Football Sports

ക്രിസ്റ്റ്യാനോയുടെ പൂര്‍ണ്ണതയല്ല, മെസിയുടെ മാജിക്കിനോടാണ് ഇഷ്ടമെന്ന് ക്ലോപ്

യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമ്പൂര്‍ണ്ണ കളിക്കാരനെന്ന വിശേഷണത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന താരമാണെന്നാണ് യുര്‍ഗന്‍ ക്ലോപ് പറയുന്നത്…

കഴിഞ്ഞ പതിറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ താരതമ്യം ചെയ്യപ്പെട്ടിട്ടുളള ഫുട്‌ബോള്‍ താരങ്ങളാണ് മെസിയും റൊണാള്‍ഡോയും. ഇരുവരുടേയും വലിയ പ്രതിഭയും ചെറിയ ദൗര്‍ബല്യങ്ങളും പലപ്പോഴും ആരാധകരില്‍ തീരാ തര്‍ക്കങ്ങള്‍ക്കിടയാക്കാറുമുണ്ട്. ഇപ്പോഴിതാ പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ലിവര്‍പൂളിന്റെ പരിശീലകന്‍ ക്ലോപ് തന്നെ ഇവരില്‍ ആരുടെ കളിയാണ് കൂടുതലിഷ്ടമെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.

യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമ്പൂര്‍ണ്ണ കളിക്കാരനെന്ന വിശേഷണത്തോട് ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന താരമാണെന്നാണ് യുര്‍ഗന്‍ ക്ലോപ് പറയുന്നത്. അതേസമയം കളിയിലെ മാന്ത്രികസ്പര്‍ശമാണ് റൊണാള്‍ഡോയേക്കാള്‍ മെസിയെ പ്രിയങ്കരനാക്കുന്നതെന്നും ക്ലോപ് കൂട്ടിച്ചേര്‍ക്കുന്നു. യുട്യൂബ് ചാനലായ ഫ്രികിക്കേഴ്‌സിനോടായിരുന്നു ക്ലോപിന്റെ വെളിപ്പെടുത്തല്‍.

എന്തുകൊണ്ടാണ് മെസിയെ തെരഞ്ഞെടുത്തതെന്ന് വിശദീകരിക്കുന്നുമുണ്ട് ക്ലോപ്. ഞങ്ങള്‍ ഇരു താരങ്ങള്‍ക്കുമെതിരെ കളിച്ചിട്ടുണ്ട്. ഇരുവരേയും കളിക്കളത്തില്‍ തടയുക ഏതാണ്ട് അസംഭവ്യമാണ്. എന്നാല്‍ ജന്മനാ ശാരീരികമായി പരിമിതികളുള്ള താരമാണ് മെസി. നേരെ മറിച്ചാണ് റൊണാള്‍ഡോയെന്നും ക്ലോപ് പറയുന്നു.

‘ഏറ്റവും സമ്പൂര്‍ണ്ണനായ കളിക്കാരനെന്ന ചിന്ത വരുമ്പോള്‍ ആദ്യം മനസിലെത്തുക റൊണാള്‍ഡോയുടെ രൂപമാണ്. പൂര്‍ണ്ണനായ കളിക്കാരന് റൊണാള്‍ഡോയുടെ ഉയരവും ചാടാനുള്ള ശേഷിയും വേഗവുമൊക്കെയുണ്ടാകും. കളിയോടുള്ള റൊണാള്‍ഡോയുടെ പ്രൊഫഷണല്‍ സമീപനവും അദ്ദേഹത്തെ ഏതാണ്ട് സമ്പൂര്‍ണ്ണ ഫുട്‌ബോള്‍ താരമാക്കുന്നു’

നേരെ മറിച്ചാണ് മെസിയുടെ കാര്യത്തില്‍. ഇതെല്ലാം ഇത്ര എളുപ്പമാണോ എന്ന് തോന്നിപ്പിക്കും മെസിയുടെ കളി കണ്ടാല്‍. ആ അനായാസതയാണ് തന്നെ കൂടുതല്‍ മെസിയിലേക്ക് അടുപ്പിക്കുന്നതെന്നും ക്ലോപ് പറയുന്നു. പക്ഷേ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗംഭീരകളിക്കാരനാണെന്നതില്‍ ഒരു സംശയവും വേണ്ടെന്നും ക്ലോപ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.