനത്തിന്റെ ഒരു ജീവനക്കാരൻ വിചാരിച്ചാൽ സ്ഥാപനത്തിന്റെ ലെഡ്ജറിൽ ഒരു കൃത്രിമം നടത്താം, അല്ലങ്കിൽ ഈ സ്ഥാപനത്തിന്റെ സിസ്റ്റം ആരെങ്കിലും ഹാക്ക് ചെയ്ത് കൃത്രിമം കാണിച്ചാൽ അത് തെളിയിക്കാൻ വളരെ പ്രയാസമായിരിക്കും. ചില മാധ്യമങ്ങളുടെ സർവ്വേയിൽ പറയുന്നത്, നമ്മുടെ ഇന്ത്യയിൽ ചിട്ടിയുടെ പേരിൽ ഒരു വർഷം ഏകദേശം 70000 കോടി രൂപയുടെ കൃത്രിമങ്ങൾ നടക്കുന്നുണ്ട് എന്നാണ്. ഇവിടെയാണ് ബ്ലോക്ക്ചെയിൻ ടെക്നോളജിയുടെ പ്രസക്തിയേറുന്നത്.

ഇതേ ചിട്ടി ബ്ലോക്ക്ചെയിൻ ടെക്നോളജിയിലൂടെ ആണെങ്കിൽ എങ്ങിനെ ആയിരിക്കും പ്രവർത്തിക്കുക എന്ന് നോക്കാം.

ബ്ലോക്ക്ചെയിൻ ഒരു ഡീസെൻട്രലൈസ്ഡ് സിസ്റ്റം ആണ്. അതായത് ഒരാൾ തന്റെ ആ ആഴ്ചയിലെ തവണയായ 50 രൂപ അടക്കുമ്പോൾ, ഈ ചിട്ടിയിലെ 100 പേരുടെ പാസ്ബുക്കിലും, x എന്ന സ്ഥാപനത്തിന്റെ ലെഡ്ജറിലും ഒരുപോലെ രേഖപെടുത്തുകയാണെന്ന് കരുതുക, ഇതുപോലെ ഈ ചിട്ടിയിലെ 100 പേരുടെയും എല്ലാ അടവുകളും ഇതുപോലെ 100 പേരുടെ പാസ്ബുക്കിലും, x എന്ന സ്ഥാപനത്തിന്റെ ലെഡ്ജറിലും ഒരുപോലെ രേഖപെടുത്തുകയാണെങ്കിൽ എങ്ങിനെയാണ് ഈ ചിട്ടി ശൃംഖലയിൽ ഒരു കൃത്രിമം നടത്താൻ സാധിക്കുക. കൂടാതെ x എന്ന സ്ഥാപനത്തിന്റെ ഒരു ജീവനക്കാരൻ മൂലമോ, ഒരു ഹാക്കർ മൂലമോ സ്ഥാപനത്തിന്റെ ലെഡ്ജറിൽ എന്തെങ്കിലും കൃത്രിമം സംഭവിച്ചാൽ ചിട്ടിയിലുള്ള മറ്റു 100 പേരുടെ പാസ്ബുക്കിലും അതെ രേഖകൾ ഒരുപോലെ ഉള്ളത് കൊണ്ട്, യാതൊരു രീതിയിലും ഉള്ള തട്ടിപ്പുകളും സാധ്യമല്ല. ഇതാണ് ബ്ലോക്ക്ചെയിൻ ടെക്നോളജി. ഡിജിറ്റൽ ലോകത്താണെങ്കിൽ ഈ 100 പേരും x എന്ന സ്ഥാപനവും ഒരു കമ്പ്യൂട്ടർ ശൃംഖലയിലെ ഓരോ കംപ്യൂട്ടറുകൾ ആയിരിക്കും, അങ്ങനെ എല്ലാ ട്രാൻസാക്ഷൻ നടക്കുമ്പോഴും, അത് എല്ലാ കമ്പ്യൂട്ടറിൽ സേവ് ചെയ്യുകയും, കൂടാതെ എല്ലാ കമ്പ്യൂട്ടറിലും സേവ് ചെയ്തു എന്ന് ഉറപ്പ് വരുത്തുകയും ചെയ്താലെ അത് ഒരു ട്രാൻസാക്ഷൻ ആയി അംഗീകരിക്കുകയുള്ളൂ. ഓരോ ട്രാൻസാക്ഷനെയും ഒരു ബ്ലോക്ക് എന്നാണ് വിളിക്കുന്നത്, ട്രാൻസാക്ഷൻ കൂടുന്നതനുസരിച്ച് ബ്ലോക്കുകളുടെ എണ്ണവും കൂടും, ഇതുകൊണ്ടാണ് ബ്ലോക്ക്ചെയിൻ എന്ന് വിളിക്കുന്നത്.

ഇത് ഒരു ചെറിയ ഉദാഹരണം മാത്രമാണ്. യഥാർത്ഥ ബ്ലോക്ക്ചെയിനുകളിൽ, ഒരു ട്രാൻസാക്ഷൻ നടക്കുമ്പോൾ, ലക്ഷക്കണക്കിന് അല്ലങ്കിൽ കോടിക്കണക്കിന് കംപ്യൂട്ടറുകളിലായിരിക്കും ഓരോ ബ്ലോക്കും സേവ് ചെയ്യുക, അതായത് എന്തെങ്കിലും കൃത്രിമം കാണിക്കണം എന്നുണ്ടെങ്കിൽ 51% കംപ്യൂട്ടറുകളിലെങ്കിലും ഒരുപോലെ കൃത്രിമം കാണിച്ചാൽ മാത്രമേ ഒരു ബ്ലോക്ക്ചെയിനിൽ കൃത്രിമം നടപ്പിലാക്കാൻ സാധിക്കുകയുള്ളൂ. ഇത് ഒരിക്കലും സാധ്യമല്ല എന്നാണ് വിദഗ്ദ്ധരുടെ നിഗമനങ്ങൾ.

എന്താണ് ക്രിപ്റ്റോ കറൻസി ?

നാമെല്ലാവരും ദിവസവും ഉപയോഗിക്കുന്ന പരമ്പരാഗത കറൻസിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന താരതമ്യേന പുതിയ തരത്തിലുള്ള ഡിജിറ്റൽ പണമാണ് ക്രിപ്‌റ്റോകറൻസി. ഏറ്റവും അടിസ്ഥാനപരമായ വ്യത്യാസം, ഇത് ഒരു വെർച്വൽ കറൻസി മാത്രമാണ് എന്നുള്ളതാണ്, അതായത് നിങ്ങളുടെ പിൻ പോക്കറ്റിൽ സൂക്ഷിക്കാൻ കഴിയുന്ന ഫിസിക്കൽ നാണയങ്ങളോ നോട്ടുകളോ അല്ല ക്രിപ്‌റ്റോകറൻസി.

ഇന്ത്യൻ രൂപ, ഡോളർ, യൂറോ തുടെങ്ങിയ ഫിയറ്റ് കറൻസികൾ പോലെ ഒരു ഗവൺമെന്റോ, സെൻട്രൽ ബാങ്കോ നിർമ്മിക്കുന്നതല്ല ക്രിപ്റ്റോകറൻസി, പകരം ബ്ലോക്ക്ചെയിൻ ടെക്നോളജിയിലൂടെ വലിയൊരു കമ്പ്യൂട്ടർ ശൃംഖലയുടെ പങ്കാളിത്തത്തോടെയുള്ള സാങ്കേതീക പ്രക്രിയയിലൂടെയാണ് ക്രിപ്റ്റോ കറൻസികൾ പ്രചാരത്തിൽ വരുന്നത്. ഇതുകൊണ്ടാണ് ക്രിപ്റ്റോകറൻസി ഒരു ഡിസെൻട്രലൈസ്ഡ് ആണ് എന്ന് പറയുന്നത്. ആദ്യത്തെ ക്രിപ്‌റ്റോകറൻസി ബിറ്റ്‌കോയിൻ ആയിരുന്നു. എന്നാൽ ബിറ്റ്‌കോയിൻ ഔപചാരികമായി അവതരിപ്പിക്കപ്പെടുന്നതിന് വർഷങ്ങൾക്ക് മുൻപ് മുതൽ ഡിജിറ്റൽ കറൻസികൾ സൃഷ്ടിക്കുന്നതിനുള്ള നിരവധി ശ്രമങ്ങൾ നടന്നുകൊണ്ടിരുന്നു.

