Switzerland

സ്വിസ് ആൽപ്സിനെ ഹിമാലയത്തോടു അടുപ്പിച്ച നയതന്ത്രജ്ഞൻ. അംബാസഡർ സിബി ജോർജ്ജിന് WMC സ്വിസ് പ്രൊവിൻസിന്റെ സ്നേഹാദരങ്ങൾ.

സ്വിസ് ആൽപ്സിനെ ഹിമാലയത്തോടു അടുപ്പിച്ച നയതന്ത്രജ്ഞൻ. അംബാസഡർ സിബി ജോർജ്ജിന് WMC സ്വിസ് പ്രൊവിൻസിന്റെ സ്നേഹാദരങ്ങൾ. ജൂലൈ 31ന് ഔദ്യോഗിക കലാവധി പൂർത്തിയാക്കി മടങ്ങുന്ന അംബാസഡർ സിബി ജോർജ്ജിന് WMC ഭാരവാഹികൾ സന്ദർശിച്ചു യാത്രാമംഗളങ്ങളും സ്നേഹോപഹാരവും നൽകുകയുണ്ടായി.

ഊർജ്ജസ്വലതയോടെ എപ്പോഴും പ്രവർത്തിച്ച ഈ പാലാക്കാരൻ ഏവരുടെയും പ്രശംസ പിടിച്ചുപറ്റുകയും സ്വിസ് ഇന്ത്യൻ സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന മലയാളികൾക്ക് അഭിമാനത്തോടെ തങ്ങളുടെ എല്ലാ പ്രോഗ്രാമിലും മുഖ്യാതിഥിയായി അദ്ദേഹത്തെ പങ്കെടുപ്പിക്കുവാനും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും സ്നേഹ സൗഹൃദ സാന്നിധ്യം അനുഭവിച്ചറിയാനും സാധിക്കുകയുണ്ടായി.
വിപ്ലവകരമായ മാറ്റങ്ങളാണ് തന്റെ കാലയളവിൽ ഇന്ത്യൻ എംബസി വഴി അദ്ദേഹം നടപ്പിൽ വരുത്തിയത്. സൂറിച്ചിൽ ആരംഭിച്ച കോൺസുലാർ സർവീസ് എടുത്തു പറയത്തക്ക നേട്ടങ്ങളിലൊന്നാണ്. ഇന്ത്യയുടെ മാത്രം പൈതൃകമായ ആയുർവേദവും യോഗയും സ്വിറ്റ്സർലൻഡിൽ പ്രചരിപ്പിക്കുന്നതിനായി നടത്തിയ വിവിധ പ്രോഗ്രാമുകൾ സ്വിസ് സമൂഹത്തിൽ ഏറെ സ്വാധീനം സൃഷ്ടിക്കുകയുണ്ടായി.


ഇന്ത്യയും സ്വിറ്റ്‌സർലണ്ടും സഹൃദകരാർ ഒപ്പു വെച്ചതിന്റെ 70 വർഷ ആഘോഷങ്ങൾ കഥകളി ഉൾപ്പെടെ വൈവിധ്യങ്ങളായ കലാസാംസ്കാരിക പരിപാടികൾ സ്വിറ്റ്സർലൻഡിനു ഒരു നവ്യാനുഭവമായി മാറി. സ്വിസ് സാമ്പത്തിക വ്യവസായ സംരംഭകർ ഏറ്റവും കൂടുതൽ ഇന്ത്യയിൽ മുതൽമുടക്കിയതും ഇദ്ദേഹത്തിന്റെ കാലയളവിലായിരുന്നു. സാമ്പത്തികരംഗം ഏറ്റവും മോശമായ ഈ കൊറോണ കാലയളവിൽ ക്രെഡിറ്റ്‌ സ്വിസ് ബാങ്ക് 5 ബില്യൺ സ്വിസ് ഫ്രാങ്ക് ഈയടുത്ത ദിവസം ഇന്ത്യയിൽ നിക്ഷേപിക്കുവാൻ തീരുമാനമെടുത്തത് എടുത്തു പറയത്തക്ക നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രപിതാവു മഹാത്‌മാ ഗാന്ധിയുടെ 150 ആം ജന്മ വാർഷികാഘോഷവും ഇന്ത്യൻ പ്രസിഡന്റ്ന്റെ സ്വിറ്റ്സർലൻഡ് സന്ദർശനവും ഏറ്റവും ഗംഭീരമാക്കിയ പ്പോൾ സ്വിസ് സമൂഹത്തിനുമുന്നിൽ ഇന്ത്യ എന്ന മഹാരാജ്യത്തെ പറ്റിയുള്ള കാഴ്ചപ്പാട് മാറ്റി എഴുതപെടുകയായിരുന്നു. ഇക്കഴിഞ്ഞ മൂന്നു വർഷ ഈ കാലയളവിൽ ഇന്ത്യൻ എംബസിയുടെ ഏതെങ്കിലും ഒരു പ്രോഗ്രാം ഇല്ലാത്ത ദിവസങ്ങൾ ചുരുക്കമായിരുന്നു എന്ന് പറയുന്നതിൽ അതിശയോക്തിയില്ല.


നേട്ടങ്ങളുടെ പട്ടിക ഇവിടെ അവസാനിക്കുന്നില്ല. മലയാളികളുടെ പ്രഥമ പൗരനായ ശ്രീ കെ ആർ നാരായണനെ പോലെ ഇനിയും ഉയരങ്ങൾ കീഴടക്കി അംബാസഡർ സിബി ജോർജ് ഇന്ത്യക്കാർക്ക് ഏവർക്കും അഭിമാനമായി മാറട്ടെ എന്നാശംസിക്കുന്നു. വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് അംഗങ്ങൾക്ക് അദ്ദേഹം എല്ലാവിധ ആശംസകളും അറിയിക്കുകയുണ്ടായി.