Association Europe India Pravasi Social Media Switzerland

ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സർലൻഡ് സ്വപ്നക്കൂട് പദ്ധതിയിലെ ആദ്യ ഭവനത്തിന്റെ താക്കോൽദാനം ജൂലൈ പതിനഞ്ചിന് തൊടുപുഴയിൽ .

സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത്‌ വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട്‌ സ്‌ എന്ന സോഷ്യൽ മീഡിയ ഗ്രൂപ് അംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് പ്രളയക്കെടുതിയിൽ പ്രകൃതിയുടെ വിളയാട്ടത്തിൽ എല്ലാം നഷ്ട്ടപെട്ട ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂർ പഞ്ചായത്തിൽപ്പെട്ട മലയിഞ്ചി എന്ന പ്രദേശത്തെ പുളിക്കകണ്ടത്തിൽ തോമസ്‌ ഉലഹന്നാന് മലയിഞ്ചി പ്രോജക്റ്റ് എന്ന പേരിൽ തുടങ്ങി വെച്ച സ്വപ്നക്കൂടിന്റെ നിർമ്മാണം തടസ്സങ്ങളൊന്നും കൂടാതെ ഭംഗിയായി പൂർത്തിയായി .

ജൂലൈ പതിനഞ്ചാം തിയതി രാവിലെ പത്തുമണിക്ക് പണികഴിപ്പിച്ച ഭവനത്തിൽ വെച്ച് നടക്കുന്ന ലളിതമായ ചടങ്ങിൽ വെച്ച് ബഹുമാനപ്പെട്ട സ്ഥലം MLA ശ്രീ പി.ജെ ജോസഫ് ഭവനത്തിന്റെ താക്കോല്ദാനകർമ്മം നിർവഹിക്കുന്നതാണ് .പ്രസ്‌തുത ചടങ്ങിൽ മറ്റു പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക നായകരും പങ്കെടുക്കുന്നു .

തൊടുപുഴ- ഉടുമ്പന്നൂർ റോഡിൽ ഉടുമ്പന്നൂർ ടൗണിന് തൊട്ടു മുൻപായി പള്ളിക്കാമുറി ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിയുന്ന റോഡിൽ 800 മീറ്റർ പോകുമ്പോൾ കാണുന്ന അഞ്ചു സെന്റ് സ്ഥലമാണ് ഈ കുടുംബത്തിനു വേണ്ടി ഗ്രൂപ് വാങ്ങിച് ഭവനം നിർമ്മിച്ചത്.

യൂറോപ്പിൽ തന്നെ ഒരു പക്ഷെ ആദ്യമായാവും കേവലം ഒരു സോഷ്യൽ മീഡിയ ഗ്രൂപ് ഇങ്ങനെയൊരു സംരംഭത്തിനായി ഇറങ്ങുന്നതും അത് സാക്ഷാൽകരിക്കുന്നതും . സ്വിറ്റ്സർലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമായി പ്രവർത്തിക്കുന്ന ഹലോ ഫ്രണ്ട്സിനു ഈ ആദ്യ ഉദ്യമവിജയം ഇനിയും കഷ്ടത അനുഭവിക്കുന്ന നാട്ടിലെ ജനസമൂഹത്തിന് കൈത്താങ്ങാകുവാൻ നൂതന ആശയങ്ങളുമായി മുന്നിട്ടിറങ്ങുവാനുള്ള പ്രചോദനവുമാണ് .

സ്വിസ്സ് മലയാളീ സമൂഹത്തിനും ഹലോ ഫ്രഡ്‌സിലെ എല്ലാ അംഗങ്ങൾക്കും അഭിമാനകരമായ ഈ നിമിഷത്തിൽ പങ്കാളികളാകുവാൻ നാട്ടിൽ അവധിയിലുള്ള എല്ലാ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും ഈ പ്രോജെക്ടിനോട് സഹകരിച്ച മറ്റെല്ലാ സ്വിസ്സിലെ മലയാളി സുഹൃത്തുക്കളെയും ഈ മഹനീയ ചടങ്ങിലേക്ക് ഗ്രൂപ് സാദരം ക്ഷണിക്കുന്നു . സ്വിസ്സ്‌ മലയാളീ സമൂഹത്തിന്റെ സ്നേഹോപകരമായി ഈ വീട് സമർപ്പിക്കുന്നു .