2011 വരെ ബിറ്റ്‌കോയിൻ മാത്രമായിരുന്നു ഏക ക്രിപ്‌റ്റോകറൻസി. എന്നാൽ തുടർന്ന് ക്രിപ്‌റ്റോകറൻസി അനുകൂലികൾ ബിറ്റ്കോയിന്റെ വേഗത, സുരക്ഷ തുടെങ്ങിയ പോരായ്മ്മകളെ തിരിച്ചറിയാൻ തുടെങ്ങി, അതിന്റെ ഫലമായി ഒരുപാട് പുതിയ ക്രിപ്റ്റോ കറൻസികൾ പ്രചാരത്തിൽ വന്നു. ബിറ്റ്കോയിൻ അല്ലാതെയുള്ള മറ്റെല്ലാ ക്രിപ്റ്റോ കറൻസികളെയും ആൾട്കോയിൻസ് എന്നാണ് അറിയപ്പെടുന്നത്. ഈ 2021 വരെ മൊത്തത്തിൽ 10000 ൽ പരം വെത്യസ്ഥമായ ക്രിപ്റ്റോ കറൻസികൾ നിലവിൽ വന്നിട്ടുണ്ട്.

ക്രിപ്റ്റോ കറൻസി എന്നത് ബ്ലോക്ക് ചെയിൻ എന്ന ശക്തമായ ഒരു ആശയത്തിലൂടെ വരുന്നതായതുകൊണ്ട്, പരമ്പരാഗതമായി നമ്മൾ തുടർന്നുകൊണ്ടിരിക്കുന്ന പണമിടപാട് രീതികൾ എല്ലാം തന്നെ ഭാവിയിൽ മാറ്റി എഴുതപ്പെടും. ഉദാഹരണത്തിന് നിങ്ങൾ സ്വിറ്റസർലാന്റിൽ നിന്നും കേരളത്തിലേക്ക് പണം ബാങ്ക് വഴി അയക്കുകയാണെങ്കിൽ, ഈ പണം ഒരിക്കലും ഫിസിക്കലി കേരളത്തിൽ എത്തുന്നില്ല, പകരം വിവിധ ഇടനില ബാങ്കുകളുടെ ലെഡ്ജറുകളിൽ അടയാളപ്പെടുത്തി ഒടുവിൽ നമ്മൾ അയക്കാൻ ഉദ്ദേശിച്ച കേരളത്തിലെ ബാങ്കിന്റെ ലെഡ്ജറിൽ എത്തുന്നു, ഇതിനിടയിൽ പ്രവർത്തിച്ച എല്ലാ ഇടനില ബാങ്കുകളും അവരുടെ കമ്മിഷൻ എടുക്കുന്നു, കൂടാതെ ഒരു നിശ്ചിത സമയത്തിന് ശേഷമേ കേരളത്തിലെ ബാങ്കിൽ എത്തുകയും ഉള്ളു. എന്നാൽ ക്രിപ്റ്റോ കറൻസിയിലൂടെ ആണെങ്കിൽ A എന്ന വെക്തി B എന്ന വ്യക്തിക്ക് അയക്കുന്നു ഇതിനിടയിൽ വേറൊരു ഇടനിലക്കാരൻ ഇല്ല, കൂടാതെ അയച്ച ഉടനെ തന്നെ B എന്ന വ്യക്തിക്ക് ലഭിക്കുന്നു എന്ന് മാത്രമല്ല ഇങ്ങനെ നടക്കുന്ന ഓരോ ട്രാൻസാക്ഷനും അതാത് ബ്ലോക്ക്‌ചെയ്‌നിന്റെ എല്ലാ കമ്പ്യൂട്ടറുകളിലും ഓരോ ബ്ലോക്ക് ആയി സേവ് ചെയ്യപ്പെടുന്നു.

ക്രിപ്‌റ്റോകറൻസിയിലെ “ക്രിപ്‌റ്റോ” എന്ന വാക്ക്, ഉപയോക്താക്കൾക്കിടയിൽ അയക്കുന്ന എല്ലാ ഇടപാടുകളും സുരക്ഷിതമാക്കാൻ, വിവരങ്ങൾ എൻക്രിപ്റ്റ് ചെയ്യുന്നതിനും ഡിക്രിപ്റ്റ് ചെയ്യുന്നതിനുമുള്ള പ്രത്യേക സംവിധാനമായ “ക്രിപ്‌റ്റോഗ്രഫി” യെ സൂചിപ്പിക്കുന്നു. ഓരോ വ്യക്തിയുടെയും ട്രാൻസാക്ഷൻ, ബാലൻസ് തുടെങ്ങിയവ ട്രാക്ക് ചെയ്യുന്നതിനും നെറ്റ്‌വർക്ക് സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനും ഒരു ബാങ്ക് പോലെയുള്ള ഒരു ഇടനിലക്കാരന്റെ ആവശ്യമില്ലാതെ തന്നെ ടോക്കണുകൾക്കും കോയിനുകൾക്കും പരസ്പരം സ്വതന്ത്രമായി ഇടപാട് നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നതിൽ ക്രിപ്‌റ്റോഗ്രഫി നിർണായക പങ്ക് വഹിക്കുന്നു.

എന്താണ് ബിറ്റ്കോയിൻ ?

1991 ൽ സ്റ്റുവർട്ട് ഹേബർ, ഡബ്ല്യു. സ്കോട്ട് സ്റ്റോർനെറ്റ എന്നീ രണ്ട് ഗവേഷകരാണ് ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ആദ്യമായി രൂപപ്പെടുത്തിയത്. ഡോക്യൂമെന്റിന്റെ ടൈം സ്റ്റാമ്പുകളിൽ (നടന്ന സമയത്തിന്റെ ഡിജിറ്റൽ റെക്കോർഡ്) കൃത്രിമം കാണിക്കാൻ കഴിയാത്ത ഒരു സംവിധാനം നടപ്പിലാക്കാൻ അവർ ആഗ്രഹിച്ചു പക്ഷെ 1992 ൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനു വേണ്ടി ബ്ലോക്ക്ചെയിന് പകരം ഒരൊറ്റ ബ്ലോക്കിൽ രേഖകൾ ശേഖരിക്കാൻ തുടെങ്ങി. പിന്നീട് 2008 ൽ സതോഷി നകാമോട്ടോ തന്റെ ആദ്യത്തെ ബ്ലോക്ക്‌ചെയിൻ ആശയം രൂപപ്പെടുത്തി. സതോഷി നകാമോട്ടോ ഒരു വെക്തി ആണെന്നും ഒരു കൂട്ടം ആൾക്കാർ ആണെന്നും പറയുന്നുണ്ട് പക്ഷെ ഇതുവരെ അതിനു ഒരു വ്യക്തത വന്നട്ടില്ല.

2008 ൽ, Bitcoin.org എന്ന ഡൊമൈൻ ഒരു അജ്ഞാത ഉടമ രജിസ്റ്റർ ചെയ്തു, അതിന് ശേഷം ഒരു ക്രിപ്‌റ്റോഗ്രഫി മെയിലിംഗ് ലിസ്റ്റിൽ “ബിറ്റ്‌കോയിൻ P2P ഇ-ക്യാഷ് പേപ്പർ” എന്ന പേരിൽ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. അതിൽ “ബിറ്റ്‌കോയിൻ: എ പിയർ-ടു-പിയർ ഇലക്ട്രോണിക് ക്യാഷ് സിസ്റ്റം” എന്ന പേരിലുള്ള ഒരു വൈറ്റ്പേപ്പറിലേക്കുള്ള ലിങ്ക് ഉണ്ടായിരുന്നു. ബിറ്റ്കോയിന് പിന്നിലെ പൂർണ്ണമായ ഘടനയും ആശയവും വിശദീകരിക്കുന്ന ഒമ്പത് പേജുള്ള രേഖ ആയിരുന്നു അത്. “സതോഷി നകമോട്ടോ” എന്ന ഓമനപ്പേരായിരുന്നു ഈ രേഖയുടെ രചയിതാവിന്. ഈ രേഖ പ്രസിദ്ധീകരിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ബിറ്റ്കോയിൻ 0.1 എന്ന ആദ്യ വേർഷൻ ഇറങ്ങുന്നത്. 2009 ജനുവരി 6 ന് ബിറ്റ്കോയിന്റെ സ്ഥാപകനായ നകാമോട്ടോയും, ഡവലപ്പറും ക്രിപ്റ്റോ ആക്ടിവിസ്റ്റുമായ ഹാൽ ഫിന്നിയും തമ്മിലുള്ള ബിറ്റ്കോയിന്റെ ആദ്യ ഇടപാട് നടന്നു.

