UAE

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി തരപ്പെടുത്തിയവരെ നാട് കടത്തുമെന്ന് സൗദി

സൗദിയിൽ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി തരപ്പെടുത്തിയവരെ നാടു കടത്തും. ഇവർക്കിനി സൗദിയിലേക്ക് തിരികെ വരാനാകില്ല. ഗുരുതര കുറ്റകൃത്യമാണെങ്കിൽ ജയിൽ ശിക്ഷക്ക് ശേഷമേ നാടു കടത്തൂ. കഴിഞ്ഞ ദിവസമാണ് 2799 പ്രവാസി എഞ്ചിനീയര്‍മാര്‍ക്കെതിരെ നിയമ നടപടികള്‍ തുടങ്ങിയതായി സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് അറിയിച്ചത്. ഇവരില്‍ ഇന്ത്യന്‍ പ്രവാസികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സൗദിയിൽ എഞ്ചിനീയറിംഗ്, ടെക്‌നിക്കൽ ജോലികൾ നേടുന്നതിന് സൗദി കൗൺസിൽ ഓഫ് എഞ്ചിനീയറിംഗിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് ചട്ടം. രജിസ്‌ട്രേഷൻ നേടുന്നതിനായി ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷമാണ് കൗൺസിൽ അംഗീകാരം നൽകുക.

വ്യാജമാണെന്ന് കണ്ടത്തിയവരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. ഈ മേഖലയിൽ മതിയായ യോഗ്യതയില്ലാതെ ജോലി ചെയ്യുന്ന പ്രവണത അവസാനിപ്പിക്കുകയാണ് ലക്ഷ്യം. കൗൺസിലിന്റെ അംഗീകാരമില്ലാത്ത ഉദ്യോഗാർത്ഥികളെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.