സപ്തവര്‍ണ്ണങ്ങളോടുകൂടിയ മഴവില്‍ മാനത്ത്‌ വിരിയുന്നത്‌ നയനാനന്ദകരമായ കാഴ്‌ചയാണ്. കവിഹൃദയമുള്ളവരേയും കലാകാരന്മാരേയുംപോലെ തന്നെ സാധാരണക്കാരനും ആ ദൃശ്യം ചേതോഹരമായി അനുഭവപ്പെടുന്നു. മഴവില്ലിന്റെ ആകൃതിയും വര്‍ണ്ണപ്പകിട്ടും ഏവരും ഇഷ്‌ടപ്പെടുന്നു. എന്നാല്‍ ആകാശവിതാനത്തില്‍ ആ മഴവില്ലു വിരിയണമെങ്കില്‍ മഴയും വെയിലും സമ്മേളിക്കണം. പ്രകാശം പരത്തുന്ന വെയിലിനോടൊപ്പം തണുപ്പും നനവും വരുത്തുന്ന മഴത്തുള്ളികളും വര്‍ഷിക്കണം. ഇതുപോലെ തന്നെയാണ് ഈ ഗ്രൂപ്പിന്റെ കാര്യവും , എല്ലാവരുംകൂടി ഒത്തുചേർന്നപ്പോൾ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമായി ഹലോ ഫ്രണ്ട്‌സ് എന്ന ഗ്രൂപ്പിന് പ്രസക്തിയുണ്ടായി . കഴിഞ്ഞ വർഷങ്ങളിലായി ഗ്രൂപ് ചെയ്‌ത പല കാര്യങ്ങളും സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടതോടൊപ്പം പ്രളയദുരിതത്തിൽ കഷ്ട്ടപെട്ട ഒരു കുടുംബത്തിനെങ്കിലും കൈത്താങ്ങ് ആകുക എന്നുള്ളത് ഈ ഗ്രൂപ്പിലെ ഒരോ അംഗങ്ങൾക്കും അഭിമാനമാണ് …

ഗ്രൂപ് ഏറ്റെടുത്തു നടത്തിയ ഈ ഉദ്യമത്തിനു തുടക്കം മുതൽ എല്ലാ കാര്യങ്ങളിലും നേതൃത്വം വഹിച്ച ഹലോ ഫ്രണ്ട് സ് ഗവേണിംഗ് ബോഡി അംഗമായ വിൻസെന്റ് പറയനിലത്തിനും മറ്റു കമ്മിറ്റി അംഗങ്ങളായ ജോജോ വിച്ചാട്ട് , ജെയിംസ് തെക്കേമുറി , ജോസ് വള്ളാടിയിൽ എന്നിവർക്കും,നാട്ടിൽ പണികൾ ക്രെമീകരിച്ച രാജേഷിനോടും കൂടാതെ ഈ സംരഭത്തോട് സഹകരിച്ച ഹലോ ഫ്രണ്ട്സിന്റെ മറ്റു എല്ലാ ഗവേണിംഗ് ബോഡി അംഗങ്ങളോടും , ഗ്രൂപ്പ് മെമ്പർമാരോടും കൂടാതെ സുമനസ്സുകളായ എല്ലാ മലായാളി സുഹൃത്തുക്കൾക്കും സ്നേഹഭാഷയിൽ ഗ്രൂപ്പിന്റെ നൂറായിരം നന്ദി .

താക്കോൽദാനകർമ്മത്തിൽ എല്ലാവരുടെയും പ്രാർത്ഥനയും ,നാട്ടിലുള്ള എല്ലാ സുഹൃത്തുക്കളുടെയും മഹനീയ സാന്നിധ്യവും ഗ്രൂപ്പിനുവേണ്ടി ശ്രീ ടോമി തൊണ്ടാംകുഴി സാദരം അഭ്യർത്ഥിച്ചു .

ജൂലൈ പതിനഞ്ച് സമയം രാവിലെ പത്തുമണി.