ഡിജിറ്റൽ പണം അഭിമുഖീകരിക്കുന്ന “ഡബിൾ സ്പെൻഡ്‌” എന്ന പ്രശ്നം പരിഹരിക്കാം എന്ന ഉദ്ദേശത്തോടെയാണ് ബിറ്റ്കോയിൻ ഉടലെടുത്തത്. ബിറ്റ്കോയിൻ മൈനിങ് എന്ന പ്രക്രിയയിലൂടെ ആണ് ഓരോ പുതിയ ബിറ്റ്കോയിനും പ്രചാരത്തിലേക്ക് വരുന്നത്. അതിസങ്കീർണമായ ഒരു കമ്പ്യൂട്ടേഷണൽ ഗണിത പ്രശ്നം പരിഹരിക്കുന്ന വളരെ പവർഫുൾ ആയ കമ്പ്യൂട്ടർ ഉപയോഗിച്ച് ആർക്കും ബിറ്റ്കോയിൻ മൈനിങ് നടത്താം. അങ്ങനെ മൈനിങ് ചെയ്യുന്നതിലൂടെ, പണം നിക്ഷേപിക്കാതെ തന്നെ നിങ്ങൾക്ക് ക്രിപ്‌റ്റോകറൻസി സമ്പാദിക്കാം. സങ്കീർണ്ണമായ ഒരു ഹാഷിംഗ് പസിലിന് ആദ്യം പരിഹാരം കണ്ടെത്തുന്ന മൈനിങ് തൊഴിലാളിക്ക് മൈനിംഗിനുള്ള പ്രതിഫലം ലഭിക്കും.

ചില ക്രിപ്റ്റോ കറൻസികൾ അതിന്റെ നിർമ്മാതാക്കൾ തുടരെ തുടരെ നിർമ്മിച്ചുകൊണ്ടിരിക്കുന്നു എന്നാൽ ചില ക്രിപ്റ്റോ കറൻസികൾ ലിമിറ്റഡ് ആണ്. അങ്ങനെ ഉള്ള ഒരു ക്രിപ്റ്റോ കറൻസി ആണ് ബിറ്റ്കോയിൻ. ആകെ മൊത്തം 21 മില്യൺ ബിറ്റ്കോയിൻ മാത്രമെ ഉള്ളൂ അതിൽ 18.82 മില്യൺ ബിറ്റ്കോയിൻ ഈ കഴിഞ്ഞ സെപ്റ്റംബർ 2021 നോടകം മൈനിങ് എന്ന പ്രക്രിയയിലൂടെ കുഴിച്ചെടുത്ത കഴിഞ്ഞു. ഓരോ നാല് വർഷത്തിലും ബിറ്റ്കോയിൻ മൈനിങ്ങിനുള്ള പ്രതിഫലം പകുതിയായി കുറയുന്നു. 2009 ൽ ആദ്യമായി മൈനിങ് നടന്നപ്പോൾ ഒരു ബ്ലോക്ക് മൈൻ ചെയ്യുന്നതിന് 50 ബിറ്റ്‌കോയിൻ (BTC) ആയിരുന്നു പ്രതിഫലം. 2012 ൽ പകുതിയായി കുറഞ്ഞ് 25 ബിറ്റ്‌കോയിൻ (BTC) ആയി. 2016 ൽ 12.5 BTC ആയും 2020 ൽ 6.25 BTC ആയും കുറഞ്ഞു. 2021 സെപ്റ്റംബറിൽ, ഒരു ബിറ്റ്കോയിന്റെ വില ഏകദേശം $45,000 ആയിരുന്നു, അതായത് ഒരു ബ്ലോക്ക് മൈൻ ചെയ്ത് പൂർത്തിയാക്കുന്നതിന് $281,250 (6.25 x 45,000) ലഭിക്കുമായിരുന്നു.

ഇനി നമുക്ക് ബിറ്റ്കോയിന്റെ വില ചരിത്രം നോക്കാം: 2011 ഫെബ്രുവരി ആയപ്പോഴേക്കും ഒരു ബിറ്റ്കോയിന്റെ വില 1 ഡോളർ കവിഞ്ഞു, 2011 ജൂൺ ൽ അത് 31 ഡോളറിലേക്ക് എത്തി. 2017 നവംബറിൽ 10000 ഡോളർ ആയി. 2021 ഓഗസ്റ്റ് ആയപ്പോഴേക്കും ഒരു ബിറ്റ്കോയിന്റെ വില ഏകദേശം 67000 ഡോളർ ആയി മാറി.

രസകരമായ സംഭവം ആദ്യത്തെ വാണിജ്യ ബിറ്റ്കോയിൻ ഇടപാട് രണ്ട് പിസ്സകൾക്ക് വേണ്ടി ആയിരുന്നു. 2010 മെയ് 22 ന് ഫ്ലോറിഡയിൽ ലാസ്സ്‌ളോ ഹാനിക്സ് എന്ന ആൾ ജോൺസ് പിസ്സാസിൽ നിന്ന് 10000 ബിറ്റ്കോയിൻ (BTC) കൊടുത്താണ് 2 പിസ്സ മേടിച്ചത്. ഇന്ന് ആ 10000 ബിറ്റ്കോയിന്റെ വില ഏകദേശം 500 മില്യൺ ഡോളർ ആണ്. ഒരുപക്ഷെ ഇന്ന് വരെയുള്ളതിൽ ഏറ്റവും വില കൂടിയ പിസ്സ ഇതായിരിക്കും. ഈ ഒരു സംഭവം കൊണ്ട് ക്രിപ്റ്റോ അനുഭാവികൾക്കിടയിൽ മെയ് 22 നെ പിസ്സാ ഡേ എന്ന് വിളിക്കപ്പെടുന്നു.

2013 ൽ വെയിൽസിൽ(UK) താമസിക്കുന്ന ജെയിംസ് ഹോവൽസ് 7500 ബിറ്റ്കോയിൻ മൈനിങ്ങിലൂടെ സമ്പാദിക്കുകയും, അത് ഒരു ഹാർഡ്‌ഡ്രൈവിൽ സൂക്ഷിക്കുകയും ചെയ്തു പിന്നീട് അബദ്ധത്തിൽ ആ ഹാർഡ്‌ഡ്രൈവ് വലിച്ചെറിഞ്ഞ് കളഞ്ഞു, ഇന്ന് 7500 ബിറ്റ്കോയിന്റെ വില ഏകദേശം 400 മില്യൺ ഡോളർ ആണ്. ജെയിംസ് ഹോവൽസ് ബിറ്റ്കോയിന്റെ മൂല്യം മനസിലാക്കിയതിന് ശേഷം, ഡ്രൈവ് കണ്ടെത്താൻ നഗരത്തിന്റെ ചവറ്റുകുട്ടയിലൂടെ നോക്കാൻ സിറ്റി കൗൺസിലിന്റെ അനുവാദത്തിനായി ശ്രെമിക്കുകയാണ്, ഡ്രൈവ് കിട്ടുകയാണെങ്കിൽ വരുമാനത്തിന്റെ ഒരു ഭാഗം സിറ്റി കൗൺസിലിന് കൊടുക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്.

എന്താണ് NFT (Non-fungible tokens) ?

NFT എന്നാൽ നോൺ ഫംജബിൾ ടോക്കൺ. നമുക്ക് ആദ്യം ഫംജബിൾ എന്താണെന്ന് നോക്കാം, ഒരു വസ്തു അതെ മൂല്യമുള്ള വേറൊരു വസ്തുവുമായി മാറ്റി എടുക്കുന്നതിനെയാണ് ഫംജബിലിറ്റി എന്ന് പറയുന്നത്. ഉദാഹരണത്തിന് 50 ഗ്രാമിന്റെ ഒരു ഗോൾഡ് കോയിൻ എന്റെ കയ്യിൽ ഉണ്ടെന്ന് വിചാരിക്കുക, എനിക്ക് വേണമെങ്കിൽ എന്റെ കൈയിലുള്ള 50 ഗ്രാമിന്റെ ഗോൾഡ് കോയിൻ കൊടുത്ത് വേറൊരു 50 ഗ്രാമിന്റെ ഗോൾഡ് കോയിൻ മാറ്റി എടുക്കാം കാരണം ഈ രണ്ട് ഗോൾഡ് കോയിന്റേം വാല്യൂ ഒന്നാണ്, അതുപോലെ തന്നെയാണ് ബാങ്ക്നോട്ട്സ്, 100 രൂപയുടെ ഒരു നോട്ട് ചേഞ്ച് ചെയ്ത് 10 പത്ത് രൂപ നോട്ടുകൾ ആക്കിയാലും, അത് കൊടുത്ത് എനിക്ക് വീണ്ടും ഒരു 100 രൂപ നോട്ടായി മാറ്റി എടുക്കാം കാരണം 10 പത്ത് രൂപ നോട്ടുകളുടെയും ഒരു 100 രൂപ നോട്ടിന്റെയും വാല്യൂ ഒന്നാണ്. ഇങ്ങനെയുള്ളവയെയാണ് ഫംജബിൾ എന്ന് പറയുന്നത്. ഗോൾഡും ബാങ്ക്നോട്ട്‌സും എല്ലാം ഫംജബിൾ ഐറ്റംസ് ആണ്. നോൺ ഫംജബിൾ എന്നാൽ അതുല്യമായ, നമുക്ക് മാറ്റി എടുക്കാൻ സാധിക്കാത്ത ഒരു വസ്തുവിനെ ആണ്. ഉദാഹരണത്തിന് ഇറ്റാലിയൻ ആർട്ടിസ്റ്റ് ആയ മൈക്കലാഞ്ചലോ 1512 ൽ വരച്ച “ദി ക്രീയേഷൻ ഓഫ് ആദം” എന്ന പെയിന്റിംഗ് നോൺ ഫംജബിൾ ആണ്. ആ പെയിന്റിംഗ് ഈ ലോകത്ത് ഒന്നെ ഉള്ളൂ. അത് മാറ്റി പകരം വേറൊന്ന് എടുക്കാൻ സാധിക്കില്ല കാരണം അതിന്റെ വാല്യൂ അനിർവചനീയമാണ്.

