Rohit Sharma rohit-sharma-bagged-new-record-on-century Sports

ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ; ക്യാപ്റ്റനായി മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം

ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ. ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ രോഹിത് ശർമ്മ നേടിയ സെഞ്ച്വറി തകർത്തത് ഒരു പിടിയോളം റെക്കോർഡുകൾ. ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ താരത്തിന്റെ ആദ്യത്തെ സെഞ്ച്വറിയാണ് ഇന്ന് നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ പിറന്നത്. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത ശേഷം നേടുന്ന ആദ്യ സെഞ്ച്വറി കൂടിയാണിത്. തന്റെ ടെസ്റ്റ് കരിയറിലെ ഒൻപതാമത് സെഞ്ച്വറിയാണ് താരം ഇന്ന് 170 പന്തുകളിൽ നേടിയത്.

ഈ സെഞ്ചുറിയോടുകൂടി ടെസ്റ്റ്, ഏകദിനം, ട്വന്റി ട്വന്റി തുടങ്ങിയ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി രോഹിത് ശർമ്മ മാറി. ഇന്നത്തെ പ്രകടനത്തോടെ കുറെ കാലമായി ഫോം മങ്ങിയതിനെ തുടർന്ന് വിമർശനങ്ങൾക്കു കൃത്യമായ ഒരു മറുപടി നൽകുകയായിരുന്നു രോഹിത് ചെയ്തത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ക്രിക്കറ്റ് ലോകക്കപ്പിന് തിരശീല ഉയരാൻ ഏഴ് മാസം മാത്രം ബാക്കി നിൽക്കെ ഫോമിലേക്കുള്ള താരത്തിന്റെ തിരിച്ചു വരവ് ഇന്ത്യക്ക് മുതൽക്കൂട്ട് ആയിരിക്കും.

നാല് ഓവറുകൾക്കിടയിൽ അശ്വിനെയും പുജാരയെയും ഇന്ത്യക്ക് നഷ്ടപ്പെട്ടെങ്കിലും ടീമിന്റെ റൺ നിരക്ക് മുന്നോട്ട് കൊണ്ടുപോയത് രോഹിത് ആയിരുന്നു. കോഹ്‌ലിയും സൂര്യകുമാർ യാദവും മൈതാനത്ത് നിലയുറപ്പിക്കാൻ സാധിക്കുന്നതിന് മുന്നേ മടങ്ങി. തുടർന്ന് രവീന്ദ്ര ജഡേജ നൽകിയ പിന്തുണയിലാണ് രോഹിത്തിന്റെ മുന്നേറ്റം. 80 ആം ഓവറിൽ നാലാം പന്തിൽ പാറ്റ് കമ്മിൻസിന്റെ പന്തിൽ രോഹിതിന്റെ വിക്കറ്റ് നഷ്ടപ്പെടുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 229 റണ്ണുകൾ നേടിയിട്ടുണ്ട്.