Sports

വിദേശ ലീഗുകളിൽ കളിക്കുന്നത് താരങ്ങൾക്ക് ഗുണം ചെയ്യും, പക്ഷേ രഞ്ജി ട്രോഫി തകരും: രാഹുൽ ദ്രാവിഡ്

വിദേശ ലീഗുകളിൽ കളിക്കുന്നത് ഇന്ത്യൻ താരങ്ങൾക്ക് ഗുണം ചെയ്യുമെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ബിസിസിഐ ആണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ദ്രാവിഡ് പ്രതികരിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ദ്രാവിഡിൻ്റെ അഭിപ്രായ പ്രകടനം.

“ഒരുപാട് താരങ്ങൾക്ക് ഇത്തരം വിദേശ ലീഗുകളിൽ കളിക്കാനുള്ള അവസരം നഷ്ടമാവുന്നുണ്ട്. അതൊരു വലിയ പ്രതിസന്ധിയാണ്. ബിസിസിഐ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. പക്ഷേ, ഈ ലീഗുകൾ പലതും നടക്കുന്നത് നമ്മുടെ ആഭ്യന്തര സീസണിനിടയിലാണ്. ആ സമയത്ത് ഇന്ത്യൻ താരങ്ങൾ ഈ ലീഗിൽ കളിച്ചാൽ നമ്മുടെ രഞ്ജി ട്രോഫി അവസാനിക്കും. അതായത്, ടെസ്റ്റ് ക്രിക്കറ്റ് അവസാനിക്കും.”- ദ്രാവിഡ് പ്രതികരിച്ചു.

സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് തകർപ്പൻ ജയം നേടിയിരുന്നു. വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്സ് ഹെയിൽസ് (47 പന്തിൽ 4 ബൗണ്ടറിയും 7 സിക്സറും സഹിതം 86) ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ലറും ( 49 പന്തിൽ 9 ബൗണ്ടറിയും 3 സിക്സറും സഹിതം 80) തിളങ്ങി.