ഒരു ആർട്ടിസ്റ്റ് തന്റെ അമൂല്യമായ ഒരു കലാസൃഷ്ടി ഡിജിറ്റൽ രൂപത്തിൽ ആക്കുകയാണെങ്കിൽ, അദ്ദേഹത്തിന് അത് ഒരു NFT ആയി ക്രീയേറ്റ് ചെയ്യാം. എന്തെങ്കിലും ഒരു ബ്ലോക്ക്ചെയിന്റെ കീഴിലാണ് ഒരു NFT ക്രീയേറ്റ് ചെയ്യാൻ സാധിക്കുന്നത്. അതിനായി ഒരുപാട് പ്ലാറ്റുഫോമുകൾ ഇന്ന് ഇൻറർനെറ്റിൽ ലഭ്യമാണ്. ബ്ലോക്ക്ചെയിന്റെ കീഴിൽ ഒരു NFT ആയി ഒരു വസ്തു വരുമ്പോൾ, എല്ലാവർക്കും കൃത്യമായി കാണാൻ സാധിക്കും ഇതിന്റെ ഉടമസ്ഥൻ ആരാണെന്ന്. ഒരു ആർട്ടിസ്റ്റിന് തന്റെ NFTയുടെ ഉടമസ്ഥാവകാശം ഒന്നോ ഒന്നിലധികം പേർക്കോ ഈ പ്ലാറ്റ്‌ഫോമുകൾ വഴി വിൽക്കാൻ സാധിക്കുന്നതാണ്. ഏതെങ്കിലും ഒരാൾ ഒരു NFT മേടിക്കുകയാണെങ്കിൽ അയാൾക്ക് അത് മേടിച്ചു എന്ന ഒരു ഡിജിറ്റൽ സർട്ടിഫിക്കറ്റ് മാത്രമാണ് ലഭിക്കുന്നത്, കൂടാതെ ഈ ഒരു ട്രാൻസാക്ഷൻ ആ NFTയുടെ ബ്ലോക്ക്ചെയിന്റെ എല്ലാ കമ്പ്യൂട്ടറുകളിലും ഒരു ബ്ലോക്ക് ആയി സേവ് ചെയ്യപ്പെടുകയും ചെയ്യും. NFT മേടിക്കുന്ന വ്യക്തിക്ക് ആ കലാസൃഷ്ടിയിൽ യാതൊരു മാറ്റവും വരുത്താനുള്ള അവകാശമില്ല പക്ഷെ മേടിച്ച ഉടമസ്ഥാവകാശം വേണമെങ്കിൽ കൂടുതൽ പൈസക്ക് വിൽക്കുവാൻ സാധിക്കും. ഇങ്ങനെ ട്രേഡ് ചെയ്ത് പൈസ ഉണ്ടാക്കാം എന്ന ഉദ്ദേശത്തോടെയാണ് കൂടുതൽ പേരും NFTകൾ മേടിക്കുന്നത്. എന്ന് വെച്ച് എല്ലാ NFTകളും കൂടുതൽ വിലക്ക് വിൽക്കാൻ സാധിക്കണം എന്നില്ല. ഒരു NFT മേടിക്കുമ്പോൾ ഉള്ള ഒരു ജനപ്രീതി പിൽകാലത്ത് ഇല്ലാതെ വരികയാണെങ്കിൽ, ഇത് മേടിക്കാൻ ആരും കാണില്ല അപ്പോൾ മേടിച്ച ആൾക്ക് ആ NFT ഒരു സുവനീർ പോലെ സൂക്ഷിക്കാം എന്നല്ലാതെ വേറെ ഉപകാരം ഒന്നും ഉണ്ടാകില്ല.

ഏറ്റവും കൂടുതൽ NFTകൾ ക്രീയേറ്റ് ചെയ്യപ്പെടുന്നത് എതെറിയം (ethereum) എന്നറിയപ്പെടുന്ന ബ്ലോക്ക്ചെയിന്റെ കീഴിൽ ആണ്. ഓപ്പൺസീ (OpenSea) ആണ് ഏറ്റവും വലിയ NFT മാർക്കറ്റ് പ്ലാറ്റഫോം. ആർട്ട്, ജിഫ്, വീഡിയോസ്, മ്യൂസിക്, ചിത്രങ്ങൾ തുടെങ്ങിയ നോൺ ഫംജബിൾ ആയ എന്തും നമ്മൾക്ക് NFT ആയി ക്രീയേറ്റ് ചെയ്ത് വിൽക്കാം. മൈക്ക് വിൻകെൽമാൻ എന്ന ആർട്ടിസ്റ്റ് തന്റെ ബീപ്പിൾ എന്നറിയപ്പെടുന്ന ആർട്ട് NFT ആയി വിറ്റത് 69 മില്യൺ ഡോളറിനായിരുന്നു.

പേയ്മെന്റ് പ്രൊസസർ കമ്പനിയായ വിസ, ഈ കഴിഞ്ഞ ഓഗസ്റ്റ് 2021 ൽ സൈബർപങ്ക് എന്ന NFT 150000 ഡോളറിനാണ് മേടിച്ചത്. ട്വിറ്ററിന്റെ കോ ഫൗണ്ടർ ആയ ജാക്ക് ഡോർസി, അദ്ദേഹം 2012 ൽ ആദ്യമായി ട്വിറ്ററിൽ ചെയ്ത ട്വീറ്റിന്റെ സ്‌ക്രീൻഷോട്ട് ഒരു NFT ആയി ക്രീയേറ്റ് ചെയ്യുകയുണ്ടായി, ഈ വർഷം മാർച്ച് 2021 ൽ 2.9 മില്യണാണ് വിറ്റു പോയത്. പല NFTകളും കാണുമ്പൊൾ ചിരി വരും, അതുപോലുള്ള NFTകളും വലിയ വിലക്കാണ് വിറ്റ് പോകുന്നത്. ആരാണ് എന്തിനാണ് ഇതൊക്കെ മേടിക്കുന്നത് എന്നോർക്കുമ്പോൾ യാതൊരു പിടിയും കിട്ടാറില്ല. ഇതൊക്കെ കേട്ടപ്പോൾ എനിക്കൊരാഗ്രഹം ഒരു NFT ഉണ്ടാക്കി വിൽക്കാനിട്ടാലോ, കൂട്ടത്തിൽ NFTയും അതിന്റെ മാർക്കറ്റും എങ്ങനെയാണ് പ്രവർത്തിക്കുക എന്ന് കൂടി അറിയാം. അങ്ങനെ ചക്കക്കുരു വെച്ച് ഒരു ഡിസൈൻ ഇല്ലുസ്ട്രേറ്ററിൽ ഉണ്ടാക്കി, ഓപ്പൺസീ (OpenSea) എന്ന പ്ലാറ്റ്‌ഫോമിൽ, പോളിഗോൺ എന്ന ബ്ലോക്ക്ചെയിന് കീഴിൽ വിൽക്കാനിട്ടു. യാതൊരു അർത്ഥവുമില്ലാത്ത കോമിക് NFTകൾ വരെ പുളിങ്കുരു പോലെ വിറ്റു പോകുന്ന സ്ഥിതിക്ക് എന്റെ ചക്കക്കുരുവും ആരെങ്കിലും മേടിക്കുമായിരിക്കും എന്നോർത്തു. എന്നാലും ചക്കക്കുരു ഒക്കെ ആരെങ്കിലും മേടിക്കുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. ഭാഗ്യവശാൽ എന്നെ ഞെട്ടിച്ചു കൊണ്ടായിരുന്നു അന്ന് വൈകീട്ട് എന്റെ NFTയുടെ സെയിൽ ഞാൻ കണ്ടത്. 100000 ചക്കക്കുരു ആണ് ഞാൻ വിൽക്കാനിട്ടത് 4.39 ഡോളർ ആയിരുന്നു അതിന്റെ ഞാൻ നിശ്ചയിച്ച വില. 216 എണ്ണം വിറ്റുപോയി. ഏകദേശം 950 ഡോളർ എനിക്ക് കിട്ടി.

എങ്ങിനെ ക്രിപ്റ്റോ കറൻസി മേടിക്കാം ?

