Football Sports

ബെർണബ്യൂവില്‍ തീപാറും, റയല്‍-പിഎസ്‌ജി ഫുട്ബോള്‍ യുദ്ധം ഇന്ന്; സിറ്റിക്കും അങ്കം

സാന്‍റിയാഗോ ബെർണബ്യൂ: യുവേഫ ചാമ്പ്യൻസ് ലീഗില്‍ (UEFA Champions League) ഇന്ന് വമ്പൻ പോരാട്ടം. പിഎസ്‌ജി ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് റയൽ മാഡ്രിഡിനെ (Real Madrid vs PSG) നേരിടും. മാഞ്ചസ്റ്റർ സിറ്റിക്ക് സ്പോർട്ടിംഗാണ് (Man City vs Sporting) എതിരാളികൾ. രാത്രി ഒന്നരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക.

കിലിയൻ എംബാപ്പേയുടെ ഒറ്റ ഗോളിന്‍റെ കടവുമായാണ് രണ്ടാംപാദ പ്രീക്വാർട്ടറിൽ റയൽ മാഡ്രിഡ് സ്വന്തം കാണികൾക്ക് മുന്നിലിറങ്ങുന്നത്. കളി തീരാൻ സെക്കൻഡുകൾ ശേഷിക്കേയായിരുന്നു ആദ്യപാദത്തിൽ പിഎസ്‌ജിയുടെ ഗോൾ. സാന്‍റിയാഗോ ബെർണബ്യൂവിൽ സമനില നേടിയാലും പിഎസ്‌ജിക്ക് ക്വാർട്ടർ ഫൈനലുറപ്പാക്കാം. പരിശീലനത്തിനിടെ എംബാപ്പേയ്ക്ക് പരിക്കേറ്റതാണ് പാരീസ് ക്ലബിന്‍റെ ആശങ്ക. 

ബാഴ്സലോണ വിട്ടതിന് ശേഷം ലിയോണൽ മെസി ആദ്യമായി റയൽ മൈതാനത്തിറങ്ങുന്ന പോരാട്ടം കൂടിയാണിത്. പരിക്കിൽ നിന്ന് മുക്തനാവാത്ത സെർജിയോ റാമോസ് റയലിനെതിരെ കളിക്കില്ല. സസ്പെൻഷനിലായ കാസിമിറോയുടെ അഭാവമായിരിക്കും റയൽ നേരിടുന്ന പ്രധാന പ്രതിസന്ധി. ഫെഡെ വെൽവെർദേയും ടോണി ക്രൂസും പരിക്കിന്‍റെ പിടിയിലാണ്. സ്വന്തം തട്ടകത്തിൽ റയൽ അഭിമാനം വീണ്ടെടുക്കുമെന്ന കോച്ച് കാർലോ ആഞ്ചലോട്ടിയുടെ വാക്കുകളിലാണ് ആരാധകരുടെ പ്രതീക്ഷ. ഇരു ടീമും ഏറ്റുമുട്ടുന്ന എട്ടാമത്തെ മത്സരമാണിത്. റയൽ മൂന്നിലും പിഎസ്‌ജി രണ്ടിലും ജയിച്ചു. രണ്ട് മത്സരം സമനിലയിൽ അവസാനിച്ചു.

സ്പോർട്ടിംഗിന്റെ മൈതാനത്ത് അഞ്ച് ഗോൾ നേടിയ പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടർ ഉറപ്പിച്ചുകഴിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് എത്തുന്ന സിറ്റി ഇത്തിഹാദിൽ എത്രതവണ സ്പോർട്ടിന്‍റെ വലയിൽ പന്തെത്തിക്കും എന്നേ അറിയാനുള്ളൂ.