Cricket Sports

“ലങ്കയിൽ വന്നാൽ കല്ലെടുത്തെറിയും”; ഷാക്കിബിന് മുന്നറിയിപ്പുമായി എയ്ഞ്ചലോ മാത്യൂസിന്റെ സഹോദരൻ

ഏകദിന ലോകകപ്പ് മത്സരത്തിനിടെ ശ്രീലങ്കൻ വെറ്ററൻ ഓൾറൗണ്ടർ എയ്ഞ്ചലോ മാത്യൂസിനെ ബംഗ്ലാദേശ് ടൈം ഔട്ടിലൂടെ പുറത്താക്കിയത് വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. മത്സരശേഷം ഷാക്കിബിനെയും ബംഗ്ലാദേശ് ടീമിനെയും രൂക്ഷമായി വിമർശിച്ച് മാത്യൂസ് തന്നെ രംഗത്തെത്തി. ക്രിക്കറ്റ് നിയമങ്ങൾക്ക് അനുസരിച്ചാണ് താൻ കളിച്ചതെന്നാണ് ഷാക്കിബ് പറയുന്നത്. എന്തായാലും ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ഷാക്കിബിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് എയ്ഞ്ചലോ മാത്യൂസിന്റെ സഹോദരൻ ട്രെവിൻ മാത്യൂസ്. ഷാക്കിബ് ശ്രീലങ്കയിൽ കളിക്കാനെത്തിയാൽ അത്ര നല്ല സ്വീകരണമായിരിക്കില്ല ലഭിക്കുകയെന്നാണ് ട്രെവിസ് പറയുന്നത്. ‘ഞങ്ങൾ വളരെ നിരാശരാണ്. ബംഗ്ലാദേശ് ക്യാപ്റ്റന് സ്പോർട്സ് സ്പിരിറ്റില്ല. മാന്യൻമാരുടെ കളിയിൽ അൽപ്പംപോലും മനുഷ്യത്വം കാണിച്ചില്ല. ബംഗ്ലാദേശ് നായകനിൽ നിന്ന് ഇതൊരിക്കലും പ്രതീ‍‍ക്ഷിച്ചില്ല’-ട്രെവിസ് പറഞ്ഞു.

‘ഷാക്കിബിനെ ശ്രീലങ്കയിലേക്ക് സ്വാഗതം ചെയ്യില്ല. രാജ്യാന്തര മത്സരങ്ങളോ എൽപിഎൽ മത്സരങ്ങളോ കളിക്കാൻ വേണ്ടി ഇവിടെ വന്നാൽ കല്ലെടുത്തെറിയും. അതുമല്ലെങ്കിൽ ആരാധകരുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരും’-ട്രെവിസ് BDCricTime-നോട് പറഞ്ഞു. ശ്രീലങ്കന്‍ ഇന്നിംഗ്സിന്റെ 25-ാം ഓവറിലാണ് ഏറെ വിവാദമായ എയ്ഞ്ചലോ മാത്യൂസിൻ്റെ പുറത്താകല്‍ സംഭവിച്ചത്. ഓവറിലെ രണ്ടാം പന്തില്‍ സദീര സമരവിക്രമ പുറത്തായതോടെയാണ് മാത്യൂസ് ക്രീസിലേക്ക് എത്തിയത്.

എന്നാല്‍ ഹെല്‍മറ്റിലെ സ്ട്രാപ്പിന്‍റെ പ്രശ്നത്തെ തുടര്‍ന്ന് താരത്തിന് നിശ്ചിത സമയത്തിനുള്ളില്‍ ബാറ്റ് ചെയ്യാന്‍ തയ്യാറാവാന്‍ കഴിയാതെ വന്നു. ഉപയോഗിക്കാന്‍ സാധിക്കാത്ത ഹെല്‍മറ്റിന് പകരം മറ്റൊന്ന് കൊണ്ടുവരാന്‍ മാത്യൂസ് ഡഗൗട്ടിലേക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇതെത്താനും വൈകുകയായിരുന്നു. രണ്ടു മിനിറ്റ് കഴിഞ്ഞിട്ടും മാത്യൂസ് ബാറ്റിങ്ങിന് തയാറാകാതെ വന്നതോടെ ബംഗ്ലാദേശിന്‍റെ അപ്പീൽ അമ്പയർ അംഗീകരിക്കുകയായിരുന്നു.

തുടർന്ന് ഷാക്കിബിനോടടക്കം മാത്യൂസ് കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ബംഗ്ലാദേശ് നായകൻ അപ്പീൽ പിൻവലിക്കാൻ തയാറായില്ല. ഷാക്കിബിൽ നിന്നുണ്ടായത് മോശം അനുഭവമാണെന്ന് മത്സരശേഷം മാത്യൂസ് തുടന്നാടിച്ചു. ബംഗ്ലാദേശ് ഈ തരത്തിലാണ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ, ഗുരുതരമായ എന്തോ കുഴപ്പമുണ്ട്. നാണക്കേടാണിത്. എനിക്ക് ഷാക്കിബിനോട് വലിയ ബഹുമാനം തോന്നിയിരുന്നു, പക്ഷേ അവൻ തന്നെ എല്ലാം ഇല്ലാതാക്കിയെന്നും മാത്യൂസ് വിമർശിച്ചിച്ചു.