ക്രിപ്റ്റോകറൻസി (ബിറ്റ്കോയിൻ അടക്കം മൊത്തം ഏകദേശം 11000ത്തിലധികം കോയിനുകൾ ഉണ്ട്) മേടിക്കുന്നതിനായി നിങ്ങൾക്ക് ആദ്യമായി വേണ്ടത് ഒരു എക്സ്ചേഞ്ച് ആണ്. ഓരോ രാജ്യങ്ങളിലും ജനപ്രീതി നേടിയ വ്യത്യസ്തങ്ങളായ ഒരുപാട് എക്സ്ചേഞ്ച്കൾ ഇന്ന് നിലവിലുണ്ട് അതിൽ കൂടുതൽ പേര് ഉപയോഗിക്കുന്നതും, നല്ലതാണെന്ന് പേര് കേട്ടതും ഇവയൊക്കെ ആണ് www.binance.com, www.coinbase.com, www.gate.io, www.kucoin.com. ഇതിൽ ഏതെങ്കിലും ഒരു വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത്, നമ്മുടെ ID കാർഡ് അപ്‌ലോഡ് ചെയ്ത് ഒരു വെരിഫൈഡ് അക്കൗണ്ട് ആക്കി മാറ്റണം. അതിന് ശേഷം നമ്മുടെ കയ്യിലുള്ള ഫിയറ്റ് കറൻസി (Ex: CHF, INR, EUR, USD), ക്രെഡിറ്റ് കാർഡിൽ നിന്നോ, ബാങ്ക് ട്രാൻസ്ഫർ വഴിയോ, രജിസ്റ്റർ ചെയ്ത എക്സ്ചേഞ്ചിക്ക് മാറ്റണം. അവിടെ എത്തി കഴിഞ്ഞാൽ ആ കാശ് ഉപയോഗിച്ച് ആ എക്സ്ചേഞ്ചിൽ ലഭ്യമായ ഏത് ക്രിപ്റ്റോകറൻസിയും നമ്മൾക്ക് മേടിക്കാവുന്നതാണ്. Tether (USDT) എന്ന ക്രിപ്റ്റോ കറൻസിയെ സ്റ്റേബിൾ കോയിൻ എന്നാണ് വിശേഷിപ്പിക്കുന്നത് കാരണം ഈ കോയിൻ ഒരുപാട് താഴേക്കോ മുകളിലേക്കോ പോകില്ല എന്ന് വെച്ച് ഒരിക്കലും താഴെ പോകില്ല എന്നല്ലാട്ടോ അർഥം, സാധാരണയായി പോകാറില്ല അത്രേ ഉള്ളൂ. അതുകൊണ്ടു പൊതുവെ ആദ്യം ഫിയറ്റ് കറൻസി കൊണ്ട് USDT മേടിച്ചട്ട്, USDT വെച്ച് ട്രേഡ് ചെയ്യുന്നവരാണ് കൂടുതൽ പേരും.

ക്രിപ്റ്റോ കറൻസി മേടിച്ചാൽ എന്താണ് ഗുണം ? എങ്ങിനെ ഇതിൽ നിന്ന് കാശുണ്ടാക്കാം ?

വില കുറവുള്ളപ്പോൾ ക്രിപ്റ്റോകറൻസി മേടിച്ച് വില കൂടുമ്പോൾ വിറ്റാൽ നിങ്ങൾക്ക് ലാഭമുണ്ടാക്കാം, ഇതിനെയാണ് ക്രിപ്റ്റോകറൻസി ട്രേഡിങ്ങ് എന്ന് പറയുന്നത്. ഓഹരി വിപണി (Stock Exchange) പ്രവർത്തിക്കുന്ന അതേ രീതിയിൽ തന്നെ ആണ് ഇതും പ്രവർത്തിക്കുന്നത്. പണം സമ്പാദിക്കാൻ എല്ലാവരും ക്രിപ്‌റ്റോകറൻസി ഫീൽഡിൽ വരുന്നു, പക്ഷേ എല്ലാവരും സമ്പാതിക്കുന്നില്ല. ക്രിപ്‌റ്റോകറൻസി ഉപയോഗിച്ച് എങ്ങനെ പണം സമ്പാദിക്കാമെന്ന് ശരിയായി മനസ്സിലാക്കാത്തതിനാൽ ധാരാളം ആളുകൾ ഒന്നുകിൽ വഴിയിൽ ഉപേക്ഷിക്കുകയോ പണം നഷ്ടപ്പെടുത്തുകയോ ചെയ്യുന്നു. അറിവുള്ള ഏതൊരു നിക്ഷേപകനും അവർ എന്താണ്, എങ്ങിനെയാണ് നിക്ഷേപിക്കുന്നതെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. നിക്ഷേപത്തിന്റെ അപകടസാധ്യതകളും പ്രതിഫലങ്ങളും കണക്കാക്കുന്നത് വളരെ നിർണായകമാണ്, നിക്ഷേപത്തിന്റെ വിജയത്തെ നയിക്കുന്നതെന്താണ് കണക്കുകൂട്ടി മനസ്സിലാക്കാൻ കഴിയാത്തവർക്ക് ഇത് ഒരു നിക്ഷേപമല്ല മറിച്ച് ചൂതാട്ടം പോലെയാണ്.

ഓഹരി വിപണിയിലെ സ്റ്റോക്കുകൾ ഏതെങ്കിലും ഒരു കമ്പനിയുടെ ഷെയർ ആണ്, ആ കമ്പനിയുടെ വിജയത്തെ ആശ്രയിച്ച് ഇരിക്കും ആ സ്റ്റോക്കിന്റെ ഏറ്റകുറച്ചിലുകൾ. എന്നാൽ ക്രിപ്‌റ്റോകറൻസി കൂടുതലും ഊഹക്കച്ചവടമാണ്, കൂടാതെ ക്രിപ്‌റ്റോകറൻസിയെ പിന്തുണക്കാനായി പ്രത്യേകിച്ച് ആസ്തി ഒന്നും ഇല്ല. ഏതെങ്കിലും ഒരു കോയിൻ വാങ്ങാൻ ആരും തന്നെ ഇല്ലാത്ത അവസ്ഥ വന്നാൽ, അത് പൂജ്യത്തിലേക്ക് കൂപ്പുകുത്താനും സാധ്യത ഉണ്ട്. പ്രധാനമായും സപ്ലൈ ആൻഡ് ഡിമാൻഡ് എന്നതിനെ ആശ്രയിച്ചാണ് ക്രിപ്റ്റോയിൽ വില വ്യത്യാസങ്ങൾ സംഭവിക്കുന്നത്. കൂടാതെ കോസ്റ്റ് ഓഫ് പ്രൊഡക്ഷൻ, എക്സ്ചേഞ്ചിലെ കോയിന്റെ ലഭ്യത തുടെങ്ങിയ ഒരുപാട് കാര്യങ്ങൾ കൂടി ഇതിന്റെ ഭാഗമാണ്. വിതരണത്തേക്കാൾ വേഗത്തിൽ ഡിമാൻഡ് വർദ്ധിക്കുകയാണെങ്കിൽ, വില ഉയരും. ഡിമാൻഡിനേക്കാൾ കൂടുതൽ ലഭ്യത ഉണ്ടെങ്കിൽ, വില കുറയും. വളരെ വേഗത്തിൽ പൂജ്യത്തിൽ നിന്ന് ലക്ഷങ്ങളിലേക്കും, ലക്ഷങ്ങളിൽ നിന്ന് പൂജ്യത്തിലേക്കും വളരെ വേഗത്തിൽ മാറാൻ സാധ്യത ഉള്ള ഒന്നാണ് ക്രിപ്റ്റോകറൻസികൾ.

ട്രേഡിങ്ങ് മാത്രമല്ല ക്രിപ്‌റ്റോകറൻസികളിൽ നിന്ന് പണം സമ്പാദിക്കാനുള്ള വഴി. വേറേം വഴികൾ കുറെ ഉണ്ട്, പുതിയ മാർഗ്ഗങ്ങൾ ഇനിയും വന്നുകൊണ്ടേ ഇരിക്കുന്നു. പ്രധാനമായി ഇന്ന് നിലവിൽ ഉള്ളത് ഇവയാണ്. ഇൻവെസ്റ്റിംഗ്, ട്രേഡിങ്ങ്, സ്റ്റാക്കിങ് & ലെന്റിങ്, മൈനിങ്.

