UAE World

ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിന് ചില മാധ്യമങ്ങൾ തുരങ്കം വെക്കുന്നു; യു.എ.ഇ മന്ത്രി

ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കത്തിന് ചില മാധ്യമങ്ങൾ തുരങ്കം വെക്കുന്നതായി യു.എ.ഇ മന്ത്രിയുടെ കുറ്റപ്പെടുത്തൽ. പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട നല്ല നീക്കങ്ങൾ പോലും അട്ടിമറിക്കപ്പെടുന്ന സാഹചര്യമുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് കുറ്റപ്പെടുത്തി.

മൂന്നര വർഷത്തിലേറെയായി നീണ്ട ഖത്തറും ചതുർ രാജ്യങ്ങളും തമ്മിലെ ഭിന്നത അവസാനിക്കാൻ വഴിതുറന്നതായ റിപ്പോർട്ടുകൾക്കിടയിലാണ് യു.എ.ഇ മന്ത്രിയുടെ പ്രസ്താവന. മേഖലയുടെ താൽപര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സ്വീകരിക്കേണ്ട നയനിലപാടുകൾ പ്രധാനമാണ്. അനുരഞ്ജന ചർച്ചയിലൂടെ ഇതുമായി ബന്ധപ്പെട്ട സമവായ സാധ്യത രൂപപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. എന്നാൽ പ്രശ്ന പരിഹാര ഉടമ്പടികളെ താഴ്ത്തിക്കെട്ടുന്ന രീതിയാണ് ഖത്തർ മാധ്യമങ്ങളുടേതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ദുരൂഹമായ ഈ പ്രവണത വിശദീകരിക്കുക എളുപ്പമല്ലെന്നും യു.എ.ഇ മന്ത്രി ട്വിറ്ററിൽ കുറിച്ചു.ഖത്തറും ചതുർ രാജ്യങ്ങളും തമ്മിൽ രൂപപ്പെട്ട അകൽച്ച പരിഹരിക്കാൻ കുവൈത്തും അമേരിക്കയും മുൻകൈയെടുത്തു നടത്തിയ സമവായം വിജയത്തിലേക്ക് അടുക്കുന്നതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇരുപക്ഷവും ഇക്കാര്യം വ്യക്തമാക്കാനും മറന്നില്ല. ജനുവരി അഞ്ചിന് സൗദിയിൽ ചേരുന്ന ജി.സി.സി ഉച്ചകോടിയിൽ പ്രശ്നപരിഹാര ഫോർമുല അംഗീകരിച്ചേക്കുമെന്നും കുവൈത്ത് സൂചന നൽകിയിരുന്നു.