ഇൻവെസ്റ്റിംഗ്
വില കുറവുള്ള സമയത്തിന് വേണ്ടി കാത്തിരുന്ന് സ്റ്റേബിൾ ആയ കോയിൻസ് മേടിച്ച് ദീർഘകാലത്തേക്ക് വേണ്ടി നിക്ഷേപിക്കുന്ന ഒരു പ്രക്രിയ ആണിത്. ക്രിപ്റ്റോയിൽ ഇന്ന് നിലവിലുള്ള മാർഗ്ഗങ്ങളിൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി ഇതിനെ കണക്കാക്കാം. ഉദാഹരണത്തിന്: ഇന്ന് 2021ൽ ഒരു ബിറ്റ്കോയിന്റെ വില ഏകദേശം മുപ്പത്തേഴ് ലക്ഷം ഇന്ത്യൻ രൂപയാണ്, 2030 ആകുംപോളെക്കും ഏകദേശം ഏഴ് കോടി അൻപത് ലക്ഷം ആകും എന്നാണ് വിദഗ്ധർ പറയുന്നത് (ഇതിന് യാതൊരു ഉറപ്പും ഇല്ലാട്ടോ), അങ്ങനെയാണെങ്കിൽ ഇന്ന് നിങ്ങൾ ഒരു ലക്ഷം രൂപക്ക് ബിറ്റ്കോയിൻ മേടിച്ചു വെച്ചാൽ, 2030 ആകുമ്പോൾ ഇരുപത് ലക്ഷം രൂപ സമ്പാദിക്കാം.

ട്രേഡിങ്ങ്
ഹ്രസ്വകാല അടിസ്ഥാനത്തിൽ ക്രിപ്റ്റോകറൻസി വില കുറവുള്ളപ്പോൾ വാങ്ങി വില കൂടുമ്പോൾ വിറ്റ് ലാഭം ഉണ്ടാക്കുന്ന ഒരു രീതിയാണിത്. ട്രേഡിങ്ങിൽ വിജയിക്കണമെങ്കിൽ നിങ്ങൾക്ക് ക്രിപ്റ്റോ മാർക്കറ്റിനെക്കുറിച്ച് ശെരിയായ അറിവും സാങ്കേതികവുമായ കഴിവുകളും ഉണ്ടായിരിക്കണം. അതുവഴി നിങ്ങൾക്ക് വില വർദ്ധനകളെയും, കുറവുകളെയും കുറിച്ച് കൃത്യമായ പ്രവചനങ്ങൾ നടത്താനാകും. വളരെ വേഗത്തിൽ പണം സമ്പാദിക്കാനും, അതിലും വേഗത്തിൽ പണം നഷ്ടപെടാനുമുള്ള സാധ്യത വളരെ ഏറെയാണിതിന്. പ്രധാനമായും മൂന്നായി തരം തിരിക്കാം ഇതിനെ. സ്കാൽപ്പിംഗ്, ഡേ ട്രേഡിംഗ്, സ്വിംഗ് ട്രേഡിംഗ്.

  • ഒരു ട്രേഡിംഗ് ദിവസത്തിനുള്ളിൽ ഒന്നിലധികം തവണ വേഗത്തിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെയാണ് സ്കാൽപ്പിംഗ് എന്ന് പറയുന്നത്.
  • വില കൂടാൻ സാധ്യത ഉള്ള കോയിൻ മേടിച്ച്, ചെറിയൊരു ലാഭം കൈവന്നാൽ അപ്പോൾ തന്നെ വിൽക്കുന്നതിനെയാണ് ഡേ ട്രേഡിംഗ് എന്ന് പറയുന്നത്.
  • കുറച്ച് ദിവസത്തേക്കോ ആഴ്ചകളിലേക്കോ അല്ലെങ്കിൽ ഏതാനും മാസത്തേക്കുള്ള നിക്ഷേപം നടത്തി ലാഭം ഉണ്ടാക്കുന്നതിനെയാണ് സ്വിംഗ് ട്രേഡിംഗ് എന്ന് പറയുന്നത്. ഉദാഹരണത്തിന്: നിങ്ങളുടെ കയ്യിൽ ഒരു മില്യൺ ഡോളർ ഉണ്ടെന്ന് കരുതുക, ഗാല(GALA) എന്നൊരു ക്രിപ്റ്റോകറൻസി ഉണ്ട് അതിന്റെ ഡിസംബർ ആറാം തിയ്യതിയിലെ വില ഒരെണ്ണത്തിന് $0.4296 ആയിരുന്നു. അന്ന് ഒരു മില്യൺ ഡോളറിന് മേടിച്ചിരുന്നെങ്കിൽ 2’327’746 എണ്ണം ഗാല ലഭിക്കുമായിരുന്നു, അഞ്ചു ദിവസങ്ങൾക്ക് ശേഷം ഡിസംബർ 11 ന് ഒരു ഗാല യുടെ വില $0.5645 ആയി ഉയർന്നു, അപ്പോൾ വിൽക്കുകയാണെങ്കിൽ $1’314’013 ലഭിക്കുമായിരുന്നു, അതായത് അഞ്ചു ദിവസങ്ങൾക്കൊണ്ട് നിങ്ങളുടെ ലാഭം $314’013. ഇങ്ങനെ വലിയ തുകക്ക് ട്രേഡിങ്ങ് ചെയ്യുന്നവരെ വെയ്ൽ ട്രേഡേഴ്സ് (whale traders) എന്നാണ് അറിയപ്പെടുന്നത്.
    മാർക്കറ്റ് പഠിക്കുന്നതിനോടൊപ്പം ട്രേഡിങ്ങിൽ ഒരുപാട് ട്രിക്കുകളും ഉപയോഗിക്കാറുണ്ട്. മുനെഹിസ ഹോമയുടെ “The Candlestick Trading Bible” എന്ന പുസ്തകത്തിൽ Candlestick patternകൾ കൊണ്ടുള്ള ട്രേഡിംഗ് വിശകലനം വിശദമായി പ്രതിപാദിക്കുന്നുണ്ട്.

സ്റ്റാക്കിങ് & ലെന്റിങ്
റിവാർഡുകൾ നേടുന്നതിനും ബ്ലോക്ക്ചെയിൻ നെറ്റ്‌വർക്കിലേക്ക് പ്രൂഫ്-ഓഫ്-സ്റ്റേക്ക് എന്ന മോഡൽ ഉപയോഗിക്കുന്നതിനായി നിങ്ങളുടെ ക്രിപ്‌റ്റോ അസറ്റുകൾ ലോക്ക് ചെയ്യുന്ന പ്രക്രിയയെയാണ് സ്‌റ്റേക്കിംഗ് എന്ന് പറയുന്നത്. ചില ക്രിപ്‌റ്റോകൾ ഉയർന്ന പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ക്രിപ്‌റ്റോകറൻസികൾ സ്‌റ്റാക്ക് ചെയ്യുന്നത് നിഷ്‌ക്രിയ വരുമാനം കാര്യക്ഷമമായി സൃഷ്‌ടിക്കാൻ കഴിയും. പക്ഷെ ഈ സ്റ്റേക്ക് ചെയ്യുന്ന സമയത്ത് ആ കോയിന്റെ വില ഇടിയുകയാണെങ്കിൽ, വലിയൊരു നഷ്ടം സംഭവിക്കുവാനും സാദ്ധ്യതകൾ ഏറെയാണ്.

നിങ്ങളുടെ കയ്യിൽ ഉള്ള ക്രിപ്റ്റോകറൻസികൾ വായ്പയായി മറ്റു നിക്ഷേപകർക്ക് നൽകുന്ന രീതിയെയാണ് ക്രിപ്‌റ്റോ ലെൻഡിംഗ് എന്ന് പറയുന്നത്, അതിന് നിങ്ങൾക് ഒരു തുക പലിശയായോ, റീവാർഡ് ആയോ ലഭിക്കും. പലപ്പോഴും ഒരു കോയിന്റെ നിർമ്മാതാക്കൾ തന്നെ ആയിരിക്കും ഈ നിക്ഷേപകർ, അവരുടെ കോയിൻ നിങ്ങൾ മേടിച്ച് അവർക്ക് തന്നെ വായ്പയായി നൽകുമ്പോൾ, നിങ്ങൾ ആ കോയിൻ വിൽകാതിരിക്കുന്നു, കൊടുത്ത വായ്പ തിരിച്ചെടുക്കുന്ന കാലത്തേക്കെങ്കിലും, നിങ്ങളുടെ കാശ് അവരുടെ കോയിൻ ആയി നിലനിൽക്കുന്നു, അങ്ങിനെ ആ കോയിന്റെ ക്യാപിറ്റൽ അസ്സെറ്റ് നിലനിർത്തി, മാർക്കറ്റിൽ കോയിനെ ബാലൻസ് ചെയ്യാൻ സാധിക്കുന്നു. www.wonderland.money, www.metaverse.pro, www.klimadao.finance, www.hectordao.com, www.olympusdao.finance, www.strongblock.com ഇവയൊക്കെയാണ് ഇതിൽ പ്രധാനമായവ.

മൈനിങ്

പ്രൂഫ് ഓഫ് വർക്ക് മെക്കാനിസത്തിന്റെ നിർണായക ഘടകമാണ് മൈനിങ്. പവർഫുള്ളായ ഹാർഡ്‌വെയറിന്റെ സഹായത്തോടെ സങ്കീർണ്ണമായ ഒരു ഹാഷിംഗ് പസിലിന് ആദ്യം പരിഹാരം കണ്ടെത്തുന്ന മൈനിങ് തൊഴിലാളിക്ക് മൈനിംഗിനുള്ള പ്രതിഫലം ലഭിക്കുന്നതിനെയാണ് മൈനിങ് എന്ന് പറയുന്നത്.

ക്രിപ്റ്റോ കറൻസികൾ എങ്ങിനെ സുരക്ഷിതമായി സൂക്ഷിക്കാം ?
ബ്ലോക്ക്ചെയിൽ ടെക്നോളജി ട്രാൻസ്പരന്റും സുരക്ഷിതവും ആണെങ്കിലും ക്രിപ്റ്റോ കറൻസി 100% സുരക്ഷിതമാണെന്ന് പറയാൻ സാധിക്കില്ല. കാരണം പൊതുവെ നമ്മൾ മേടിക്കുന്ന ക്രിപ്റ്റോകറൻസികൾ www.metamask.io, www.trustwallet.com തുടെങ്ങിയ വാലെറ്റുകളിലാണ് സൂക്ഷിക്കാറ്, ഈ വാലെറ്റുകൾ സുരക്ഷിതമാണെങ്കിലും, നിങ്ങളുടെ കമ്പ്യൂട്ടർ ആരെങ്കിലും ഹാക്ക് ചെയ്താൽ, അതുവഴി നിങ്ങളുടെ വാലെറ്റിൽ നിന്ന് ക്രിപ്റ്റോ കറൻസി മറ്റാർക്കെങ്കിലും അയച്ചാൽ, പിന്നീട് അത് തിരിച്ചെടുക്കാൻ സാധിക്കില്ല. ഈയിടെ ഹാക്കർമാർ ഏകദേശം 150 മില്യൺ ഡോളർ മോഷ്ടിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. ഈ ആശങ്ക ക്രിപ്റ്റോയുടെ തുടക്കം മുതലേ നിലനിൽക്കുന്നുണ്ടായിരുന്നു. അങ്ങിനെയാണ് ഹോട്ട് വാലറ്റുകൾ, കോൾഡ് വാലറ്റുകൾ പ്രചാരത്തിൽ വരുന്നത്.

  • metamask, trustwallet തുടെങ്ങിയ ഇന്റർനെറ്റുമായി ബന്ധിപ്പിച്ച് കിടക്കുന്നവയാണ് ഹോട്ട് വാലറ്റുകൾ.
  • നിങ്ങൾ മേടിക്കുന്ന ക്രിപ്റ്റോ കറൻസി ഒരു ഹാർഡ്‌വെയറിൽ സംഭരിക്കുന്നതിനെയാണ് കോൾഡ് വാലറ്റ് എന്ന് പറയുന്നത്. Ledger, Trezor, KeepKey തുടെങ്ങിയവയാണ് പ്രധാനമായുള്ള കോൾഡ് വാലറ്റുകൾ. ഇന്റർനെറ്റുമായി ബന്ധിപ്പിക്കാതെ ഇരിക്കുന്നതുകൊണ്ട്, ഇത് വളരെ സുരക്ഷിതമാണ്.

ആരാണ് ക്രിപ്റ്റോ കറൻസികൾ ദുരുപയോഗം ചെയ്യുന്നത് ?
ക്രിപ്റ്റോകറൻസി സാധാരണ ജനങ്ങൾക്ക് ആശങ്കയും ഭയവുമാണ് കാരണം അവർക്ക് ഇത് ഇതുവരെ കേൾക്കാത്ത ഒരു പുതിയ സാധനമാണ്, ഒരു ക്രിപ്റ്റോ കറൻസിയുടെ മൂല്യം ആർക്കും നിർണയിക്കാൻ പറ്റാത്ത ഒന്നാണ് അതുകൊണ്ട് തന്നെ ഇതിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കി എടുക്കാൻ ഇച്ചിരി പാടാണ്. ഇലോൺ മസ്ക് ഒരിക്കൽ ബിറ്റ്കോയിനെ കുറിച്ച് ഒരു ട്വീറ്റ് ചെയ്തപ്പോൾ അതിന്റെ വില കുത്തനെ ഉയർന്നു, ഇത്തരം കാര്യങ്ങൾ സാധാരണ ജനങ്ങളിൽ ഭീതി ഉയർത്തുന്നു. ഇന്ന് 2021 ൽ നിങ്ങൾക്ക് ക്രിപ്റ്റോ കറൻസി ഉപയോഗിച്ച് കടയിൽ പോയി സാധനങ്ങൾ മേടിക്കാൻ സാധിക്കില്ല, പക്ഷെ ഇതെല്ലം ഭാവിയിൽ സാധ്യമാകും എന്നാണ് വിദഗ്തർ പറയുന്നത്. മൈക്രോസോഫ്റ്റ്, ടെസ്ല, ബർഗർകിംഗ് തുടെങ്ങിയ കമ്പനികൾ ബിറ്റ്കോയിൻ അംഗീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടെങ്ങി കഴിഞ്ഞു.

ക്രിപ്റ്റോകറൻസി ഒരു ഡിസെൻട്രലൈസ്ഡ് സിസ്റ്റംത്തിൽ പ്രവർത്തിക്കുന്നത് കൊണ്ട്, ഗവർണ്മെന്റിനോ പോലീസിനോ കൂടുതൽ കൈകടത്താനാവില്ല, അതുകൊണ്ട് തന്നെ ക്രിമിനൽസിനും തീവ്രവാദികൾക്കും എല്ലാം ക്രിപ്റ്റോകറൻസി വളരെ അട്രാക്റ്റീവാണ് കാരണം ഒരു ട്രാൻസാക്ഷൻ നടക്കുമ്പോൾ ഒരു പബ്ലിക് കീ യിൽ നിന്ന് മറ്റൊരു പബ്ലിക് കീ യിലേക്ക് ഇത്ര കറൻസി അയച്ചു എന്ന് മാത്രമാണ് ബ്ലോക്ക് ചെയിനിൽ അടയാളപ്പെടുത്തുന്നുള്ളു. അതുകൊണ്ട് ഡാർക്ക് വെബിൽ ഒരാൾക്ക് സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ തന്നെ ക്രിപ്റ്റോകറൻസി കൊടുത്ത് മയക്കുമരുന്നോ, AK 47 തോക്കുകളോ അങ്ങനെ എന്ത് വേണമെങ്കിലും മേടിക്കാം. ഏറ്റവും രസം എന്താണെന്നു വെച്ചാൽ, ലിക്വിഡ് ക്യാഷ് ആണ് ക്രിമിനൽസിന് ഉപയോഗിക്കാൻ ഏറ്റവും എളുപ്പം കാരണം ഒരാൾ ഒരു പെട്ടി നിറയെ കാശ് കൊടുത്തു ഒരു തോക്ക് വാങ്ങിയാൽ, ആ നോട്ടുകൾ ആരുടെ ആണെന്ന് ആർക്കും പറയാൻ സാധിക്കില്ല എന്നാൽ ക്രിപ്റ്റോകറൻസി ട്രാൻസ്ഫർ ചെയ്യുമ്പോൾ കുറഞ്ഞ പക്ഷം അയക്കുന്ന ആളുടെയും മേടിക്കുന്ന ആളുടെയും ഒരു പബ്ലിക് കീ എങ്കിലും ബ്ലോക്ക് ചെയിനിൽ രേഖപ്പെടുത്തുന്നുണ്ട്. ഇങ്ങനെ ക്രിപ്റ്റോകറൻസി ദുരുപയോഗം ചെയ്യുന്ന പല കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ട് കഴിഞ്ഞു. പല സർവേയുടെ അടിസ്ഥാനത്തിൽ പറയുന്നത് മൊത്തം ക്രിപ്റ്റോകറൻസിയുടെ 0.34% മാത്രമാണ് ക്രിമിനൽ ആക്ടിവിറ്റികൾക്ക് ഉപയോഗിക്കുന്നത് പക്ഷെ ഇന്ന് നിലവിലുള്ള ക്യാഷ് ട്രാൻസാക്ഷനുകളിൽ 5% വരെ ക്രിമിനൽ ആക്ടിവിറ്റികൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്.

എന്താണ് ബ്ലോക്ക് ചെയിൻ ഡെവലൊപ്മെന്റ്?

IT ഫീൽഡിൽ ഉള്ളവർക്ക് പ്രത്യേകിച്ച് സോഫ്റ്റ്‌വെയർ ഡെവലപ്പേഴ്സിനും, ഡെവലൊപ്മെന്റ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും അനന്തസാധ്യതകളാണ് ബ്ലോക്ക്ചെയിൻ ടെക്നോളജി തുറന്ന് വിടുന്നത്. സ്വിറ്റസർലണ്ടിൽ ഒരു ബ്ലോക്ക്ചെയിൻ ഡെവലപ്പറുടെ ശമ്പളം മാസം 15000 ഫ്രാങ്കിനും 25000 ഫ്രാങ്കിനും ഇടയിലാണ്. ഗൂഗിളിൽ നോക്കിയാൽ കൂടുതൽ ഡീറ്റെയിൽസ് അറിയാൻ സാധിക്കും. ഡെവലൊപ്മെന്റിന് പ്രധാനമായി രണ്ട് വിഭാഗമുണ്ട്, ഒന്ന് ബ്ലോക്ക്‌ചെയിൻ ഡെവലൊപ്മെന്റ്, മറ്റൊന്ന് ഓരോ ബ്ലോക്ക്ചെയിന്റെയും കീഴിൽ വരുന്ന അപ്ലിക്കേഷൻ ഡെവലൊപ്മെന്റ്. Blockchain infrastructure, mobile banking, peer-to-peer transfers, digital currencies, Internet of Things, marketplaces, healthcare, e-government, regulatory frameworks, blockchain adoption, Smart contracts, Innovation in blockchain, Privacy, Security, Identity തുടെങ്ങി ഒരുപാട് മേഖലകളിൽ ബ്ലോക്ക്ചെയിന്റെ അനന്തസാധ്യതകൾ ദൈന്യം ദിനം വർധിച്ചുകൊണ്ടേ ഇരിക്കുന്നു.

ക്രിപ്റ്റോ വേൾഡിലേക്ക് ഇറങ്ങുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട പ്രധാന റൂൾസ്‌ ?

  • നഷ്ടപ്പെട്ടാൽ അത് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പൈസ വെച്ച് ഒരിക്കലും ട്രേഡിങിന് ഇറങ്ങരുത് കാരണം അത് എപ്പോൾ വേണമെങ്കിലും സംഭവിക്കാം
  • മാർക്കറ്റ് നന്നായി പഠിച്ചതിന് ശേഷം, ബുദ്ധിപരമായി മാത്രമേ നിക്ഷേപങ്ങൾ നടത്താവൂ. ഇന്ന കോയിൻ ഇന്ന സമയത്ത് വില കൂടും എന്ന് പറയുന്ന ഒരുപാട് തട്ടിപ്പുകൾ നടക്കുന്നുണ്ട്, ഇതിലൊന്നും പോയി പെടാതിരിക്കാൻ ശ്രെമിക്കുക.
  • കഴിയുന്നതും ലോങ്ങ് ടേമിലേക്ക് നിക്ഷേപിക്കാൻ ശ്രെമിക്കുക.
  • നിങ്ങൾ മേടിച്ച കോയിൻ വില കുറയുകയാണെങ്കിൽ പരിഭ്രാന്തരാകാതിരിക്കാൻ ശ്രെമിക്കുക, പലരും ഒരു വിലക്ക് കോയിൻ മേടിക്കും, പിന്നീട് വില കുറയുന്നത് കാണുമ്പൊൾ പേടിച്ച് panic selling നടത്തി നഷ്ടങ്ങൾ വരുത്തി വെക്കാറുണ്ട്.
  • നാളെയോ, അടുത്ത ആഴ്ചയോ കോടീശ്വരനാകുമെന്ന് പ്രതീക്ഷിച്ച് ക്രിപ്റ്റോ വേൾഡിലേക്ക് ഇറങ്ങാതിരിക്കുക, അങ്ങനെ ഇറങ്ങിയാൽ അത് ചൂതാട്ടം നടത്തുന്നതിന് തുല്യമായി മാറും, പിന്നീട് സാമ്പത്തീകമായും മാനസീകമായും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.
  • ഒരു കോയിനിൽ മാത്രം ഇൻവെസ്റ്റ് ചെയ്യാതെ ഒന്നിലധികം കോയിനുകളിൽ നിങ്ങളുടെ പൈസ സ്പ്ലിറ്റ് ചെയ്തിടാൻ ശ്രെമിക്കുക, അപ്പോൾ ഏതെങ്കിലും ഒരു കോയിൻ വില കുറയുകയാണെങ്കിൽ മറ്റുള്ള കോയിൻ വെച്ച് നഷ്ടമില്ലാതെ തടിയൂരി പോരാൻ സാധിക്കും.
  • നിശ്ചയിച്ച മുഴുവൻ തുകയും ഇൻവെസ്റ്റ് ചെയ്യാതെ, അതിൽ നിന്ന് കുറിച്ച് പൈസ മാറ്റി വെക്കുക, പിന്നീട് ആവറേജ് ചെയ്യുക എന്ന ട്രിക്കുകൾക്ക് ഉപയോഗിക്കാൻ സാധിക്കും. ഉദാഹരണത്തിന്: 2 രൂപയുടെ 5 കോയിൻ നിങ്ങൾ 10 രൂപ മുടക്കി മേടിച്ചു എന്ന് വിചാരിക്കുക. പിന്നീട് ആ കോയിന്റെ വില 1 രൂപ ആയി മാറിയാൽ, പാനിക് ആയി അപ്പോൾ നിങ്ങൾ അത് വിറ്റാൽ 5 രൂപയെ നിങ്ങൾക്ക് ലഭിക്കൂ, 5 രൂപ നിങ്ങൾക്ക് നഷ്ടം സംഭവിക്കും. ഇങ്ങനെ നഷ്ടത്തിൽ വിൽക്കുന്നതിന് പകരം 10 രൂപ കൂടി മുടക്കി 1 രൂപയുള്ള 10 കോയിൻ കൂടി മേടിക്കുകയാണെങ്കിൽ, ഇപ്പോൾ നിങ്ങളുടെ കയ്യിൽ 15 കോയിനുണ്ട്, മൊത്തം ഇൻവെസ്റ്റ്മെന്റ് ആദ്യം മുടക്കിയ 10 രൂപയും ഇപ്പോൾ മുടക്കിയ 10 രൂപയും ചേർത്ത് 20 രൂപ ആയി മാറും, ക്ഷേമയോടെ കാത്തിരുന്ന ശേഷം, പിന്നീട് ഈ കോയിന്റെ വില 2 രൂപ ആകുക ആണെങ്കിൽ 15 കോയിൻ വിറ്റാൽ 30 രൂപ കിട്ടും, അതായത് 10 രൂപ ലാഭം. ഇത് എല്ലാ കോയിനിലും സംഭവിക്കണം എന്നില്ല. അത്യാവശ്യം സ്റ്റേബിൾ ആയ കോയിൻ ആണെങ്കിലേ ഇത്തരം ട്രിക്കുകൾ ഉപയോഗിക്കാവൂ.
  • എക്‌സിറ്റ് സ്ട്രാറ്റജി: ഈ റൂൾസിൽ ഏറ്റവും പ്രധാനപെട്ടതാണ് ഇത്. ചൂതാട്ടത്തിന്റെ ഏറ്റവും വലിയ ബലഹീനത എന്ന് പറയുന്നത് നമ്മൾ നമ്മുടെ കൺട്രോളിൽ അല്ലാതാവുക എന്നതാണ്. ഞാൻ ഇത്ര രൂപക്കെ ചൂതാട്ടത്തിൽ പങ്കെടുക്കുള്ളൂ, ഇത്ര രൂപ കിട്ടിയാൽ ഞാൻ പിന്നെ കളിക്കില്ല എന്ന ഒരു സ്ട്രാറ്റജി ഉള്ള ഒരാൾ, അത് പാലിക്കുകയും ചെയ്യുകയാണെങ്കിൽ, അയാൾക്ക് ഒരിക്കലും ചൂതാട്ടത്തിൽ പ്രതീക്ഷിക്കാത്ത നഷ്ടങ്ങൾ സംഭവിക്കില്ല. ഇതുപോലെ തന്നെ ആണ് ക്രിപ്റ്റോകറൻസി ട്രേഡിങ്ങും, ഇറങ്ങുന്നതിന് മുന്നേ വ്യക്തമായ ധാരണയും ഒരു സ്ട്രാറ്റജിയും വേണം എങ്കിലേ നിങ്ങൾക്ക് ഒരു ക്രിട്ടിക്കൽ സിറ്റുവേഷനിൽ, ശെരിയായ തീരുമാനങ്ങൾ എടുത്ത്, നിങ്ങളെ നിങ്ങളുടെ കൺട്രോളിൽ നിർത്തി വിജയം കൈവരിക്കാനാകുകയുള്ളൂ.
  • …………………………………………………………..
Faisel Kachappilly
How a Keralite software engineer’s ‘Chakkakkuru’ illustration fetched Rs 73,600 in cryptoworld –

https://www.onmanorama.com/news/kerala/2021/12/03/nft-trade-keralite-software-engineer-chakkakuru-illustration-fetches-cryptoworld-980-dollar-single-day.html